ന്യൂഡല്‍ഹി | മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തിലൂടെ രാജ്യത്തെത്തിച്ച 164 വിദേശ പൗരന്മാരെ തടവിലാക്കി സൈബര്‍ തട്ടിപ്പിന് ഉപയോഗിച്ച വന്‍ റാക്കറ്റിനെ ഡല്‍ഹി പോലീസ് പിടികൂടി. ഇവരുടെ പാസ്പോര്ട്ടുകള് പിടിച്ചെടുത്ത ശേഷം, വ്യാജ നിക്ഷേപ പദ്ധതികളിലൂടെ സ്വന്തം രാജ്യത്തുള്ളവരെ തന്നെ കബളിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.നോയിഡയിലെ സെക്ടര്‍ 136-ല്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ വന്‍ റെയ്ഡിലാണ് അന്താരാഷ്ട്ര മനുഷ്യക്കടത്ത്, സൈബര്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. നോയിഡയിലെ കേന്ദ്രത്തില്‍ നിന്ന് 92 ഇന്തോനേഷ്യന്‍ പൗരന്മാരെയും 72 മലേഷ്യന്‍ പൗരന്മാരെയും രക്ഷപ്പെടുത്തിസംഭവവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പൗരന് ടാന്‍ ഗുവാന്‍ വെയ് (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ട് പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇന്തോനേഷ്യയിലും മലേഷ്യയിലും ഉള്ളവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയില്‍ ആകര്‍ഷകമായ ശമ്പളവും മികച്ച തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചത്. എന്നാല്‍ രാജ്യത്തെത്തിയ ഉടന്‍ ഇവരുടെ പാസ്പോര്ട്ടുകള് പിടിച്ചെടുക്കുകയും തടവിലാക്കുകയുമായിരുന്നു. ഇവരെ സബര്‍ തട്ടിപ്പ് കോള്‍ സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.നേരത്തെ വിയറ്റ്നാം, കംബോഡിയ, മ്യാന്മര്, ലാവോസ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മികച്ച ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി ഇന്ത്യന്‍ പൗരന്മാരെയും സമാനമായ രീതിയില്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ പണിയെടുപ്പിച്ചിരുന്നു.വിദേശ പൗരന്മാരെ പേയിംഗ് ഗസ്റ്റ എന്ന രീതിയിലാണ് പാര്‍പ്പിച്ചിരുന്നത്. മോശം ഭക്ഷണം നല്‍കിയതിന് പുറമെ ഇവരെ മുറിയില്‍ നിന്നും പുറത്തിറങ്ങാനും സമ്മതിച്ചില്ല. തട്ടിപ്പില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചവരെ ശാരീരികമായി മര്‍ദ്ദിച്ചാണ് അനുസരിപ്പിച്ചിരുന്നത്. എതിര്‍ത്ത രണ്ട് പേരെ മര്‍ദ്ദിച്ചതായി ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.താമസസ്ഥലങ്ങളില്‍ നിന്ന് കോള്‍ സെന്ററിലേക്കും തിരിച്ചും ഇവരെ കൊണ്ടുപോകുന്നതിനായി ഏകദേശം 40 ടാക്സികള്‍ സംഘം ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ നീക്കങ്ങള്‍ പൂര്‍ണ്ണമായും സംഘത്തലവന്മാരുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ സംവിധാനം.ഇന്തോനേഷ്യയിലും മലേഷ്യയിലുമുള്ള ഇരകളെ സമീപിക്കുന്നതിനായി പ്രത്യേക സൈബര്‍ തട്ടിപ്പ് രീതികളില്‍ വിദേശ പൗരന്മാര്ക്ക് പരിശീലനം നല്‍കുകയും എഴുതിത്തയ്യാറാക്കിയ തിരക്കഥകള്‍ നല്‍കുകയും ചെയ്തിരുന്നു.സ്ത്രീകളുടെ പേരിലുള്ള വ്യാജ ഐഡന്റിറ്റികളും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും നിര്‍മ്മിച്ചാണ് ഇവര്‍ ആളുകളെ ബന്ധപ്പെട്ടിരുന്നത്. സംഭാഷണങ്ങളിലൂടെ ഓണ്‍ലൈന്‍ സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് വ്യാജ ട്രേഡിംഗ്, നിക്ഷേപ പ്ലാറ്റ്ഫോമുകളില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു രീതി.ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളും എപികെ അധിഷ്ഠിത ആപ്ലിക്കേഷനുകളും വഴിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നിക്ഷേപ അവസരങ്ങള്‍ തികച്ചും നിയമാനുസൃതമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇവയുടെ നിര്‍മ്മാണം. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം പിന്നീട് ശൃംഖല വഴി കടത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ഈ റാക്കറ്റിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടന്‍ തന്നെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രൈംബ്രാഞ്ച്) എച്ച് ജി എസ് ധലിവാള്‍ പറഞ്ഞു. 60 മുതല്‍ 70 വരെ വിദേശ പൗരന്മാരെ തടവിലാക്കി പണിയെടുപ്പിക്കുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ റെയ്ഡ് നടത്തിയപ്പോള്‍ രക്ഷപ്പെടുത്തിയവരുടെ എണ്ണം 164 ആയി ഉയര്‍ന്നു.തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളായ സുനില്‍ കുമാര്‍, സുശീല്‍ ഭാട്ടി എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിലവില്‍ ഒളിവിലാണ്. വിദേശികള്‍ക്കുള്ള പി.ജി താമസസൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നത് സുശീല്‍ ഭാട്ടിയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് സംഘം ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.വാടകയും മറ്റ് ചെലവുകളും നല്‍കുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടവും കൈമാറ്റങ്ങളും കണ്ടെത്താന്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ മലേഷ്യന്‍ പൗരന് ടാന്‍ ഗുവാന്‍ വെയ്യെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വന്‍തോതിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പോലീസ് പിടിച്ചെടുത്തു. 355 മൊബൈല്‍ ഫോണുകള്‍, 168 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, 26 ലാപ്ടോപ്പുകള്, 53 സിം കാര്‍ഡുകള്‍, 174 പാസ്പോര്ട്ടുകള് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പിടിച്ചെടുത്ത 355 ഫോണുകളില്‍ 335 എണ്ണം ഉപയോഗിച്ചവയും 20 എണ്ണം പുതിയതുമാണ്. സിം കാര്‍ഡുകളില്‍ 31 എണ്ണം അന്താരാഷ്ട്ര കണക്ഷനുകളും 22 എണ്ണം ഇന്ത്യന്‍ കണക്ഷനുകളുമാണ്. 95 ഇന്തോനേഷ്യന്‍ പാസ്പോര്‍ട്ടുകളും 79 മലേഷ്യന്‍ പാസ്പോര്‍ട്ടുകളുമാണ് കണ്ടെടുത്തത്. ഇതിനുപുറമെ സെര്‍വറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.വ്യാജ വിദേശ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്കി ആളുകളെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവരെക്കൊണ്ട് സൈബര്‍ തട്ടിപ്പുകള്‍ ചെയ്യിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണ് നോയിഡയിലെ സംഭവം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. 2022-നും 2025-നും ഇടയില്‍ കംബോഡിയയില്‍ നിന്ന് 2,533 ഇന്ത്യക്കാരെയും, ലാവോസില്‍ നിന്ന് 2,297 പേരെയും, മ്യാന്മറില് നിന്ന് 2,168 പേരെയും ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിട്ടുണ്ട്. 2025-ല്‍ മാത്രം കംബോഡിയയില്‍ നിന്ന് 1,300 പേരെയും, ലാവോസില്‍ നിന്ന് 1,421 പേരെയും, മ്യാന്മറില് നിന്ന് 1,594 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.Content Highlights: Delhi Police Crime Branch busted a cyber fraud and human trafficking racket in Noida Sector 136, rescuing 92 Indonesians and 72 Malaysians. Trafficked victims had passports seized and were forced into fake investment scams. One suspect was arrested while a search is on for two others.