തിരുപ്പരങ്കുണ്‍ട്രത്തെ വിവാദ വിളക്കുതെളിക്കല്‍ ചടങ്ങ് പഴയപടി നടത്തിയ വിജയ് സര്‍ക്കാറിന്റെ തീരുമാനം മറ്റൊരു അയോധ്യ സൃഷ്ടിക്കാനുള്ള വര്‍ഗീയ ശക്തികള്‍ക്കുള്ള തിരിച്ചടിയായി. ഹിന്ദുത്വവാദികള്‍ തിരുപ്പരങ്കുണ്‍ട്രത്തെ വിശേഷിപ്പിക്കുന്നത് ദക്ഷിണേന്ത്യയിലെ അയോധ്യ എന്നാണ്. കല്‍ത്തൂണില്‍ ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവിന് വിരുദ്ധമാണ് വിജയ് സര്‍ക്കാറിന്റെ നടപടിയെന്നും കോടതി അലക്ഷ്യമാണെന്നും ചിലര്‍ ആരോപിക്കുകയാണ്. ഇതുസംബന്ധിച്ച് മധുര കലക്ടര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദീര്‍ഘകാലമായി പാരമ്പര്യമായി പിന്തുടരുന്ന ആചാരമാണ് തങ്ങള്‍ നടപ്പാക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡും വിശദീകരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയവര്‍ മസ്ജിദ് പൊളിക്കുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയവര്‍ ഇപ്പോള്‍ കോടതി അലക്ഷ്യത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ല കാര്യമാണ്.ബാബരി മസ്ജിദ് പൊളിച്ചതിന്റെ രണ്ടാം വാര്‍ഷികം, അതായത് 1994ലെ കാര്‍ത്തിക ദിനത്തില്‍, തമിഴ്‌നാട് മധുരയിലെ തിരുപ്പരങ്കുണ്‍ട്രം കുന്നിന്റെ അടിവാരത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനും ഭൂമിപൂജ നടത്തുന്നതിനുമായി ഒരു സംഘം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചെന്നു. സുബ്രഹ്മണ്യ ക്ഷേത്രവും സിക്കന്തര്‍ ബാദുഷ ദര്‍ഗയും പള്ളിയും സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു അടിവാരം. പള്ളിയും ദര്‍ഗയും സ്ഥിതി ചെയ്യുന്ന വഖ്ഫ് ഭൂമിയെയും ക്ഷേത്രഭൂമിയെയും വേര്‍തിരിക്കുന്ന സര്‍വേക്കല്ലുകളിലൊന്നില്‍ ദീപം തെളിയിക്കാനാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചെന്നത്. എന്നാല്‍, അന്നത്തെ ജയലളിത സര്‍ക്കാറിന്റെ പോലീസ് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ തൂക്കി. കോടതിയില്‍ കേസായി. സര്‍വേക്കല്ലില്‍ ദീപം കൊളുത്തണമെന്ന ഹിന്ദു മുന്നണിയുടെ ആവശ്യം കോടതി തള്ളി. പരമ്പരാഗതമായി നടത്താറുള്ള സ്ഥലത്ത് മാത്രമേ ദീപം തെളിയിക്കാവൂ എന്നും മാറ്റം ആവശ്യമാണെങ്കില്‍ തമിഴ്‌നാട് ഹിന്ദു മത എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ അനുമതി തേടണമെന്നും അത്തരം മാറ്റം ദര്‍ഗയുടെ സംരക്ഷണത്തിനും നടത്തിപ്പിനും തടസ്സം സൃഷ്ടിക്കരുതെന്നും കോടതി പ്രസ്താവിക്കുകയുണ്ടായി.2014ല്‍ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഹിന്ദു മുന്നണിയുടെ ആവശ്യം കോടതി നിരസിച്ചു. എന്നാല്‍, ഹിന്ദു മുന്നണിയില്‍നിന്ന് വേര്‍പിരിഞ്ഞ ഹിന്ദു മക്കള്‍ കക്ഷിയുടെ ജനറല്‍ സെക്രട്ടറി റാം രവികുമാര്‍ പഴയ അവകാശവാദങ്ങള്‍ക്കൊപ്പം സര്‍വേക്കല്ലിന് ‘വിളക്കുസ്തംഭം’ എന്ന പേര് നല്‍കി അവിടെ വിളക്ക് കത്തിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ 2025 നവംബര്‍ 17ന് കേസ് ഫയല്‍ ചെയ്തു. ഹരജിക്കാരന്‍ പുതിയ തെളിവുകളൊന്നും ഹാജരാക്കിയില്ലെങ്കിലും കോടതി നടപടികള്‍ അതിവേഗം ചലിച്ചു. നവംബര്‍ 17നും 21നും ഇടയില്‍ മൂന്ന് ഹരജികള്‍ കൂടി ഫയല്‍ ചെയ്തു. 21ന് വാദം കേള്‍ക്കുകയും ഡിസംബര്‍ ഒന്നിന് ഹരജിക്കാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. എതിര്‍കക്ഷിയായ ദര്‍ഗ കമ്മിറ്റി കോടതി നടപടികള്‍ അറിഞ്ഞതുമില്ല. സാധാരണ എതിര്‍കക്ഷികള്‍ക്ക് വാദം ഉന്നയിക്കാന്‍ നാലാഴ്ച സമയം നല്‍കുക പതിവാണ്. അതിവിടെ ഉണ്ടായില്ല. വിധി പറഞ്ഞ ജഡ്ജി അഭിഭാഷകരുടെ സാന്നിധ്യമില്ലാതെ തനിച്ച് വിവാദ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി വിധിക്ക് ശേഷം കഴിഞ്ഞ ഡിസംബറിലെ കാര്‍ത്തിക ദിനത്തില്‍ വിവാദ സ്ഥലത്ത് വിളക്ക് തെളിയിക്കാന്‍ അന്നത്തെ ഡി എം കെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.ചെന്നൈ ഹൈക്കോടതിയുടെ മധുര സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ചും പിന്നീട് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും കടുത്ത ഉപാധികളോടെ വിവാദ സ്ഥലത്ത് ഒരിക്കല്‍ മാത്രം ദീപം തെളിയിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരമ്പരാഗത രീതി തുടരണമെന്നും നിര്‍ദേശിച്ചു. ഇത്തവണ വിളക്ക് തെളിയിക്കുമ്പോള്‍ ക്ഷേത്ര ജീവനക്കാരും സര്‍ക്കാര്‍ നിയമിക്കപ്പെടുന്നവരും അല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കുകയുണ്ടായി. കുന്നിന്‍ പ്രദേശത്തെ പതിവ് ആരാധനകള്‍ക്കും സിക്കന്തര്‍ ബാദുഷ ദര്‍ഗ, പള്ളി എന്നിവിടങ്ങളിലെ ആരാധനകള്‍ക്ക് തടസ്സമില്ലെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും വിധിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെ ജീവിച്ചുപോരുന്ന പ്രദേശത്താണ് സിക്കന്തര്‍ ബാദുഷ ദര്‍ഗയും സുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മധുര സുല്‍ത്താനേറ്റിലെ അവസാനത്തെ സുല്‍ത്താനായ സിക്കന്തര്‍ ബാദുഷയുടെ പേരിലുള്ളതാണ് ദര്‍ഗ. പതിമൂന്നാം നൂറ്റാണ്ടില്‍ ശത്രുവുമായുള്ള യുദ്ധത്തില്‍ ശഹീദായ സിക്കന്തര്‍ ബാദുഷയുടെ പേരില്‍ ദര്‍ഗ പണിതത് പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിലാണ്. സ്ഥലം തമിഴ് മുസ്ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. ഹിജ്റ വര്‍ഷം റജബ് 17ന് ഇവിടെ നടത്തപ്പെടുന്ന ഉറൂസ് വിവിധ മതസ്ഥരുടെ സംഗമച്ചടങ്ങാണ്. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ദര്‍ഗയുടെയും സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെയും സ്ഥലങ്ങള്‍ വേര്‍തിരിച്ച് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ സര്‍വേക്കല്ലിനേക്കാള്‍ ഉയരം കൂടിയതും പ്രത്യേക രീതിയില്‍ തയ്യാറാക്കിയതുമാണ് ഇവിടെ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍. തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാറിന്റെ സര്‍വേ വകുപ്പും സംസ്ഥാന പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ ഇവ സര്‍വേക്കല്ലുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 484 സര്‍വേക്കല്ലുകള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, പുതുതായി വിധി പറഞ്ഞ കോടതികള്‍ ഈ തെളിവുകള്‍ പരിശോധിച്ചില്ലെന്നുവേണം കരുതാന്‍.