ദുബൈ-ഷാര്‍ജ യാത്രാസമയം 15 മിനുട്ടില്‍ നിന്ന് മൂന്നായി കുറയ്ക്കും

Wait 5 sec.

ദുബൈ | ദുബൈക്കും ഷാര്‍ജക്കുമിടയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന റോഡ് വികസന പദ്ധതിയുമായി യു എ ഇ ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം. അല്‍ ഇത്തിഹാദ് റോഡിലെ അല്‍ നഹ്ദ ജംഗ്ഷന്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട് പുതിയ പാലങ്ങളും 4.5 കിലോമീറ്റര്‍ സര്‍വീസ് റോഡുകളും നിര്‍മിക്കും. നാല് കിലോമീറ്റര്‍ നീളത്തിലായിരിക്കും പുതിയ പാലങ്ങള്‍.പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ ഉള്‍പ്പെടെ ദുബൈ-ഷാര്‍ജ യാത്ര കൂടുതല്‍ സുഗമമാക്കാനും നിലവില്‍ 15 മിനുട്ട് വരെ വേണ്ടിവരുന്ന പ്രധാന പാതകളിലെ യാത്രാസമയം മൂന്ന് മിനുട്ടായി കുറയ്ക്കാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗതാഗത സമയത്തില്‍ ഏകദേശം 79 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.വാഹനശേഷിയില്‍ വന്‍ വര്‍ധനഅല്‍ ഇത്തിഹാദ് റോഡിന്റെ പ്രതിദിന വാഹനശേഷി നിലവിലെ ഒരു ലക്ഷത്തില്‍നിന്ന് 1.9 ലക്ഷമായി ഉയരും. 90 ശതമാനത്തിന്റെ വര്‍ധനയാണിത്. അല്‍ നഹ്ദ ജങ്ഷന്റെ ശേഷി പ്രതിദിനം 1.88 ലക്ഷത്തില്‍ നിന്ന് 3.10 ലക്ഷം വാഹനങ്ങളായി ഉയര്‍ത്താനും പദ്ധതിയിലൂടെ സാധിക്കും. ഏകദേശം 65 ശതമാനം വര്‍ധനയാണിത്.ദുബൈയിലും ഷാര്‍ജയിലും താമസിച്ച് ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്പെടും. യാത്രാസമയം കുറയുന്നതിനു പുറമെ ഇന്ധനച്ചെലവ്, വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ്, ഗതാഗതക്കുരുക്കു മൂലമുള്ള സമയനഷ്ടം എന്നിവ കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.ആദ്യഘട്ട ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുഅല്‍ ഇത്തിഹാദ് റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇപ്പോള്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 2026 നവംബര്‍ 19-ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഉയര്‍ന്ന വാഹനത്തിരക്കുള്ള ഹൈവേ പദ്ധതികള്‍ നടപ്പാക്കിയ പരിചയവും സാങ്കേതിക ശേഷിയുമുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം. 2027 ജനുവരി അഞ്ചാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ ഇത് ടെന്‍ഡര്‍ ഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാകുന്ന തീയതിയോ ഗതാഗത നിയന്ത്രണങ്ങളുടെ സമയക്രമമോ സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദുബൈ-ഷാര്‍ജ യാത്രക്കാരുടെ ദീര്‍ഘകാലത്തെ പ്രധാന ഗതാഗതപ്രശ്നങ്ങളിലൊന്നിന് പരിഹാരം കാണാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി യു എ ഇയിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിലെ നിര്‍ണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.Content Highlights: The UAE has outlined a major upgrade for Al Ittihad Road and the Al Nahda intersection featuring eight new bridges. Commute times on key stretches are projected to drop from 15 minutes to three minutes. The project aims to boost road capacity and ease congestion between Dubai and Sharjah.