കൊച്ചി | സര്‍വകലാശാലകളിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അവരുടെ അക്കാദമിക് ഭാവി തകര്‍ക്കുന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി. സമരക്കാരുടെ ആവശ്യങ്ങളോട് സര്‍വകലാശാലക്ക് വിയോജിപ്പുണ്ടാകാമെങ്കിലും പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശം ഇല്ലാതാക്കാനാവില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. ക്യാമ്പസില്‍ അക്രമത്തിന് സ്ഥാനമില്ലെങ്കിലും, വിദ്യാര്‍ഥികളുടെ തെറ്റുകള്‍ തിരുത്തേണ്ടത് അവരുടെ ഭാവി തകര്ത്തുകൊണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷമ ദൗര്‍ബല്യമല്ല, മനുഷ്യന്റെ അന്തസ്സിന്റെ പ്രഖ്യാപനമാണെന്ന് സര്‍വകലാശാലാ അധികാരികളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വിധിന്യായത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്.ഒരാളുടെ അഭിപ്രായത്തോട് വിയോജിക്കാമെങ്കിലും ആ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അയാളുടെ അവകാശത്തെ സംരക്ഷിക്കണം എന്ന വോള്‍ട്ടയറിന്റെ പ്രസിദ്ധമായ വാക്യം കോടതി വിധിയില്‍ ഉദ്ധരിച്ചു. വിദ്യാര്‍ഥികളുടെ സമരത്തിന്റെ ആവശ്യങ്ങള്‍ സര്‍വകലാശാലക്ക് അംഗീകരിക്കാനാവാത്തതായിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ അവരുടെ അക്കാദമിക് ജീവിതം തന്നെ തകര്‍ക്കുന്ന ശിക്ഷ നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ 84 ദിവസമായി വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനിലാണെന്നും ഈ കാലയളവ് തന്നെ അവര്‍ക്ക് ലഭിച്ച ശിക്ഷയായി കാണേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോടും അഭിപ്രായങ്ങളോടും സര്‍വകലാശാലാ അധികൃതര്‍ അമിതമായി അസഹിഷ്ണുത കാണിക്കരുതെന്ന് കോടതി വ്യക്തമാക്കി.വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നേരിടേണ്ടത് ശിക്ഷയിലൂടെയല്ല, സഹിഷ്ണുതയിലൂടെയും വിവേകത്തിലൂടെയുമാണെന്ന് വ്യക്തമാക്കാന്‍ മൂന്ന് രാഷ്ട്രീയ നേതാക്കളുടെ നിലപാടുകളും കോടതി പരാമര്‍ശിച്ചു. ജെ എന്‍ യുവില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പങ്കെടുത്ത പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ അവരോട് മൃദുസമീപനം സ്വീകരിക്കാന്‍ അദ്ദേഹം സര്‍വകലാശാലാ അധികൃതരോട് നിര്‍ദേശിച്ച കാര്യം ഉത്തരവില്‍ ഉദാഹരിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2026 ജൂലൈ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വഴിതെറ്റിയ കുട്ടികളായി പ്രതിഷേധക്കാരെ കാണണമെന്നും അവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് ഉത്തരവാദിത്തപ്പെട്ടവരുടെ കടമയാണെന്നുമാണ്. കോട്ടയത്ത് ഒരു പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് അവരെ കസ്റ്റഡിയിലെടുത്തെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കരുതെന്ന് കേരള മുന്‍ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് നിര്‍ദേശിച്ച സംഭവവും കോടതി പരാമര്‍ശിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടായതായും കോടതി നിരീക്ഷിച്ചു.Content Highlights: The High Court observed that disciplinary punishment should not ruin the academic future of students. It stated that an 84-day suspension already served is sufficient punishment. The court order brings relief to the affected students regarding their studies.