പാക്കറ്റ് ഭക്ഷണങ്ങളില്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി; കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടിയാല്‍ പ്രത്യേക ചിഹ്നം നല്‍കണം

Wait 5 sec.

ന്യൂഡല്‍ഹി | കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് ഉയര്‍ന്ന തോതിലുള്ള പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് മുന്നില്‍ പ്രത്യേക ചിത്രസഹിതമുള്ള മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ കോടതി നല്‍കി.ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ത്രീ എസ് ആന്‍ഡ് അവര്‍ ഹെല്‍ത്ത് സൊസൈറ്റി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയ്ക്ക് വെവ്വേറെ ഷഡ്ഭുജ ലേബലുകള്‍ നല്‍കുന്നതിനോടൊപ്പം ഓരോന്നിനും അനുയോജ്യമായ ചിത്രീകരണവും ഹൈ സാള്‍ട്, ഹൈ ഷുഗര്‍, ഹൈ ഫാറ്റ് എന്നീ മുന്നറിയിപ്പ് വാചകങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. എല്ലാം ഒരൊറ്റ ലേബലില്‍ ആവരുത്. ചേര്‍ത്ത പഞ്ചസാരയും ചേര്‍ത്ത കൊഴുപ്പും മാത്രം കണക്കാക്കുന്നതിന് പകരം, ഭക്ഷണത്തിലെ ആകെ പഞ്ചസാരയും പൂരിത കൊഴുപ്പും പരിഗണിച്ച് പരിധി നിശ്ചയിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ് എസ് എസ് എ ഐ) കോടതി നിര്‍ദേശിച്ചു.പാക്കറ്റിന്റെ പ്രധാന പ്രദര്‍ശന പ്രതലത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ വലിപ്പം ഓരോ ഷഡ്ഭുജ ലേബലിനും ഉണ്ടായിരിക്കണം. ഉപഭോക്താക്കള്‍ക്ക് സാധാരണ വാങ്ങല്‍ വേളയില്‍ വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തിലുള്ള ഫോണ്ട് വലിപ്പത്തിലായിരിക്കണം അക്ഷരങ്ങള്‍ നല്‍കേണ്ടത്. കുട്ടികളില്‍ പ്രായോഗിക പോഷകാഹാര അവബോധം വളര്‍ത്തുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ശില്‍പ്പശാലകളും സഹപാഠ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ചട്ടങ്ങളുടെ കരട് സംബന്ധിച്ച പുരോഗതി അറിയിക്കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനുമായി കേസ് പത്ത് ആഴ്ചകള്‍ക്ക് ശേഷം സുപ്രീം കോടതി വീണ്ടും പരിഗണിക്കുംContent Highlights: The Supreme Court directed the Centre and FSSAI to mandate separate hexagonal front-of-pack warning labels for packaged foods high in fat, sugar, and salt. The bench ordered limits based on total sugar and saturated fat, requiring clear icons covering 4 to 5 percent of the front display. The court also instructed the government to integrate practical nutrition awareness into school curricula.