മരുഭൂമിയിലെ ഹരിതവിപ്ലവം: സഊദിയില്‍ ഈന്തപ്പഴ ഉത്പാദനത്തില്‍ 7.6 ശതമാനം വളര്‍ച്ച

Wait 5 sec.

റിയാദ് | 2025ല്‍ സഊദി അറേബ്യയുടെ കാര്‍ഷിക മേഖലയില്‍ പ്രധാന വിളകളിലും അന്താരാഷ്ട്ര വ്യാപാരത്തിലും ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കാര്‍ഷിക സ്ഥിതിവിവരക്കണക്ക് 2025 റിപോര്‍ട്ട് പ്രകാരം, രാജ്യത്തെ മൊത്തം ഈന്തപ്പഴ ഉത്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 20 ലക്ഷം ടണ്‍ പിന്നിട്ടു.രാജ്യത്തെ ആകെ ഈന്തപ്പനകളുടെ എണ്ണം 3.79 കോടിയിലെത്തി. ഇതില്‍ 3.47 കോടി മരങ്ങള്‍ ഫലം നല്‍കുന്നവയാണ്. 1.11 കോടി മരങ്ങളില്‍ നിന്നായി (1.02 കോടി ഫലം നല്‍കുന്ന മരങ്ങള്‍) 6,54,800 ടണ്‍ ഉത്പാദനവുമായി ‘ഖലാസ്’ ഇനം ഈന്തപ്പഴമാണ് ഉത്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.സഊദി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത വര്‍ധിച്ചതോടെ മൊത്തം കാര്‍ഷിക കയറ്റുമതി 21.5 ശതമാനം ഉയര്‍ന്ന് 6,14,000 ടണ്ണിലെത്തി. പച്ചക്കറി ഉത്പാദനം 5.5 ശതമാനം വര്‍ധിച്ച് ഏകദേശം 29 ലക്ഷം ടണ്ണിലെത്തി. ഉരുളക്കിഴങ്ങ് (6,53,000 ടണ്‍), തണ്ണിമത്തന്‍ (6,33,000 ടണ്‍) എന്നിവയാണ് ഉത്പാദന വര്‍ധനവില്‍ നിര്‍ണായകമായത്. ഹരിതഗൃഹ കൃഷിയിലൂടെയുള്ള പച്ചക്കറി ഉത്പാദനം 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഏകദേശം 8,28,000 ടണ്ണിലെത്തി. തക്കാളി (3,43,400 ടണ്‍), വെള്ളരിക്ക (2,40,900 ടണ്‍) എന്നിവയാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്.ഈന്തപ്പനകള്‍ ഒഴികെയുള്ള സ്ഥിരവൃക്ഷങ്ങളുടെ എണ്ണം 4.48 കോടിയിലെത്തി. ഇവയുടെ മൊത്തം ഉത്പാദനം 2024-നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധിച്ച് 10 ലക്ഷം ടണ്‍ പിന്നിട്ടു. 2.21 കോടി മരങ്ങളും 3,61,000 ടണ്‍ ഉത്പാദനവുമായി ഒലിവ് മരങ്ങളാണ് ഇതില്‍ ഏറ്റവും വലിയ വിഹിതം വഹിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ 2025-ലെ കാര്‍ഷിക സര്‍വേക്ക് പുറമെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, കാര്‍ഷിക വികസന നിധി, സഊദി സെന്‍ട്രല്‍ ബേങ്ക് എന്നിവയുടെ ഔദ്യോഗിക വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.Content Highlights: Saudi Arabia recorded a 7.6% rise in date production, surpassing two million tons. The growth reflects expanding palm cultivation and agricultural modernization in the kingdom. Broader Gulf farm output and food security efforts continue to draw attention.