കുട്ടികളും കൗമാരക്കാരും സാമൂഹിക മാധ്യമക്കെണിയില്‍ അകപ്പെട്ടുപോകുന്നതിന്റെ കെടുതി ഇന്ന് ഏറ്റവും രൂക്ഷമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അവരുടെ പഠനത്തിനും വിജ്ഞാനാന്വേഷണത്തിനും കണക്ടിവിറ്റിക്കുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്രദമാണെന്ന് സമ്മതിക്കുമ്പോഴും അതുവഴിയുണ്ടാകുന്ന സമയനഷ്ടവും അലസതയും തെറ്റായ അവബോധവും കുറ്റവാസനയുമെല്ലാം തട്ടിച്ചുനോക്കുമ്പോള്‍ ആ നന്മകള് തീര്‍ത്തും അപ്രസക്തമാണെന്ന് ബോധ്യപ്പെടും. ആസ്ത്രേലിയയടക്കം നിരവധി രാജ്യങ്ങള്‍ 16 വയസ്സിന് താഴെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം നിഷേധിക്കുകയാണ് ചെയ്യുന്നത്. നിരോധനമാണോ നിയന്ത്രണമാണോ വേണ്ടത്? നിയന്ത്രണമാണെങ്കില്‍ അതിന്റെ തോത് എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ ലോകത്താകെ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഏത് നിലപാടെടുക്കുമെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്.പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം അവരുടെ ഉപയോഗം നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോമുകളോട് നിഷ്കര്ഷിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. സ്കൂള്‍ സമയങ്ങളില്‍ സാമൂഹിക മാധ്യമ ഉപയോഗത്തിന് നിയന്ത്രണം, രാത്രി സമയത്തെ പ്രവേശന വിലക്ക്, പ്രത്യേക സമയങ്ങളില്‍ നോട്ടിഫിക്കേഷന്‍ വിലക്ക്, ദിവസേനയുള്ള സ്ക്രീന്‍ സമയം പരിമിതപ്പെടുത്തല്‍, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സൗകര്യം രക്ഷിതാക്കള്‍ക്ക് നല്‍കുക എന്നിവയാണ് പരിഗണനയിലുള്ളത്. അമേരിക്കയില്‍ മെറ്റ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുമായി സാമ്യമുള്ളതാണ് ഈ സമീപനം.കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് സമ്പൂര്‍ണ നിരോധനമേര്പ്പെടുത്തുന്നതിനേക്കാള് പ്രായോഗികവും കാലോചിതവുമാണ് ബഹുമുഖ നിയന്ത്രണ സംവിധാനങ്ങള്‍ ഡിജിറ്റല്‍ യുഗത്തില്‍ നിരോധനങ്ങളുടെ മതിലുകള്‍ കെട്ടുന്നതിനേക്കാള്‍, സുരക്ഷിതമായ ഡിജിറ്റല്‍ ഇടങ്ങള്‍ സൃഷ്ടിക്കുന്നതാണല്ലോ അഭികാമ്യം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം മുന്നോട്ടുവെക്കുന്ന ഈ സമീപനം ആഗോളതലത്തിലെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ളതാണ്. സമ്പൂര്‍ണ നിരോധനം പലപ്പോഴും വിപരീതഫലമാണുണ്ടാക്കുക. ആസ്ത്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കുട്ടികള്‍ വ്യാജ വിവരങ്ങള്‍ നല്കി പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നതും നിരീക്ഷണമില്ലാത്ത അപകടകരമായ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുന്നതുമാണ് അനുഭവം.പ്രായം തെളിയിക്കുന്നതിനായി കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത് കുട്ടികളുടെ സ്വകാര്യതക്കും ഡാറ്റാ സുരക്ഷക്കും വലിയ ഭീഷണിയാണ്. പ്രായം തെളിയിക്കാന്‍ കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളും മറ്റ് സ്വകാര്യ വിവരങ്ങളും വലിയ തോതില്‍ ശേഖരിക്കുന്ന കമ്പനികള്‍ അവ പിന്നീട് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍, കുട്ടികളുടെ അതിപ്രധാനമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. കൂടാതെ, ഈ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇവിടെയാണ് ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പ്രസക്തി. 18 വയസ്സിന് താഴെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് രക്ഷിതാക്കളുടെ വ്യക്തമായ അനുമതി നിര്‍ബന്ധമാക്കുന്ന ഈ നിയമം, അനാവശ്യ വിവരശേഖരണം തടയാനും ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കാനും സഹായിക്കും.കുട്ടികളുടെ ഇന്റര്‍നെറ്റ് അവകാശം സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. കുട്ടികളുള്‍പ്പെടെ ഓരോ വ്യക്തിക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനും അത് ഉപയോഗിക്കുന്നതിനുമുള്ള അവകാശം മൗലികമാണെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. സൈബറിടത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം തടയണമെന്ന 2024ലെ സുപ്രീം കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലായിരുന്നു ഈ നിരീക്ഷണം. ‘കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മില്‍ വൈരുധ്യമില്ല’ എന്നായിരുന്നു കോടതിയുടെ പക്ഷം.18 വയസ്സിന് താഴെയുള്ളവരുടെ ഇന്റര്‍നെറ്റ് സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതില്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കൊപ്പം രക്ഷിതാക്കളുടെ പങ്ക് അതീവ പ്രധാനമായിരിക്കും. നിയന്ത്രണത്തിനായി ആവിഷ്കരിക്കുന്ന ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലിനെ കുറിച്ച് അവരോട് തുറന്നു സംസാരിക്കാനും ഡിജിറ്റല്‍ സാക്ഷരത വളര്‍ത്താനും മാതാപിതാക്കള്‍ മുന്‍കൈയെടുക്കണം. നിയമങ്ങളുടെയും ആപ്പുകളുടെയും കാവലിനേക്കാള്‍ വലുതാണ് വീട്ടിലെ കരുതലും ആശയവിനിമയവും.സ്വയം നിയന്ത്രണത്തിന്റെ പേരില്‍ ടെക് കമ്പനികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികളെ സ്ക്രീനില്‍ തളച്ചിടുന്ന തരത്തിലുള്ള അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്താനും, അപകടകരവുമായ ഉള്ളടക്കങ്ങള്‍ തടയാനും കമ്പനികള്‍ തയ്യാറാകണം. സര്‍ക്കാറിന്റെ കൃത്യമായ മേല്‍നോട്ടവും ടെക് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതയും രക്ഷിതാക്കളുടെ ജാഗ്രതയും ഒത്തുചേര്‍ന്നാല്‍ മാത്രമേ നമ്മുടെ കൗമാരക്കാര്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ ഭാവി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. നിയന്ത്രണങ്ങള്‍ നിരോധനത്തിന് ശരിയായ ബദലാകുന്നത് അത് ഫലപ്രദമായി നടപ്പാകുമ്പോള്‍ മാത്രമാണെന്നോര്‍ക്കണം.