ചേരാനല്ലൂര്‍ ബെന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം നീതിക്കായുള്ള പോരാട്ടത്തിലാണ്. മകള്‍ ഭദ്രകീര്ത്തിയാണ് ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ജീവന് അപഹരിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് പറയുന്ന ഭദ്രകീര്ത്തി, മറ്റൊരു കുടുംബവും ഈയൊരു വേദനയിലൂടെ കടന്നുപോകാതിരിക്കാന്‍ കൂടി വേണ്ടിയാണ് നിയമപോരാട്ടം തുടരുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ദ ക്യുവിന് നല്കിയ അഭിമുഖത്തില്‍ അച്ഛനൊപ്പമുള്ള മറക്കാനാകാത്ത നിമിഷങ്ങളെ കുറിച്ച് കൂടി ഭദ്രകീര്ത്തി മനസ് തുറക്കുന്നുണ്ട്. 24 വയസ്സായ തന്റെ ജീവിതത്തില്‍ അച്ഛനില്ലാത്ത ഒരു ഫ്രെയിം പോലുമില്ലെന്നാണ് ഈറനണിഞ്ഞ കണ്ണുകളോടെ ഈ മകള്‍ പറയുന്നത്. അപകടം നടന്നയുടന്‍ പൊലീസ് സംവിധാനവും മറ്റും പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വിമര്‍ശനവും ഭദ്രകീര്ത്തി ഉന്നയിക്കുന്നുണ്ട്. ഈ പൊലീസുകാര്‍ക്കെതിരെ എടുത്ത സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായും അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കി.