ഷെയ്ഖ് ഹസീനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം ബംഗ്ലാദേശിന്; മുന്നറിയിപ്പുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

Wait 5 sec.

ന്യൂയോര്‍ക്ക് |  അടുത്ത മാസം 16-ന് ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ സര്‍ക്കാരിന് കര്‍ശന മുന്നറിയിപ്പുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഷെയ്ഖ് ഹസീനയ്‌ക്കോ ഒപ്പമുള്ളവര്‍ക്കോ എന്തെങ്കിലും തരത്തിലുള്ള പോറലേറ്റാല്‍ താരിഖ് റഹ്മാനും അദ്ദേഹത്തിന്റെ സര്‍ക്കാരും മാത്രമായിരിക്കും പൂര്‍ണ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.ന്യൂയോര്‍ക്കില്‍ നടന്ന ‘ബംഗ്ലാദേശിന്റെ ഭാവി’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002-2004 കാലയളവില്‍ പെന്റഗണില്‍ സേവനമനുഷ്ഠിച്ചയാളാണ് മൈക്കല്‍ റൂബിന്‍. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ഹസീന, ഈ സെമിനാറില്‍ മുഖ്യാതിഥിയായി ഓണ്‍ലൈന്‍ വഴി പങ്കെടുത്തിരുന്നു. ഇതേ സന്ദേശം ധാക്കയ്ക്ക് കൈമാറാന്‍ യുഎസ് അംബാസഡറോടും മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോടും റൂബിന്‍ അഭ്യര്‍ഥിച്ചു.ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടവുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇന്ത്യ ഉറച്ചുനില്‍ക്കണമെന്നും ഹസീനയ്ക്കുള്ള പിന്തുണ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടി. ഹസീനയുടെ ഭരണം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. അതേ സമയം, പലായനം ചെയ്തതിന് മാസങ്ങള്‍ക്ക് ശേഷം റദ്ദാക്കപ്പെട്ട യാത്രാരേഖകള്‍ പുനഃസ്ഥാപിച്ചു നല്‍കണമെന്നും ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ‘ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍’ തന്റെ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കണമെന്നും ഷെയ്ഖ് ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.വധശിക്ഷ നേരിടുന്ന ഹസീന തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷാമ ഒബൈദ് ഇസ്ലാം വ്യക്തമാക്കി. അവരെ തിരിച്ചുകൊണ്ടുവരാന്‍ വിമാനം അയക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.‘അവര്‍ ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ചാലുടന്‍ അറസ്റ്റ് ചെയ്യും. തുടര്‍ന്ന് ജയിലിലടയ്ക്കുകയും നിയമം അതിന്റെ വഴിക്ക് നീങ്ങുകയും ചെയ്യും,’ മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.Content Highlights: Former Pentagon official Michael Rubin warned Bangladesh Prime Minister Tarique Rahman’s government against any harm to Sheikh Hasina ahead of her planned December 16 return from India. Hasina sought restored travel documents and a Biman Bangladesh Airlines flight. Dhaka stated she faces immediate arrest and jail upon arrival.