ന്യൂഡല്‍ഹി | സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകരെപ്പോലെ തുല്യമായ നിയമപരിരക്ഷ ലഭിച്ചേക്കില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ കേരള യൂണിയന് ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്സ് (കെ യു ഡബ്ല്യു ജെ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയാണ് ഈ പരാമര്‍ശം നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് തടഞ്ഞുവെച്ചതും ബലംപ്രയോഗിച്ച് നീക്കിയതുമാണ് ഹര്‍ജിക്ക് ആധാരം. കെ യു ഡബ്ല്യു ജെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി വി ദിനേശും മറ്റ് അഭിഭാഷകരും ഹാജരായി. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പരിരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.ആരാണ് മാധ്യമപ്രവര്ത്തകന് എന്ന നിര്‍വചനത്തില്‍ വരുന്നത്?, പ്രൊഫഷണല്‍ അക്രെഡിറ്റേഷനോ അല്ലെങ്കില്‍ മാധ്യമ സ്ഥാപനങ്ങളുമായുള്ള ബന്ധമോ ആണോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സംരക്ഷണം നിശ്ചയിക്കേണ്ടത്?, പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ക്രമസമാധാനപാലന ഏജന്‍സികള്‍ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ ഉണ്ടോ?, സമരസ്ഥലത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കുന്നത് കസ്റ്റഡിയിലെടുക്കലായി കണക്കാക്കാമോ, ഇതിന്റെ ഭരണഘടനാപരമായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ നിരവധി നിര്‍ണായക ചോദ്യങ്ങള്‍ വാദത്തിനിടെ കോടതി മുന്നോട്ടുവെച്ചു. ഏഴ് മാധ്യമപ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന കെ യു ഡബ്ല്യു ജെയുടെ ഹര്‍ജി, വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാതെ കോടതി നേരത്തെ നിയോഗിച്ച അന്വേഷണ സമിതിയുടെ പരിഗണനയ്ക്ക് വിട്ട് ബെഞ്ച് തീര്‍പ്പാക്കി.സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍, ഉള്ളടക്ക നിര്‍മ്മാതാക്കള്‍ (കണ്ടന്റ് ക്രിയേറ്റര്‍മാര്‍), റീല്‍സ് ഉണ്ടാക്കുന്നവര്‍ എന്നിവര്‍ക്ക് അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ലഭിക്കില്ലെന്ന് ഡല്‍ഹി പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ മുന്‍ നിര്‍ദ്ദേശം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ബാധകമല്ലെന്നാണ് പോലീസിന്റെ നിലപാട്. മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്നും പോലീസ് വാദിച്ചു. കെ യു ഡബ്ല്യു ജെക്ക് പുറമെ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ, ഫ്രീ സ്പീച്ച് കളക്ടീവ്, ഡല്‍ഹി യൂണിയന് ഓഫ് ജേണലിസ്റ്റ്സ് എന്നിവരും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.Content Highlights: The Supreme Court observed that self-proclaimed journalists may not receive the same legal protection as accredited journalists while hearing pleas over Delhi Police actions during protests. A bench led by Chief Justice Surya Kant raised key questions on defining a journalist and press rights during protests. The court referred KUWJ’s plea to an inquiry committee while Delhi Police maintained content creators lack accredited media protection.