ആണും പെണ്ണുമല്ലാത്ത മനുഷ്യനോ?

Wait 5 sec.

സാമൂഹിക മാധ്യമങ്ങളിലും സാംസ്‌കാരിക മണ്ഡലങ്ങളിലും ഈയിടെയായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലിംഗ സ്വത്വവുമായി ബന്ധപ്പെട്ട പുതിയ ആഖ്യാനങ്ങള്‍. ആണും പെണ്ണുമെന്ന ദ്വന്ദ്വങ്ങള്‍ക്കപ്പുറം, ബൈനറിയുടെ പരിധിയില്‍ പെടാത്ത ഒരാളായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന നേഹ ബോറയുടെ പ്രസ്താവന ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. സവിശേഷമായ സാമൂഹിക വീക്ഷണം വെച്ചുപുലര്‍ത്തുന്ന ഇസ്ലാം ഇത്തരം വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്ന് പരിശോധിക്കുന്നത് പ്രസക്തമാണ്. പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യന്റെ ലിംഗപരമായ അസ്തിത്വത്തെ പൂര്‍ണമായും ജീവശാസ്ത്രപരവും ദൈവികവുമായ ഒന്നായാണ് ഇസ്ലാം വിലയിരുത്തുന്നത്. അത് ആണ്‍, പെണ്‍ എന്നിങ്ങനെ രണ്ടെണ്ണത്തില്‍ പരിമിതമാണ് എന്നും ഇസ്ലാം നിലപാടെടുക്കുന്നു. ഇസ്ലാമിക ദര്‍ശനപ്രകാരം മനുഷ്യന്റെ ലിംഗം എന്നത് സാമൂഹികമായി നിര്‍മിക്കപ്പെടുന്ന ഒന്നല്ല, മറിച്ച് സ്രഷ്ടാവായ അല്ലാഹുവിന്റെ കൃത്യമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്.’ (സൂറത്തുല്‍ ഹുജുറാത്ത്: 13). മറ്റൊരു സൂക്തത്തില്‍ പറയുന്നു: ‘അവന്‍ തന്നെയാണ് ആണും പെണ്ണുമായ രണ്ട് ഇണകളെ സൃഷ്ടിച്ചതും.’ (സൂറത്തുന്നജ്മ്: 45-46). ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത് മനുഷ്യപ്രകൃതി അടിസ്ഥാനപരമായി പുരുഷന്‍, സ്ത്രീ എന്നീ രണ്ട് അസ്തിത്വങ്ങളില്‍ അധിഷ്ഠിതമാണ് എന്നാണ്. ഒരു വ്യക്തിയുടെ ജനനത്തോടെ ജീവശാസ്ത്രപരമായി ലഭിക്കുന്ന ലിംഗം തന്നെയാണ് അവരുടെ യഥാര്‍ഥ സ്വത്വം. ഇതിന് പുറമെയുള്ള ഒരു മൂന്നാം ലിംഗത്തെയോ ലിംഗമില്ലായ്മയെയോ ലിംഗങ്ങള്‍ക്കിടയില്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയെയോ സ്വാഭാവിക പ്രകൃതിയായി ഇസ്ലാം അംഗീകരിക്കുന്നില്ല.ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ‘ഖുന്‍സാ’ എന്ന പേരില്‍ ഒരു പ്രത്യേക അധ്യായം തന്നെയുണ്ട്. ജീവശാസ്ത്രപരമായി ആണോ പെണ്ണോ എന്ന് വ്യക്തമല്ലാത്തതോ അല്ലെങ്കില്‍ ഇരു അവയവങ്ങളും ഉള്ളതോ ആയ ഈ അവസ്ഥയെ ആണും പെണ്ണും അല്ലാത്തതായല്ല മറിച്ച് ഏതാണെന്ന് വ്യക്തമല്ലാത്ത അവസ്ഥയായാണ് ഇസ്ലാം കാണുന്നത്. ഇത് ശാരീരികമായ അപാകതകളോടെ ജനിക്കുന്നവരെക്കുറിച്ചുള്ള ചര്‍ച്ചയാണ്. അത്തരം അവസ്ഥകളില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കും ചികിത്സക്കും ഇസ്ലാം അനുമതി നല്‍കുന്നുണ്ട്.ശാരീരികമായ അവസ്ഥകളേക്കാള്‍ മാനസികമായ തോന്നലുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തങ്ങളുടെ ജൈവികമായ ലിംഗത്തെ നിരാകരിക്കുന്നതിനെ മതപരമായി സാധൂകരിക്കാന്‍ കഴിയില്ല. ദൈവികമായ സൃഷ്ടിപ്പില്‍ മനുഷ്യന്‍ അനാവശ്യമായി ഇടപെടുന്നതിനെയും മാറ്റങ്ങള്‍ വരുത്തുന്നതിനെയും ഇസ്ലാം കര്‍ശനമായി വിലക്കുന്നുണ്ട്. പിശാച് മനുഷ്യരെ വഴിപിഴപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആനിലെ വാചകങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു: ‘ഞാനവരെ പ്രേരിപ്പിക്കുകയും, അങ്ങനെ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ അവര്‍ മാറ്റം വരുത്തുകയും ചെയ്യും.’ (സൂറത്തുന്നിസാഅ്: 119)മാനസികമായ തോന്നലുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ ശസ്ത്രക്രിയകളിലൂടെയോ ഹോര്‍മോണ്‍ ചികിത്സകളിലൂടെയോ തന്റെ ലിംഗം മാറ്റാന്‍ ശ്രമിക്കുന്നത് ഈ വിലക്കപ്പെട്ട ‘സൃഷ്ടിപ്പിലെ മാറ്റം വരുത്തലിന്റെ’ പരിധിയിലാണ് വരിക എന്ന് ഇസ്ലാമിക പണ്ഡിതര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യുടെ വ്യക്തമായ ഹദീസുകള്‍ തന്നെ കാണാന്‍ കഴിയും. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ‘സ്ത്രീകളോട് സാമ്യപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാമ്യപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെയും അല്ലാഹുവിന്റെ റസൂല്‍(സ) ശപിച്ചിരിക്കുന്നു.’ (സ്വഹീഹുല്‍ ബുഖാരി). വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ പോലും എതിര്‍ലിംഗത്തെ അനുകരിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കെ, സ്വന്തം ലിംഗം തന്നെ മാറ്റാന്‍ ശ്രമിക്കുന്നത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.തനിക്ക് ലഭിച്ച ജീവശാസ്ത്രപരമായ അസ്തിത്വത്തെ സ്രഷ്ടാവിന്റെ തീരുമാനമായി കണ്ട് അതില്‍ തൃപ്തിയടയുകയും അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. വ്യക്തിപരമായ സ്വത്വപ്രതിസന്ധികള്‍ അനുഭവിക്കുന്നവരോട് മാനുഷികമായ സഹാനുഭൂതിയോടെ പെരുമാറുമ്പോള്‍ തന്നെ, ഇസ്ലാമിക പ്രമാണങ്ങളുടെയും ദൈവിക നീതിയുടെയും അടിസ്ഥാന തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മതപരമായ ലോകവീക്ഷണം അനുവദിക്കുന്നില്ല. അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ പൂര്‍ണതയെ അംഗീകരിക്കുകയും അതിന് കീഴൊതുങ്ങുകയുമാണ് യഥാര്‍ഥ സമാധാനത്തിലേക്കുള്ള വഴി എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.