പാറ്റ്ന | നാല് വര്‍ഷം മുമ്പ് ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള അഹിയാപൂര്‍ ഗ്രാമത്തില്‍ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആറുപേര്‍ എത്തി. ആര-സോണ്‍ കനാലിന് കുറുകെയുള്ള 60 അടി നീളമുള്ള ഇരുമ്പ് പാലം അടുത്ത മൂന്ന് ദിവസങ്ങളിലായി അവര്‍ പൊളിച്ചുനീക്കിയപ്പോള്‍, പഴയ ആക്രി സാധനങ്ങള്‍ നീക്കം ചെയ്യുകയാണെന്നാണ് ഗ്രാമവാസികള്‍ കരുതിയത്. പണി പൂര്‍ത്തിയായതോടെ അവര്‍ ലോഹഭാഗങ്ങള്‍ ട്രക്കുകളില്‍ കയറ്റി സ്ഥലം വിട്ടു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാലം മോഷ്ടിക്കപ്പെട്ടതാണെന്ന് ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞത്.പാലങ്ങള്‍ മാത്രമല്ല, റെയില്‍വേ യാര്‍ഡുകളും ട്രെയിന്‍ കോച്ചുകളും എന്തിന് ജലാശയങ്ങള്‍ വരെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഹാറില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ വിചിത്രമായ കവര്‍ച്ചകള്‍ നാട്ടുകാരെ അമ്പരപ്പിച്ചപ്പോള്‍, സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുകയായിരുന്നു‘പാലം മോഷണ’ത്തിന് (പുല് ചോരി) മാസങ്ങള്‍ക്ക് ശേഷം, ബെഗുസരായില്‍ നിന്നും ട്രെയിന്‍ പ്രത്യക്ഷമായത് ഇന്ത്യന്‍ റെയില്‍വേയെ നാണംകെടുത്തി. 2023 നവംബര്‍ 25-നും 27-നും ഇടയില്‍ റെയില്‍വേ യാര്‍ഡില്‍ നുഴഞ്ഞുകയറിയ മോഷ്ടാക്കള്‍ ഒരു ട്രെയിനിന്റെ എഞ്ചിന് മുഴുവനായും ഓരോ ഭാഗങ്ങളായി അഴിച്ചെടുത്ത് കടത്തിക്കൊണ്ടുപോയി.2022 അവസാനത്തിനും 2023 തുടക്കത്തിനും ഇടയില്‍ ആക്രി മാഫിയകളുടെ ശ്രദ്ധ മൊബൈല്‍ ടവറുകളിലേക്ക് തിരിഞ്ഞു. പട്നയിലെ സബല്‍പൂര്‍ ഗ്രാമത്തില്‍ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 29 അടി ഉയരമുള്ള ഒരു ടവര്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായത് വലിയ കോളിളക്കം സൃഷ്ടിച്ചു.2023 ഡിസംബര്‍ അവസാനത്തോടെ ദര്‍ഭംഗയിലെ ഖാദിരാബാദിലുള്ള 36 സെന്റ് വിസ്തീര്‍ണമുള്ള ‘നീം പോഖര്‍’ എന്ന പൊതുകുളം ‘മോഷ്ടിക്കപ്പെട്ടു’. ഭൂമാഫിയകള്‍ ഒറ്റരാത്രികൊണ്ട് കുളം മണ്ണിട്ട് നികത്തുകയും അതിനുമുകളില്‍ ഒരു കുടില്‍ കെട്ടുകയും ചെയ്തു.ഉപയോഗശൂന്യമായി കിടന്നിരുന്നതും കൃത്യമായ മേല്‍നോട്ടമില്ലാത്തതുമായ വന്‍കിട ആസ്തികളാണ് കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടത്.റോഹ്താസിലെ പാലം (2022)2022ല്‍ റോഹ്താസില്‍ 1972-ല്‍ നിര്‍മ്മിച്ച ഉപയോഗശൂന്യമായ പാലമാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും പിക്കപ്പ് ട്രക്കുകളുമായാണ് ആറംഗ സംഘം എത്തിയത്. ഏപ്രില്‍ 3-നും 5-നും ഇടയിലാണ് പാലം പൊളിച്ചുമാറ്റിയത്. സര്‍ക്കാര്‍ കരാറാണെന്ന് കരുതിയതിനാല്‍ ഗ്രാമവാസികള്‍ യാതൊരു സംശയവുമില്ലാതെ ഇതെല്ലാം നോക്കിനിന്നു. ഏപ്രില്‍ 7-ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പാലം മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് അറിയുന്നത്. ഏപ്രില്‍ 8-ന് എട്ടുപേര്‍ക്കെതിരെ കേസെടുത്തു.രണ്ട് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറും സബ് ഡിവിഷണല്‍ ഓഫീസറുമായ രാധേശ്യാം സിംഗ്, താല്‍ക്കാലിക ജീവനക്കാരന് അരവിന്ദ് സിംഗ്, പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരായ ശിവ് കല്യാണ്‍ ഭരദ്വാജ്, ഗാന്ധി ചൗധരി എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.പാലം പൊളിക്കാന്‍ തന്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് രാധേശ്യാം സിംഗ് അനുമതി നല്‍കുകയും, മോഷണം നടക്കുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ച് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രാദേശികമായി എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ശിവ് കല്യാണ്‍ ഭരദ്വാജ് 10,000 രൂപ കൈക്കൂലി വാങ്ങി. ഏകദേശം 3 മുതല്‍ 3.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന 8,500 കിലോയോളം ഇരുമ്പ് ആക്രിയാണ് ഇവര്‍ പ്രാദേശിക വിപണികളില്‍ വിറ്റത്. ഇതില്‍ 247 കിലോയോളം ഇരുമ്പ് അയല്ജില്ലകളിലെ ആക്രി വ്യാപാരികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലാണ്.ബെഗുസരായിലെ ട്രെയിന്‍ എഞ്ചിന് (2022)ബെഗുസരായില്‍ 2021 പകുതിയോടെ റെയില്‍വേ ഉപയോഗശൂന്യമായി പ്രഖ്യാപിച്ച 16 ട്രെയിന്‍ എഞ്ചിനുകളില്‍ ഒന്നാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. സമസ്തിപൂരില്‍ നിന്ന് ബറൗണിയിലെ ഗര്‍ഹാര റെയില്‍വേ യാര്‍ഡിലേക്ക് മാറ്റിയതായിരുന്നു ഇവ.ആഴ്ചകളെടുത്താണ് എഞ്ചിന് പൊളിച്ചുമാറ്റിയത്. രാത്രികാലങ്ങളില്‍ മതിലിന്റെ തകര്‍ന്ന ഭാഗങ്ങളിലൂടെയോ അല്ലെങ്കില്‍ അവര്‍ കുഴിച്ച തുരങ്കത്തിലൂടെയോ യാര്‍ഡിനുള്ളില്‍ കടക്കുന്ന സംഘം, മെഴുകുതിരിയുടെയും മൊബൈല്‍ ടോര്‍ച്ചിന്റെയും വെളിച്ചത്തില്‍ എഞ്ചിന് ഭാഗങ്ങള്‍ അഴിച്ചെടുത്ത് പുലര്‍ച്ചെയോടെ കടത്തുകയായിരുന്നു.2022 നവംബര്‍ 7-ന് ഇലക്ട്രിക് ലോക്കോമോട്ടീവ് ഷെഡിന്റെ മതിലിന് സമീപമുള്ള തുരങ്കത്തിലൂടെ പുറത്തേക്ക് ഇഴഞ്ഞുവരികയായിരുന്ന ഒരാളെ ആര് പി എഫ് പിടികൂടിയതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുസാഫര്‍പൂരിലെ ഒരു ആക്രി വ്യാപാരിയുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ എഞ്ചിന് ചക്രങ്ങളും ചെമ്പ് ഉപകരണങ്ങളും സ്റ്റീല്‍ ഭാഗങ്ങളുമടങ്ങുന്ന 13 ചാക്കുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുക്കുകയും റെയില്‍വേ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.പട്നയിലെ മൊബൈല്‍ ടവറുകള്‍ (2022-2023)2023 ജനുവരിയില്‍ പട്നയിലെ സബല്‍പൂരില്‍ പ്രവര്‍ത്തനരഹിതമായ ഒരു മൊബൈല്‍ ടവറാണ് മോഷ്ടിക്കപ്പെട്ടത്. ടെലികോം ടെക്നീഷ്യന്മാരുടെ വേഷത്തിലെത്തിയ ആറംഗ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും സുരക്ഷാ ജാക്കറ്റുകളും ഹെല്‍മെറ്റുകളും ധരിച്ചിരുന്നു. വാടക കുടിശ്ശികയുള്ളതിനാല്‍ ടവര്‍ പൊളിച്ചുമാറ്റുകയാണെന്നാണ് ഇവര്‍ സ്ഥലമുടമയെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.രണ്ടോ മൂന്നോ ദിവസമെടുത്ത് 8.32 ലക്ഷം രൂപ വിലമതിക്കുന്ന ടവറിന്റെ ലോഹ ചട്ടക്കൂടുകള്‍, ഡീസല്‍ ജനറേറ്ററുകള്‍, സ്റ്റെബിലൈസറുകള്‍ എന്നിവ അഴിച്ചെടുത്ത് ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോയി. ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ആക്രി കേന്ദ്രങ്ങളിലേക്കാണ് ഇവ കടത്തിയത്. 2024 ഓഗസ്റ്റില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലീസ് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തെ പിടികൂടിയിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരികളെയും മുന്‍ ടെലികോം കരാറുകാരെയും ഉപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് പട്ടാപ്പകല്‍ ടവറുകള്‍ പൊളിച്ചുമാറ്റുന്നതായിരുന്നു ഇവരുടെ രീതി.ദര്‍ഭംഗയിലെ കുളം (2023)2023 ഡിസംബര്‍ അവസാനത്തോടെ ദര്‍ഭംഗയിലെ ഖാദിരാബാദ് വാര്‍ഡ് 4-ലുള്ള ‘നീം പോഖര്‍’ എന്ന വലിയ കുളം അപ്രത്യക്ഷമായി. ഏകദേശം മൂന്നാഴ്ചയോളം രാത്രികാലങ്ങളില്‍ നിരവധി ട്രക്കുകളില്‍ മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടുവന്ന് തള്ളിയാണ് ഭൂമാഫിയ കുളം നികത്തിയത്. നാട്ടുകാര്‍ വിവരമറിയുമ്പോഴേക്കും കുളം പൂര്‍ണ്ണമായും നികത്തി നിരപ്പാക്കിയിരുന്നു.തുടര്‍ന്ന് സ്ഥലത്തിന് ചുറ്റും മുളവേലി കെട്ടുകയും ഒരു കുടില്‍ നിര്‍മ്മിക്കുകയും ചെയ്തു. പൊതുസ്വത്തായ കുളത്തിന്മേല്‍ സ്വകാര്യ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ഇവര്‍ വ്യാജ ഭൂരേഖകളും ചമച്ചു. സംഭവത്തില്‍ ജനരോഷം ശക്തമായതോടെ നാട്ടുകാര്‍ സംഘടിച്ച് ഭൂമാഫിയയെ തുരത്തുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.2024 ജനുവരി 4-ന് ദര്‍ഭംഗ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റോഷന് വ്യാജ ഭൂരേഖകള്‍ റദ്ദാക്കാനും കുളം പൂര്‍വ്വസ്ഥിതിയിലാക്കാനും ഉത്തരവിട്ടു. ടണ്‍ കണക്കിന് മണ്ണ് നീക്കം ചെയ്ത് കുളം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഈ വിചിത്രമായ മോഷണങ്ങളെത്തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ പരിശോധനകളും ഓഡിറ്റുകളും നടപ്പിലാക്കിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ‘ഓപ്പറേഷന് റെയില്‍ സുരക്ഷ’ പ്രകാരം ആര് പി എഫ് നിരീക്ഷണം ശക്തമാക്കി. ഉപയോഗശൂന്യമായ പൊതുമുതലുകളുടെ കണക്കെടുക്കാനും അവ മോഷ്ടിക്കപ്പെടുന്നതിന് മുമ്പ് ലേലം ചെയ്യാനും വിവിധ വകുപ്പുകള്‍ തീരുമാനിച്ചു. അനധികൃത ആക്രി വ്യാപാരികള്‍ക്കെതിരെ പോലീസ് മിന്നല്‍ പരിശോധനകളും ആരംഭിച്ചു.Content Highlights: Scrap and land mafias in Bihar targeted unguarded public assets including a 60-foot iron bridge in Rohtas and a train engine in Begusarai. A mobile tower in Patna and a public pond in Darbhanga were also targeted through forgery and encroachment. Authorities launched audits and RPF vigilance.