ന്യൂഡല്‍ഹി| കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറിലെ കഫേയിലെ രാത്രി പാര്‍ട്ടിക്കിടെ 22കാരിക്ക് കൂട്ടബലാത്സംഗം നേരിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആറ് പേര് കേസില്‍ പ്രതികളാണ്. ഇതില്‍ രണ്ട് പുരുഷന്മാര് ചേര്‍ന്ന് പീഡിപ്പിക്കുകയും മറ്റ് സഹപ്രവര്‍ത്തകര്‍ അതിന് ഒത്താശ ചെയ്തെന്നുമാണ് യുവതിയുടെ പരാതി.ഒളിവിലുള്ള മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കര്കഡൂമയിലെ ക്രോസ് റിവര്‍ മാളിലുള്ള കഫേ സുല്‍ത്താന എന്ന കഫേയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ഇതേ കഫേയില്‍ ജോലി ചെയ്യുന്ന മറ്റ് ഏഴ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് യുവതി പ്രീത് വിഹാറിലെ കഫേയിലെത്തിയത്. രാത്രി 11.30ന് അടയ്ക്കുന്ന കഫേയുടെ താക്കോല്‍ ജീവനക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ച് കഫേ വീണ്ടും തുറന്നാണ് പാര്‍ട്ടി നടത്തിയത്.സംഘം കഫേയില്‍ ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഘം കഫേയില്‍നിന്ന് മടങ്ങിയത്. പിന്നാലെ രണ്ട് പുരുഷ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മറ്റ് സഹപ്രവര്‍ത്തകര്‍ പീഡനത്തിന് ഒത്താശ ചെയ്തതായും യുവതി ആരോപിച്ചു. സംഭവത്തില്‍ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ആറ് പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.സംഭവം നടന്ന ഉടന്‍ യുവതി പോലീസ് സ്റ്റേഷനിലെത്തിയിരുന്നില്ല എന്നതാണ് പ്രാഥമിക വിവരം. ഒരു പുരുഷ സുഹൃത്തിനും രണ്ട് സ്ത്രീകള്‍ക്കുമൊപ്പം വാഹനത്തില്‍ പോകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 5.45ഓടെയാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിലും രേഖപ്പെടുത്തും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.Content Highlights: A 22-year-old cafe worker alleged gang rape by two male colleagues after a late-night party in Preet Vihar, East Delhi. Delhi Police registered an FIR against six accused and arrested three colleagues, including two women. A search is underway for the three absconding suspects.