മുഖ്യമന്ത്രി ദേവലോകം അരമന സന്ദര്‍ശിച്ചു; ആഴത്തില്‍ മുറിവേറ്റെന്ന് ആവര്‍ത്തിച്ച് നേതൃത്വം

Wait 5 sec.

കോട്ടയം  |  മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേവലോകം അരമനയില്‍ എത്തി. സഭയ്ക്ക് ആഴത്തില്‍ മുറിവേറ്റെന്നും നീതി നിഷേധിക്കപ്പെട്ടു എന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ  മുഖ്യമന്ത്രി കോട്ടയം ദേവലോകം അരമനയിലെത്തി സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. .വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയിലും,സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ബാവായ്‌ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം, ആട്ടിന്‍കുന്ന് പള്ളി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മണര്‍കാട്, കോതമംഗലം പള്ളികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കമ്മീഷന്‍ നിര്‍ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നും അതിന് വ്യക്തമായ രേഖകള്‍ സഭയുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായും സഭാ നേതൃത്വം ആരോപിച്ചു. നിയമോപദേശത്തിനു പിന്നിലെ രാഷ്ട്രീയ സ്വാധീനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.മലങ്കര സഭയ്ക്കുണ്ടായ മാനസിക മുറിവ് ഉണങ്ങാതെയും നീതി നിഷേധത്തിന് പരിഹാരം കാണാതെയും അനുരഞ്ജന നീക്കങ്ങളുമായി മുന്നോട്ടുപോകാനാകില്ല. കാതോലിക്കാ ബാവയ്ക്ക് തുല്യപദവി വഹിക്കുന്ന വ്യക്തിയുമായി മാത്രമേ ഇനി ചര്‍ച്ചയ്ക്ക് താല്‍പര്യപ്പെടുന്നുള്ളൂവെന്നും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ലെന്നും ഫാ. തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.നേരത്തെ ചര്‍ച്ചകള്‍ നടന്നുവെന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ വാദത്തിനും അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. മലങ്കര സഭയുടെ വേദന മുഖ്യമന്ത്രിയെ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്നും നിയമത്തിന്റെ വഴിവിട്ടുള്ള ഒരു നടപടിക്കും സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. നിയമോപദേശവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന സഭയുടെ ആരോപണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബിജു ഉമ്മന്‍ പറഞ്ഞു.സഭയുടെ ബന്ധപ്പെട്ട സമിതികളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും സഭാ നേതൃത്വം അറിയിച്ചുContent Highlights: The Chief Minister visited Devalokam in Kottayam and met Catholicos Baselios Marthoma Mathews III and church leaders amid ongoing church disputes. Church representatives said the community feels deeply wounded and alleged political motives behind legal advice on church issues. The Chief Minister assured legal protection and a probe into alleged misrepresentation.