സിംഗപ്പൂര്‍/ദോഹ/മനാമ | പശ്ചിമേഷ്യയിലെ സംഘര്‍ഷ ആശങ്കകളേക്കാള്‍ വിപണിയില്‍ എണ്ണ അധികമാകുമെന്ന വിലയിരുത്തലുകള്‍ക്ക് മുന്‍തൂക്കം ലഭിച്ചതോടെ ബുധനാഴ്ച ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഒരു ശതമാനത്തിലധികം കുറഞ്ഞു. ചൊവ്വാഴ്ച രണ്ട് ശതമാനത്തിലധികം വില ഉയര്‍ന്നതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.35 ഡോളര്‍ കുറഞ്ഞ് 90.05 ഡോളറായും, അമേരിക്കന്‍ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 1.35 ഡോളര്‍ ഇടിഞ്ഞ് 80.70 ഡോളറായും താഴ്ന്നു.പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിപണിയില്‍ എണ്ണ അധികമാകുമെന്ന വിലയിരുത്തലുകളാണ് വിലയിടിവിന് പ്രധാന കാരണം. നവംബര്‍ 29-ന് ചേരുന്ന ഒപെക് പ്ലസ് യോഗത്തില്‍ 2027-ലെ ഉത്പാദന നയം തീരുമാനിക്കും. യു എ ഇക്ക് ഉത്പാദന നിയന്ത്രണങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ വിഹിതം വേണമെന്ന ഇറാഖിന്റെ ആവശ്യവും വിപണിയില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം, ലിബിയയിലെ ഷരാര എണ്ണ പൈപ്പ്ലൈന് വീണ്ടും പ്രവര്‍ത്തനക്ഷമമായതും അമേരിക്കന്‍ എണ്ണ ശേഖരത്തില്‍ 1,26,000 ബാരലിന്റെ വര്‍ധനയുണ്ടായതും വിതരണം സുഗമമാകുമെന്ന സൂചനയാണ് നല്‍കുന്നത്.ഹോര്‍മുസ് കടലിടുക്കിന് സമീപം കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സഊദി അറേബ്യയും ഹൂത്തികളും തമ്മിലുള്ള സംഘര്‍ഷങ്ങളും എണ്ണവില ഇനിയും കുറയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച ഒരു കണ്ടെയ്നര്‍ കപ്പലിന് നേരെ ആക്രമണമുണ്ടായതായി ഇറാനും തിങ്കളാഴ്ച മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യു കെ മാരിടൈം ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.നിക്ഷേപകരുടെ പണമൊഴുക്കും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും വരും ദിവസങ്ങളില്‍ എണ്ണവിലയെ വീണ്ടും സ്വാധീനിച്ചേക്കാം. എങ്കിലും, നിലവിലെ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണ ലഭ്യത കൂടുന്നത് വിലക്കയറ്റത്തിന് വലിയൊരളവില്‍ തടയിടുന്നുണ്ട്.Content Highlights: Crude oil prices fell to three-month lows as expectations of rising global supply and inventory builds outweighed ongoing Middle East tensions. Energy agencies and analysts point to potential market surpluses ahead of the upcoming OPEC+ meeting. Shipping risks and export constraints in the region remain key factors traders are watching.