ബെംഗളുരു | കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ 55-കാരിയായ അമ്മ ഉറങ്ങിക്കിടന്ന മകനെ മൂര്‍ച്ചയുള്ള മരത്തടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. മറ്റൊരു ജാതിയില്‍പ്പെട്ട വിവാഹിതയായ സ്ത്രീയെ മകന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. തുമകുരു താലൂക്കിലെ ജക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് 33-കാരനായ മുത്തുരാജിനെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.മുത്തുരാജിന്റെ തലയിലും മുഖത്തും പരുക്കേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ്, അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ശിവമ്മ കുറ്റസമ്മതം നടത്തിയത്. പ്രതി ശിവമ്മ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തനിക്ക് താല്പര്യമില്ലാത്തയാളെ മകന് കല്യാണം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് ശിവമ്മ മൊഴി നല്‍കിയതായാണ് അറിയുന്നത് നവംബര്‍ 22-ന് രാത്രി വീടിന് പുറത്ത് പായയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തുരാജിനെ ശിവമ്മ ആക്രമിക്കുകയായിരുന്നു.മുത്തുരാജും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന സ്ത്രീയും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരോട് ആ സ്ത്രീയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, വിവാഹക്കാര്യത്തെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുകളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് മുത്തുരാജ് ജക്കനഹള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഏകദേശം രണ്ട് മാസമായി ബെംഗളൂരുവിലെ ഒരു ഫാക്ടറിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. സാധാരണയായി രണ്ടോ മൂന്നോ മാസം വീടുവിട്ടു നിന്ന ശേഷമാണ് ഇയാള്‍ കുറച്ചു ദിവസത്തേക്ക് വീട്ടില്‍ വരാറുള്ളത്. അതിനാല്‍ ഏത് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നോ ജോലിയുടെ സ്വഭാവം എന്താണെന്നോ കുടുംബാംഗങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത പോലീസ് ചൊവ്വാഴ്ച ശിവമ്മയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.Content Highlights: A 55-year-old mother in Jakkanahalli, Tumakuru allegedly beat her sleeping 33-year-old son Muthuraj to death over his plan to marry a married woman from another caste. Police arrested Shivamma after CCTV review and questioning revealed her confession. Further investigation into the case is underway.