കുട്ടികള്‍ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ സ്വത്തുവസ്തുക്കളോ അല്ല: കസ്റ്റഡി തര്‍ക്കത്തില്‍ സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | കുട്ടികള്‍ മാതാപിതാക്കളുടെ വെറും സ്വത്തുവസ്തുക്കളോ കളിപ്പാട്ടങ്ങളോ അല്ലെന്ന് സുപ്രീം കോടതി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളേക്കാള്‍ പ്രധാനം കുട്ടികളുടെ ക്ഷേമത്തിനാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ അവകാശം പിതാവിനാണ് ലഭിക്കേണ്ടതെന്ന നിയമം സാര്‍വത്രികമായി ബാധകമല്ലെന്നും അത് അപവാദങ്ങള്‍ക്ക് വിധേയമാണെന്നും ചൂണ്ടിക്കാട്ടി, രണ്ട് ആണ്‍മക്കളുടെ കസ്റ്റഡി പിതാവിന് നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപാരേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പിതാവ് കുട്ടികളെ സംരക്ഷിക്കാന്‍ യോഗ്യനാണെങ്കില്‍പ്പോലും, കസ്റ്റഡി കാര്യങ്ങളില്‍ പരമപ്രധാനം കുട്ടികളുടെ ക്ഷേമമാണെന്ന് കോടതി നിരീക്ഷിച്ചു. ജനനം മുതല്‍ കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിഞ്ഞുവരുന്നതെന്ന വസ്തുതയും കോടതി പരിഗണിച്ചു. 2009ല്‍ വിവാഹിതരായ ദമ്പതികള്‍ 2014ല്‍ വേര്‍പിരിഞ്ഞു. ക്രൂരത ആരോപിച്ച് ഭര്‍ത്താവ് വിവാഹമോചനം നേടി. 2018ല്‍ മധുരൈ ഫാമിലി കോടതി കുട്ടികളുടെ കസ്റ്റഡി പിതാവിന് അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. ഈ ഉത്തരവ് പിന്നീട് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചു. തുടര്‍ന്ന് അമ്മ സുപ്രീം കോടതിയെ സമീപിക്കുകയും ഉത്തരവിന് സ്റ്റേ വാങ്ങുകയുമായിരുന്നു.കേസിന്റെ വാദത്തിനിടെ, നിലവില്‍ 16ഉം 14ഉം വയസ്സുള്ള കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ കോടതി ചേമ്പറില്‍ നേരില്‍ വിളിച്ച് സംസാരിച്ചു. അമ്മയോടും അമ്മയുടെ മാതാപിതാക്കളോടും ഒപ്പം താമസിക്കാനാണ് തങ്ങള്‍ക്ക് താല്പര്യമെന്നും പിതാവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുട്ടികള്‍ കോടതിയെ അറിയിച്ചു. വിവേചനബുദ്ധിയോടെ അഭിപ്രായം പറയാന്‍ പ്രായമായ കുട്ടികളുടെ താല്പര്യം ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്‌സ് ആക്ട് പ്രകാരം പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. കുട്ടികളെ അവരുടെ ഇപ്പോഴത്തെ സുരക്ഷിതമായ അന്തരീക്ഷത്തില്‍നിന്ന് മാറ്റുന്നത് അവരുടെ മാനസിക ശാരീരിക വളര്‍ച്ചയെയോ വിദ്യാഭ്യാസത്തെയോ ബാധിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.കുട്ടികള്‍ക്ക് പിതാവിന്റെ സ്‌നേഹവും വാത്സല്യവും നിഷേധിക്കപ്പെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ മാസത്തെയും രണ്ടാമത്തെ ശനി, ഞായര്‍ ദിവസങ്ങളില്‍ മധുരൈ ഗാന്ധി മ്യൂസിയത്തില്‍ വെച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പിതാവിന് കുട്ടികളെ കാണാന്‍ അനുമതിയുണ്ട്. കൂടാതെ പൊങ്കല്‍, അര്‍ദ്ധവാര്‍ഷിക അവധിക്കാലങ്ങളിലും പിതാവിന് മുന്‍കൂട്ടി അറിയിച്ച് കുട്ടികളെ സന്ദര്‍ശിക്കാം. കുട്ടികളുടെ ഭാവി വിദ്യാഭ്യാസച്ചെലവുകളില്‍ അമ്മ ആവശ്യപ്പെടുന്ന പക്ഷം പിതാവ് പങ്കുചേരണമെന്നും കോടതി ഉത്തരവിട്ടു.Content Highlights: The Supreme Court ruled that children are not chattel or toys, prioritizing child welfare over parental rights in custody disputes. Overturning a Madras High Court order, the bench granted custody of two teenage boys to their mother based on their preference. The court also granted the father periodic visitation rights and directed him to share future educational expenses.