വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. നവംബർ 27ന് വൈകിട്ട് നാലിന് കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട് എത്തുന്നത് കേരളത്തിനാകെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യസംസ്കരണത്തിലും രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനമാണ് വയനാട് കാഴ്ചവെച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ മൂന്ന് മാസമായി വയനാടിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. വീടുകൾ, സർക്കാർ ഓഫീസുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ കെട്ടിക്കിടന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറാൻ കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ വകുപ്പുകൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ , വ്യാപാരികളുടെയും റസ്റ്റോറൻറ് ഉടമകളുടെയും ഉൾപ്പെടെ എല്ലാ മേഖലയിലുള്ള ആളുകളുടെയും കൂട്ടായ പരിശ്രമവും പങ്കാളിത്തവുമാണ് ഈ ദൗത്യത്തെ വിജയത്തിലെത്തിച്ചത്.കേവലം ഒരു മാലിന്യനിർമാർജന പ്രവർത്തനമല്ലെന്നും വയനാടിന്റെ മണ്ണും മലകളും കാടുകളും ജലസ്രോതസ്സുകളും ജൈവവൈവിധ്യവും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയ ഉത്തരവാദിത്തത്തിന്റെ ഭാഗമാണിതെന്നും മന്ത്രി സിദ്ദിഖ് പറഞ്ഞു. ഇ-മാലിന്യങ്ങളിലെ അപകടകരമായ രാസവസ്തുക്കൾ മണ്ണിലേക്കും ജലത്തിലേക്കും വ്യാപിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും കൃഷിക്കും പ്രകൃതിക്കും വലിയ ഭീഷണിയാണ്. ഇത്തരം മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കി ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ വയനാട് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.സംസ്ഥാന സർക്കാർ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച 'നിർമ്മലം' മാലിന്യമുക്ത കേരളം പദ്ധതിക്ക് കൂടുതൽ കരുത്തുപകരുന്നതാണ് വയനാടിന്റെ ഈ നേട്ടം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കിയാൽ വലിയ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നതിന്റെ തെളിവുകൂടിയാണിത്.സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടത്തിൽ വയനാടിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. അടുത്ത ഘട്ടത്തിൽ കാർബൺ ന്യൂട്രൽ വയനാട് എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ പ്രയാണത്തിന് കൂടി ഈ മാസം 27 ന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഒരു വികസന മാതൃക വയനാട്ടിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ഈ മാതൃക രാജ്യത്തെ മറ്റ് ജില്ലകൾക്കും പ്രചോദനമാകും.വയനാടിന്റെ ഈ നേട്ടം ഒരു ജില്ലയുടെ മാത്രം വിജയമല്ല. ജനപങ്കാളിത്തത്തിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാമെന്ന കേരളത്തിന്റെ പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.