ഓഫീസ്, പൊതു കമ്പ്യൂട്ടറുകളില്‍ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Wait 5 sec.

ന്യൂഡല്‍ഹി | ഓഫീസ് കമ്പ്യൂട്ടറുകളിലും പൊതു കമ്പ്യൂട്ടറുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം സിസ്റ്റങ്ങളില്‍ വാട്സ്ആപ്പ് വെബ് അക്കൗണ്ടുകള്‍ തുറന്നിടുന്നത് വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വ്യക്തമാക്കി. ഐഫോര്‍സിയുടെ നാഷണല്‍ സൈബര്‍ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പൊതു കമ്പ്യൂട്ടറുകളിലോ മറ്റുള്ളവര്‍ക്ക് പ്രവേശനമുള്ള സിസ്റ്റങ്ങളിലോ ലോഗിന്‍ ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ചില സാഹചര്യങ്ങളില്‍ ഇത്തരം ആക്ടീവ് സെഷനുകള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താവിന്റെ സ്വകാര്യ സന്ദേശങ്ങള്‍ വായിക്കാനും, അക്കൗണ്ട് ഉടമയെന്ന വ്യാജേന മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കും. കൂടാതെ, ഫോണ്‍ കോണ്‍ടാക്റ്റുകളും ഗ്രൂപ്പ് സംഭാഷണങ്ങളും കൈക്കലാക്കാനും, വ്യക്തിത്വം ദുരുപയോഗം ചെയ്ത് ഫിഷിംഗ്, സാമ്പത്തിക തട്ടിപ്പുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണങ്ങള്‍ എന്നിവ നടത്താനും ഇത് വഴിയൊരുക്കിയേക്കാം.ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിരവധി കാര്യങ്ങള്‍ ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ തവണത്തെ ഉപയോഗത്തിന് ശേഷവും വാട്സ്ആപ്പ് വെബ് മാനുവലായി ലോഗ് ഔട്ട് ചെയ്യുകയും സ്ഥിരമായി ലോഗിന്‍ ചെയ്തു വെക്കാതിരിക്കുക. ഓഫീസ് കമ്പ്യൂട്ടറുകള്‍, ഷെയര്‍ ചെയ്ത സിസ്റ്റങ്ങള്‍, ഇന്റര്‍നെറ്റ് കഫേകള്‍, ഹോട്ടലുകള്‍, കടം വാങ്ങിയ കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ വാട്സ്ആപ്പ് ലോഗിന്‍ ചെയ്യുന്നത് ഒഴിവാക്കുക, സര്‍ക്കാര്‍, സംഘടനാപരം, സാമ്പത്തികപരം അല്ലെങ്കില്‍ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വാട്സ്ആപ്പ് വെബ് വഴി കൈമാറാതിരിക്കുക. ബ്രൗസറുകളില്‍ വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ‘ഇന്‍കോഗ്‌നിറ്റോ’ അല്ലെങ്കില്‍ ‘പ്രൈവറ്റ്’ മോഡ് തിരഞ്ഞെടുക്കുക. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അസാധാരണ മറുപടികളോ അക്കൗണ്ടിലെ വിശദീകരിക്കാനാവാത്ത പ്രവര്‍ത്തനങ്ങളോ പ്രത്യേകം നിരീക്ഷിക്കുക. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്രൗസറുകള്‍, സുരക്ഷാ സോഫ്റ്റ്വെയറുകള്‍ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക.Content Highlights: The Indian Cyber Crime Coordination Centre warned against leaving WhatsApp Web active on office or shared computers. Unattended sessions can expose chats and contacts or enable phishing and financial scams. Users are urged to log out manually, use private mode, and avoid sharing sensitive data.