ടോക്കിയോ/മുംബൈ | എൻവിഡിയ മേധാവിയായി ജെൻസൻ ഹുവാങ് തിരിച്ചെത്തിയതോടെ ആഗോള സാങ്കേതിക വിപണിയിലെ ആശങ്കകൾ അകലുന്നു. യുഎസ് വിപണിയിൽ എൻവിഡിയ ഓഹരികൾ കുതിച്ചുയർന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളിൽ വൻ മുന്നേറ്റം. യുഎസ് വിപണിയിലുണ്ടായ ചരിത്രപരമായ കുതിപ്പിന്റെ ചുവടുപിടിച്ച് ചൊവ്വാഴ്ച ഏഷ്യൻ ഓഹരി വിപണികളും ശക്തമായ തിരിച്ചുവരവ് നടത്തി.തിങ്കളാഴ്ച യുഎസ് വിപണിയിൽ എൻവിഡിയയുടെ ഓഹരികൾ 31.5 ശതമാനമാണ് കുതിച്ചുയർന്നത്. കഴിഞ്ഞ 23 വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും വലിയ പ്രതിദിന മുന്നേറ്റമാണിത്. ഇതോടെ എൻവിഡിയയുടെ വിപണി മൂല്യത്തിൽ ഏകദേശം ഒരു ട്രില്യൺ ഡോളർ ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തി. പ്രമുഖ സാങ്കേതിക കമ്പനികൾ ഉൾപ്പെടുന്ന നാസ്ഡാക് സൂചിക ആറ് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധിയായതിനാൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇന്ന് വ്യാപാരം നടന്നിരുന്നില്ല ,ഏഷ്യൻ വിപണികളിലുണ്ടായ വൻ കുതിപ്പിന്റെ പ്രതിഫലനം ബുധനാഴ്ച ഇന്ത്യൻ വിപണി തുറക്കുമ്പോഴായിരിക്കും ദൃശ്യമാകുക. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവ് നേരിട്ടെങ്കിലും, വിവരസാങ്കേതിക വിദ്യാ (ഐ.ടി) മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.യുഎസ് വിപണിയിലെ ആവേശം ചൊവ്വാഴ്ച ഏഷ്യൻ വിപണികളിലും പ്രകടമായി. എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് തായ്വാൻ ഓഹരികൾ ഒമ്പത് ശതമാനം ഉയർന്നു. എൻവിഡിയയുടെ പ്രധാന ചിപ്പ് നിർമ്മാതാക്കളായ ടി എസ്എം സി, ഫോക്സ്കോൺ എന്നിവയുടെ ഓഹരികൾ ഏകദേശം 10 ശതമാനം വീതം നേട്ടമുണ്ടാക്കി. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക ഏഴ് ശതമാനത്തിലധികം കുതിച്ചുയർന്നു. വിദേശ നിക്ഷേപകർ സാംസങ്, എസ്.കെ ഹൈനിക്സ് ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് കരുത്തായത്. അവധിക്ക് ശേഷം വ്യാപാരം പുനരാരംഭിച്ച ജപ്പാനിലെ നിക്കി സൂചിക അഞ്ച് ശതമാനം വരെ ഉയർന്നു. എന്നാൽ, യുഎസ് ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്ക കാരണം ചൈനീസ് വിപണിയിൽ വലിയ മുന്നേറ്റമുണ്ടായില്ല. ചൈനീസ് സൂചിക 0.4 ശതമാനം ഉയർന്നപ്പോൾ ഹോങ്കോംഗ് വിപണി 0.5 ശതമാനം ഇടിഞ്ഞു.ഓഹരി വിപണിയിലെ തിരിച്ചുവരവ് യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ കുറച്ചതോടെ, ഡിസംബറിലെ യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വർദ്ധിച്ചു. ഇതോടെ യുഎസ് കടപ്പത്ര ആദായവും ഡോളറും ശക്തിപ്പെട്ടു. അതേസമയം, പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം വർദ്ധിച്ചതോടെ അസംസ്കൃത എണ്ണ വില ബാരലിന് 88.80 ഡോളറായി കുറഞ്ഞു. സ്വർണ്ണവില ഔൺസിന് 3,630.81 ഡോളറിൽ മാറ്റമില്ലാതെ തുടർന്നുഹുവാങ്ങിന്റെ തിരിച്ചുവരവ് നിർമ്മിത ബുദ്ധി വിപണിയിലെ നേതൃത്വപരമായ അനിശ്ചിതത്വം നീക്കിയെങ്കിലും, ഈ മേഖലയിലെ ഭീമമായ നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കുമോ എന്നതിലും ഉയർന്ന ഓഹരി മൂല്യത്തിലും ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് വിപണി വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഈ മുന്നേറ്റം ദീർഘകാലം നിലനിൽക്കുമോ എന്ന് നിക്ഷേപകർ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.Content Highlights: Nvidia surged 31.5 percent after Jensen Huang returned, adding nearly one trillion dollars in market value and lifting Nasdaq. Asian markets including Taiwan, Kospi, and Nikkei rallied sharply while crude oil fell to 88.80 dollars. Analysts remain cautious over AI valuations and rate hike bets.