അവകാശ സമരങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന യുഡിഎഫ് സർക്കാർ നയം തൊഴിലാളി വർഗ സംസ്കാരത്തിന് നിരക്കാത്തത്: സിഐടിയു

Wait 5 sec.

കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച് സർക്കാരും മാനേജ്‌മെന്റും നടത്തുന്ന രാഷ്ട്രീയ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും, അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി നടത്തുന്ന സമരങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയം കേരളത്തിന്റെ മഹത്തായ തൊഴിലാളി വർഗ്ഗ സംസ്കാരത്തിന് തീർത്തും നിരക്കാത്തതാണ്. കേരളത്തിന്റെ സാമൂഹികവും തൊഴിൽപരവുമായ മുന്നേറ്റത്തിന് അടിത്തറയിട്ടത് ശക്തമായ തൊഴിലാളി പോരാട്ടങ്ങളാണ്.തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്താനല്ല, മറിച്ച് അവരോട് ചർച്ച നടത്തി ജനാധിപത്യപരമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചരിത്രത്തിലുടനീളം കേരളം മുൻഗണന നൽകിയിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമായ സ്ഥലമാറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 16 മുതൽ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് മുന്നിൽ സമരം നടന്നു വരികയാണ്. അംഗീകൃത ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് നാളിതുവരെ നടപ്പിലാക്കിപ്പോന്ന സേവന-വേതന കരാറിലെ മാനദണ്ഡങ്ങളും സീനിയോറിറ്റിയും കാറ്റിൽപ്പറത്തിയാണ് നിലവിലെ യു.ഡി.എഫ് സർക്കാർ ഏകപക്ഷീയമായി സ്ഥലമാറ്റങ്ങൾ നടപ്പാക്കുന്നത്. കരാർ വ്യവസ്ഥകൾ ലംഘിച്ച് രാഷ്ട്രീയ വിരോധത്തോടെ ഇറക്കിയ ഉത്തരവുകൾ ഉടൻ പിൻവലിക്കണം. നിയമാനുസൃതം നോട്ടീസ് നൽകി ആരംഭിച്ച സമരത്തിലെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ മാനേജ്‌മെന്റോ സർക്കാരോ തയ്യാറാകാത്തത് ജനാധിപത്യപരമായ തൊഴിൽ സംസ്കാരത്തോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായ പ്രകോപനങ്ങൾ സൃഷ്ടിച്ച മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണ് ഉന്നത ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതടക്കമുള്ള സമരമാർഗ്ഗങ്ങളിലേക്ക് യൂണിയന് കടക്കേണ്ടി വന്നത്.Also read: യു ഡി എഫ്, ബി ജെ പി യുടെ ‘ബി’ ടീമല്ല, സൂപ്പർ ടീമായി മാറി: പി രാജീവ്എന്നാൽ, ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് ഇന്ന് മാനേജ്‌മെന്റ് ശ്രമിച്ചത്. സി.എം.ഡി, എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പോലീസ് അകമ്പടിയോടെ ബലം പ്രയോഗിച്ചാണ് ഓഫീസിൽ പ്രവേശിപ്പിച്ചത്. തൊഴിലാളികളുടെ ശബ്ദം കേൾക്കാനും അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനും തയ്യാറാകുന്നതാണ് കേരളം ഉയർത്തിപ്പിടിക്കുന്ന തൊഴിൽ സംസ്കാരം. അതിന് വിരുദ്ധമായി അടിച്ചമർത്തൽ നയം സ്വീകരിക്കുന്ന യു.ഡി.എഫ് സമീപനം തിരുത്തപ്പെടണം. കഴിഞ്ഞ 31 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടുThe post അവകാശ സമരങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന യുഡിഎഫ് സർക്കാർ നയം തൊഴിലാളി വർഗ സംസ്കാരത്തിന് നിരക്കാത്തത്: സിഐടിയു appeared first on Kairali News | Kairali News Live.