ന്യൂഡല്‍ഹി| ചൈന, തുര്‍ക്കി, അമേരിക്ക, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ പാകിസ്താനായുള്ള സൈനിക സാമ്പത്തിക സഹായങ്ങള്‍ വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പാക് അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ. ജമ്മു കശ്മീരിലെ 740 കിലോമീറ്റര്‍ വരുന്ന നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരിയോടെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്ന് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.അഞ്ച് എസ്-400 സംവിധാനങ്ങള്‍ വാങ്ങുന്നതിനായി 2018-ല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച 5.43 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇതോടെ പൂര്‍ത്തിയാകും. 2027 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ സംവിധാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എസ്-400 ഒരു ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനമാണ്. ഇതിന് മുന്നോടിയായുള്ള പരിശോധനകള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കും.ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ കണ്ടെത്താനും തകര്‍ക്കാനും എസ്-400ന് ശേഷിയുണ്ട്. നിലവില്‍ നാല് എസ്-400 സംവിധാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതില്‍ മൂന്നെണ്ണം പാകിസ്ഥാനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഒന്ന് കിഴക്കന്‍ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മേയില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂറില്‍’ എസ്-400 സംവിധാനം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. പുതിയ സംവിധാനം കൂടി വരുന്നതോടെ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയും വ്യോമപ്രതിരോധ ശേഷിയും കൂടുതല്‍ ശക്തമാകും.Content Highlights: India plans to operationalize its fifth S-400 air defence system along the 740 km LoC in Jammu and Kashmir by February 2027. The delivery completes the 2018 $5.43 billion Russian deal, with pre-dispatch checks in December. The system played a key role during Operation Sindoor in May 2025.