അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പേരില്‍ തട്ടിപ്പ്: അബ്ദുറഹിമാനെയും ഷറഫലിയെയും സത്യപാലനെയും പ്രതിചേര്‍ത്ത് എസ് ഐ ടി റിപോര്‍ട്ട്

Wait 5 sec.

കൊച്ചി | അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലി എന്നിവരെ പ്രതിചേര്‍ത്ത് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. വി അബ്ദുറഹിമാന്‍ മൂന്നാം പ്രതിയും സി സത്യപാലന്‍ നാലാം പ്രതിയും, യു ഷറഫലി അഞ്ചാം പ്രതിയുമാണ്. നേരത്തെ കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ റിപോര്‍ട്ടര്‍ എം ഡി. ആന്റോ അഗസ്റ്റിന്‍, റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.സ്പോണ്‍സറായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് നേട്ടമുണ്ടാക്കാന്‍ മുന്‍മന്ത്രി സഹായിച്ചെന്നും വഴിവിട്ട ഇടപെടലുകളിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയം കൈമാറ്റത്തില്‍ സര്‍ക്കാറിന് ബാധ്യതയാകുന്ന ഉപാധികള്‍ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഇതിനായി ഒരുപോലെ പ്രവര്‍ത്തിച്ചുവെന്നും എസ് ഐ ടി പറയുന്നു. അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള കരാര്‍ യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കാന്‍ മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസവും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 210 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിയില്‍ ടെന്‍ഡര്‍ വിളിക്കാതെയാണ് സ്പോണ്‍സറെ തിരഞ്ഞെടുത്തതെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് പ്രൈവറ്റ് സെക്രട്ടറി കായിക വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് മുമ്പ് യു ഷറഫലി കരാറില്‍ ഒപ്പിട്ടു. കേസിലെ രണ്ടാം പ്രതിയായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനില്‍ നിന്ന് ഷറഫലിക്ക് രണ്ടുകോടി രൂപ ലഭിച്ചത് ഇതേ സമയത്താണെന്നും റിപോര്‍ട്ടില്‍ പറയുന്നു.അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം. അതിനാല്‍ കേസിലെ തുടര്‍ നടപടികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയും എസ് ഐ ടിക്ക് വേണ്ടി തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ചു. വി അബ്ദുറഹിമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി എസ് ഐ ടി സംഘം ഉടന്‍ നോട്ടീസ് നല്‍കും.Content Highlights: An SIT report has named V Abdurahiman, U Sharafali, and C Sathyapalan as accused in court over the alleged Argentina football team visit fraud. The probe follows prosecution sanction and examines alleged financial and procedural irregularities. Further legal steps are underway before the court.