കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി ബിസ്ലെരി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും സ്വതന്ത്ര ലബോറട്ടറി പരിശോധനയിൽ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും കമ്പനി വ്യക്തമാക്കി.ഗോവയിലെ ബിസ്ലെരി പ്ലാന്റിൽ 2025 സെപ്റ്റംബറിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ചിലെ സാമ്പിളിലാണ് ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി മറികടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ലിറ്ററിന് 10 മൈക്രോഗ്രാം ആണ് അനുവദനീയമായ പരിധിയെങ്കിലും സാമ്പിളിൽ 12 മൈക്രോഗ്രാം കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. തുടർപരിശോധനയിൽ പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പി.എ.എച്ച്) സാന്നിധ്യവും കണ്ടെത്തിയതായി എഫ്എസ്എസ്എഐ അറിയിച്ചിരുന്നു.എന്നാൽ, സ്വതന്ത്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് വ്യക്തമായതായി ബിസ്ലെരി അവകാശപ്പെട്ടു. പരിശോധനാഫലങ്ങൾ 2026 ഫെബ്രുവരി രണ്ടിന് എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിൽ സമർപ്പിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു.വിഷയത്തിൽ പിന്നീട് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ നടപടി അവസാനിച്ചെന്നാണ് കരുതിയതെന്നും ബിസ്ലെരി വ്യക്തമാക്കി. ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 90-ലധികം ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും വിഷയത്തിൽ എഫ്എസ്എസ്എഐയുമായി സഹകരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.The post കുടിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെന്ന് റിപ്പോർട്ട്; വിശദീകരണവുമായി ബിസ്ലെരി appeared first on ഇവാർത്ത | Evartha.