സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കോസ്മിക് സാംസൺ' തിയറ്ററുകളിലേക്ക്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന കോസ്മിക് സാംസൺ ഫാന്റസി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'മിന്നൽ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. 'മിന്നൽ മുരളി' ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേനേടിയ സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രം കൂടിയാണിത്.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ- ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ദീപക് ഡി. മേനോനും, എഡിറ്റിങ് ചമൻ ചാക്കോയും, സംഗീതം സിബി മാത്യു അലക്സും നിർവഹിക്കുന്നു.