രണ്ടുവർഷത്തെ പ്രവാസജീവിതത്തിനുശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇതിനായി നവംബർ 23ന് പാസ്പോർട്ടിനും ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ചെയ്യുന്നതിനുമായി അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹസീന തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ മുന്നറിയിപ്പ്.ഹസീനയുടെ തിരിച്ചുവരവിന് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി ഷാമ ഒബയ്ദ് ഇസ്ലാം വ്യക്തമാക്കി. മറ്റൊരു സഹമന്ത്രിയായ ഹുമയൂൺ കോബിറും കടുത്ത നിലപാടാണ് സ്വീകരിച്ചത്. സാധാരണ യാത്രക്കാരിയായി രാജ്യത്തേക്ക് മടങ്ങാൻ ഹസീനയ്ക്ക് കഴിയില്ലെന്നും കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമനടപടികളിലൂടെ മാത്രമേ തിരിച്ചെത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.2024ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച സംവരണവിരുദ്ധ പ്രക്ഷോഭം ശക്തമായ സർക്കാർവിരുദ്ധ സമരമായി മാറിയതോടെയാണ് ഹസീനയ്ക്ക് അധികാരം നഷ്ടമായത്. തുടർന്ന് രാജ്യംവിട്ട അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.അവാമി ലീഗിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കുള്ള സാഹചര്യത്തിൽ ഹസീനയുടെ തിരിച്ചുവരവ് രാജ്യത്ത് പുതിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. മടങ്ങിവരാനുള്ള കൃത്യമായ തീയതിയും യാത്രാമാർഗവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹസീനയുടെ നീക്കം ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിലും നിർണായകമായേക്കും.The post ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് സർക്കാർ appeared first on ഇവാർത്ത | Evartha.