പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധനക്ക് ഉടക്ക് വെക്കുന്ന പെട്രോളിയം കമ്പനികളുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നിലപാട് വിചിത്രമാണ്. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭിച്ചാല്‍ മാത്രമേ കേരള സര്‍ക്കാര്‍ വിവിധ പമ്പുകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളിലെ എഥനോളിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താനാകുകയുള്ളൂ. എന്നാല്‍, ശുദ്ധ പെട്രോള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ വിലക്കുണ്ടെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സിവില്‍ സപ്ലൈസിനെ അറിയിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പ് ഔദ്യോഗികമായി കത്ത് നല്കിയാല് പെട്രോള്‍ നല്‍കാമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആദ്യത്തെ നിലപാട്. സിവില്‍ സപ്ലൈസ് കത്തയച്ചപ്പോള്‍ കമ്പനികള്‍ നിലപാട് മാറ്റി. കേന്ദ്രത്തിന്റെ ഇടപെടലാണ് കമ്പനികളുടെ നയം മാറ്റത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.രാജ്യത്ത് ഇ20 ഇന്ധന നയത്തിന്റെ ഭാഗമായി പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്താനാണ് അനുമതി. അതേസമയം, അമിതലാഭം കൊയ്യാനായി എണ്ണക്കമ്പനികള്‍ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്. കര്‍ണാടകയില്‍ നടത്തിയ പരിശോധനയില്‍ 31.2 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്തില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് കേന്ദ്ര പെട്രോളിയം മന്ത്രാലയം കര്‍ണാടകയുടെ പരിശോധനാഫലം തള്ളിക്കളയുകയായിരുന്നു. ഈ സാങ്കേതിക തടസ്സം ഒഴിവാക്കാനാണ് കേരളത്തില്‍ സിവില്‍ സപ്ലൈസും കെമിക്കല്‍ എക്സാമിനേഴ്സ് ലാബും എണ്ണക്കമ്പനികളോട് 100 ശതമാനം ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ടത്. ഈ വിധേന ശാസ്ത്രീയ പഠനം നടന്നാല്‍ സാങ്കേതിക കാരണം പറഞ്ഞു പരിശോധനാ റിപോര്‍ട്ട് തള്ളിക്കളയാനാകില്ലെന്ന ബോധ്യത്തിലായിരിക്കണം എണ്ണക്കമ്പനികള്‍ അത് നല്കാന് വിസമ്മതിക്കുന്നത്.ഇവിടെ വഞ്ചിക്കപ്പെടുന്നത് വാഹന ഉപഭോക്താക്കളാണ്. 20 ശതമാനത്തിലധികം എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എന്ജിന് ഭാഗങ്ങള്‍ക്കും ഫ്യൂവല്‍ പമ്പുകള്‍ക്കും ഗുരുതരമായ തകരാറുകളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എഥനോളിന് ഈര്‍പ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതിനാല്‍ വാഹനങ്ങളുടെ ഉള്‍ഭാഗങ്ങളിലെ ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കാനും റബ്ബര്‍-പ്ലാസ്റ്റിക് ഘടകങ്ങള്‍ വേഗത്തില്‍ ദ്രവിക്കാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുകയും ചെയ്യും. നിലവാരം കുറഞ്ഞ ഈ ഇന്ധനം ഉപഭോക്താവ് വാങ്ങുന്നത് ശുദ്ധ പെട്രോളിന്റെ വില നല്‍കിയും. ഇ20 ഇന്ധനം മൂലം വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയോ കമ്പനികളുടെ വാറന്റിയോ ലഭിക്കാത്ത സാഹചര്യവുമുണ്ട്.ഇന്ധനത്തിന്റെ നിലവാരം ഉറപ്പാക്കുകയെന്നത് കേവലം സാങ്കേതിക വിഷയമല്ല. വാഹന ഉടമകളുടെ താത്പര്യം, വാഹനങ്ങളുടെ സുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണിത്. എന്നിട്ടും പരിശോധനയുമായി സഹകരിക്കുന്നതിനു പകരം പരിശോധനക്ക് തടസ്സം സൃഷ്ടിക്കുന്നത് രാജ്യത്തെ ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനവും കോടിക്കണക്കിനു വാഹന ഉടമകളോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയുമാണ്. പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് വിപണിയിലെ സുതാര്യതക്കും അനിവാര്യമാണ്. ശാസ്ത്രീയ പരിശോധനക്കാവശ്യമായ റഫറന്‍സ് സാമ്പിളുകളും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ ഉത്പന്നത്തിന്റെ ഗുണനിലവാരം അറിയാനുള്ള പൗരന്റെ അവകാശം നിഷേധിക്കപ്പെടുന്നു.കേരളത്തില്‍ 13 പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന കാത്തുകിടക്കുകയാണ്. എഥനോളിന്റെ അളവ് നിശ്ചിത അളവ് കടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള അത്യന്താധുനിക പരിശോധനാ കിറ്റുകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് ഗ്യാസ് ക്രോമറ്റോഗ്രഫിയെന്ന അത്യാധുനിക പരിശോധന നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍, ശുദ്ധമായ പെട്രോള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തുള്ള പരമ്പരാഗത പരിശോധന നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത ആഴ്ച ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ. പരിശോധനയില്‍ എഥനോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ കോടതിയെ സമീപിച്ച് എഥനോളിന്റെ അളവ് കൂടുതലില്ലാത്ത പെട്രോള്‍ കമ്പനികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നിയമ നടപടി കൈക്കൊള്ളുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇത് സ്വാഗതാര്‍ഹമാണ്. എണ്ണ വിപണിയിലെ സുതാര്യത ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. എണ്ണക്കമ്പനികളുടെ അമിതലാഭക്കൊതിക്ക് സാധാരണക്കാരന്റെ വാഹനവും കീശയും ബലിയാടാക്കരുത്.പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് വിദേശനാണ്യ ചെലവ് കുറക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയുടെ ഭാഗമായി എഥനോള്‍ മിശ്രിതത്തെ പ്രോത്സാഹിപ്പിക്കുന്നത് മനസ്സിലാക്കാം. അതേസമയം, ഇതുസംബന്ധിച്ച് ഉയരുന്ന ഉപഭോക്താക്കളുടെ സംശയവും ആശങ്കകളും ദുരീകരിക്കുകയും അതിന്റെ ഭാഗമായുള്ള ഗുണനിലവാര പരിശോധനക്ക് പിന്തുണ നല്‍കുകയും വേണം. എന്തിനാണ് കേന്ദ്രവും കമ്പനികളും പരിശോധനക്ക് ഉടക്ക് വെക്കുന്നത്? ക്രമക്കേട് കാണിക്കുന്നവരാണ് പരിശോധനയെ ഭയപ്പെടേണ്ടത്. ഇന്ധനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയിട്ടുണ്ടെന്ന ആരോപണത്തിന് ബലമേകാനേ ഇത് സഹായിക്കുകയുള്ളൂ.