ന്യൂയോര്‍ക്ക് | അമേരിക്കയില്‍ കൊടുങ്കാറ്റിനെയും പേമാരിയേയും തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി.അവധിക്കാല വിരുന്നുകള്‍ക്കായി കുടുംബങ്ങള്‍ ഒത്തുചേരുന്നതിനിടെ, രാജ്യത്തെ 9 ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ‘പവര്‍ ഔട്ടേജ്’ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.മാന്‍ഹട്ടന്റെ ഹൃദയഭാഗത്തുകൂടി വര്‍ണ്ണാഭമായ ഭീമന് ബലൂണുകള്‍ അണിനിരക്കുന്ന ന്യൂയോര്‍ക്കിലെ പ്രശസ്തമായ പരേഡ്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.സാധാരണയായി ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ആഘോഷങ്ങള്‍ കാണാന്‍ തടിച്ചുകൂടാറുള്ളത്. ഇതിനുമുമ്പ് രണ്ടാം ലോകമഹായുദ്ധസമയത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പരേഡ് റദ്ദാക്കിയതൊഴിച്ചാല്, താങ്ക്സ്ഗിവിംഗ് ദിനമായ വ്യാഴാഴ്ച പരേഡ് നടക്കാതിരിക്കുന്നത് ഇതാദ്യമാണ്.കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഉടനീളം വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ഉള്‍പ്രദേശങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചു. ശക്തമായ കാറ്റിലും മണ്ണ് കുതിര്‍ന്നതിനാലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും മുകളില്‍ വീണു.വൈദ്യുതി മുടക്കം ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍, പൈപ്പ് വെള്ളം മിതമായി ഉപയോഗിക്കാന്‍ മേരിലാന്‍ഡിലെ അധികൃതര്‍ ഏകദേശം 20 ലക്ഷം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. റോഡ് യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് നിരവധി പ്രധാന പാലങ്ങള്‍ അടച്ചിട്ടു.Content Highlights: A severe storm and heavy rain caused flooding, over 900,000 power outages, and hundreds of flight cancellations across the US. New York postponed its Thanksgiving parade to Saturday for safety, marking a rare shift in the event’s history. Officials urged reduced road travel and water conservation in Maryland.