ദുബൈ| യു എ ഇയിലെ പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത സഹായിയായ “മിറ’ അവതരിപ്പിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പുതിയ സർക്കാർ സേവന മാതൃക പ്രഖ്യാപിച്ചത്. എമിറേറ്റ്സ് ഐഡി പുതുക്കൽ, പാസ്പോർട്ട് സേവനങ്ങൾ, താമസ വിസയുടെ കാലാവധി പരിശോധിക്കൽ, നവജാത ശിശുക്കളുടെ തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇനി സ്വാഭാവിക ഭാഷയിൽ സംസാരിച്ചുകൊണ്ട് പൂർത്തിയാക്കാൻ മിറ സഹായിക്കും.കുടുംബാംഗങ്ങളുടെ പാസ്പോർട്ട് കാലാവധി കഴിയുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകാനും ആവശ്യമായ പുതുക്കൽ നടപടികൾക്ക് സഹായിക്കാനും സംവിധാനത്തിന് കഴിയും. കുട്ടികളുടെ സ്കൂൾ ഹാജർ, പരീക്ഷാഫലം, പഠനനിലവാരം, അധ്യാപകരുമായുള്ള കൂടിക്കാഴ്ച എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും രക്ഷിതാക്കൾക്ക് ലഭ്യമാക്കും.ജീവനക്കാരുടെ തൊഴിൽ പെർമിറ്റുകളുടെ കാലാവധി, കരാർ പുതുക്കൽ, പുതിയ നിയമനങ്ങൾ, ശമ്പള-ആനുകൂല്യ മാറ്റങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ബിസിനസ് ഉടമകൾക്കും മിറയുടെ സേവനം പ്രയോജനപ്പെടും. ആരോഗ്യ സേവനങ്ങളിൽ പരിശോധനാഫലങ്ങൾ അറിയാനും ഡോക്ടറുടെ അപ്പോയിന്റ്മെന്റ്ബുക്ക് ചെയ്യാനും സമയം മാറ്റാനും കഴിയും. സർക്കാർ കൈവശമുള്ള അംഗീകൃത വിവരങ്ങൾ സുരക്ഷിതമായി ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഒരൊറ്റ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.2027 മാർച്ചിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന മിറയിൽ ആദ്യഘട്ടത്തിൽ താമസം, തിരിച്ചറിയൽ, പാസ്പോർട്ട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രധാന സേവനങ്ങളുണ്ടാകും. 2027 അവസാനത്തോടെ എല്ലാ സർക്കാർ സേവനങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.’Content Highlights: The UAE has unveiled Mira, an AI personal assistant announced by Sheikh Mohammed bin Rashid Al Maktoum to simplify government services. Launching in March 2027, it will handle visas, Emirates IDs, health, education, and business tasks before expanding to all services by late 2027. It aims to deliver unified access through natural conversation.