കണ്ണൂര്‍ | പയ്യന്നൂരിലെ സി പി എം പ്രവര്ത്തകന് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. 20 ബി ജെ പി-ആര് എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.വിധി സി പി എമ്മിനും ബി ജെ പിക്കും നിര്‍ണായകമാണ്. 2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല നടന്നത്. വഴിയരികില്‍ മറഞ്ഞിരുന്ന ആര് എസ് എസ്-ബി ജെ പി പ്രവര്‍ത്തകരായ പ്രതികള്‍ സി വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയ ധനരാജിനെ പിന്തുടര്ന്ന് വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി.അമ്മയുടെയും ഭാര്യയുടെയും കണ്മുന്നില് വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടു. അവശേഷിക്കുന്ന 19 പ്രതികളാണ് വിചാരണ നേരിട്ടത്. രാമന്തളിയിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, കെ വി പ്രജിത്ത് ലാല്‍, കെ അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര് രാജേഷ്, മനിയേരി തമ്പാന്, രമേശന്, എ പി നിജേഷ്, ലിജിന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപ്, പത്താം പ്രതി മനൂപ് എന്നവരും ഒമ്പതാം പ്രതി പി രാജേഷ് കുമാര്‍, 18ാം പ്രതി രമേശന് എന്നിവരും സഹോദരങ്ങളാണ്. 43 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സാക്ഷിപ്പട്ടികയിലെ മൂന്ന് പേര് വിചാരണക്ക് കോടതിയിലെത്തിയില്ല. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.കക്കന്‍പാറ മുത്തപ്പന് ക്ഷേത്രത്തിനടുത്തുള്ള പാറയിലും കൊല നടന്ന ദിവസം ആര് എസ് എസ് പ്രവര്ത്തകന് കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലും വെച്ച് ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത് എന്നാണ് പ്രോസിക്യൂഷന് വാദം. ഗൂഢാലോചനയിലാണ് തിരുവനന്തപുരത്തെ ആര് എസ് എസ് നേതാവ് എസ് ആര് രാജേഷ് പങ്കെടുത്തതെന്ന് പ്രോസിക്യൂഷന് വാദിക്കുന്നു.ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ സി പി എമ്മുകാര്‍ ബി ജെ പി പ്രവര്ത്തകന് സികെ രാമചന്ദ്രനെ കൊലപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. 127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയിട്ടുണ്ട്.ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം പയ്യന്നൂരിലെ സി പി എമ്മില്‍ വലിയ വിവാദമായിരുന്നു. ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരസ്യമായി ആരോപണം ഉന്നയിച്ച സി പി എം നേതാവ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ഇദ്ദേഹം യു ഡി എഫ് സഹായത്തോടെ മത്സരിച്ച് എം എല്‍ എ ആവുകയും ചെയ്തു. 60 വര്‍ഷത്തിലേറെയായി സി പി എം പരാജയപ്പെടാത്ത മണ്ഡലത്തില്‍ സിറ്റിങ്ങ് എം എല്‍ എ ടി ഐ മധുസൂദനനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. രക്തസാക്ഷി ഫണ്ട് തിരിമറിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നിര്‍ണായകമായിത്തീരുന്നത്.Content Highlights: The Taliparamba additional sessions court will pronounce its verdict today in the 2016 murder of CPM worker CV Dhanaraj in Payyannur. Nineteen accused faced trial ten years after the killing, while one accused died later. The verdict comes amid political tensions and a martyrdom fund row in Payyannur.