വി എസിന്റെ മലയാളം; സാംസ്കാരിക രാഷ്ട്രീയത്തിൽ

Wait 5 sec.

അധികാരം, ബലപ്രയോഗം എന്നിവകൾ മാനദണ്ഡങ്ങളായ രാഷ്ട്രീയ സമൂഹത്തിന്റെ നിലനിൽപ്പ് പൗരസമൂഹത്തിനുമേലുള്ള പ്രത്യയശാസ്ത്രപരമായ അധീശത്വത്തിന്റെ (ഹെജിമണി) ഫലമായി സംഭവിക്കുന്നതാണ്. പൊതുസമ്മതി (Consensus), പ്രേരണാശക്തി (Motivational inspiration) എന്നിവകളിലൂടെയാണ് പൗരസമൂഹത്തിൽ പ്രത്യയശാസ്ത്രപരമായ മേൽക്കോയ്മ സാധ്യമാക്കുക.ഹെജിമണിയെ സംബന്ധിച്ച ഉൾക്കാഴ്ചയുള്ള മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിശകലനം സാധ്യമാക്കിയ തൊഴിലാളി വർഗ്ഗ വിപ്ലവകാരിയും സൈദ്ധാന്തികനും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായിരുന്നു അന്റോണിയോ ഗ്രാംഷിപ്രസംഗങ്ങൾക്ക് പ്രസ്തുത രാഷ്ട്രീയ പ്രക്രിയയിൽ സുപ്രധാന പങ്കുവഹിക്കാനുണ്ട്. കർഷക തൊഴിലാളി പ്രസ്ഥാനം ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും സംഭാവന ചെയ്ത വർഗ്ഗഭാവുകത്വത്തിന്റെ ഉജ്വല പ്രതീകം സ. വി എസിന്റെ പ്രസംഗങ്ങൾ ആ നിലയിൽ സവിശേഷമായ പഠനങ്ങൾ അർഹിക്കുന്നുണ്ട്.സർ. സി.പി യുടെ രാജഭരണം ക്രൂരവാഴ്‌ച്ച എന്നിവകൾക്കെതിരായി 1940 കളിൽ കുട്ടനാട്ടിലെ സർവ്വസാധാരണക്കാരായ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ചുമതലപ്പെടുമ്പോൾ സ. വി എസിന് പതിനെട്ട് വയസ്സാണ്. പ്രാദേശിക ഭാഷാ പ്രയോഗങ്ങളുടെ ജനാധിപത്യവത്ക്കരണ പ്രക്രിയ എങ്ങനെയാണ് സംഭവിക്കുക എന്നതിന്റെ സംസാരിക്കുന്ന ഉദാഹരണം കൂടിയാണ് വി എസ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ തനത് ഭാഷാ ശൈലികളിൽ അദ്ദേഹത്തിന്റെ പദസമ്പത്തും അതിന്റെ ചടുലവും സ്വാഭാവികവുമായ വിനിമയങ്ങളും രൂപംകൊണ്ടു.ചൂഷണരഹിതമായ സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള വർഗ്ഗബോധത്തിന്റെ രാഷ്ട്രീയ മൂശയിൽ അടിച്ചമർത്തപ്പെട്ടവരുടെ അതിജീവന സമരങ്ങൾക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ മാനകഭാഷയുടെ ‘ഭംഗി’ തേടലുണ്ടായിരുന്നില്ല. സോഷ്യലിസത്തിനും കമ്യൂണിസത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമരപോരാട്ടങ്ങളിൽ ഭാഷ കേവലമൊരു ആശയവിനിമയ ഉപാധി മാത്രമായിരുന്നില്ല. മറിച്ച് ഭൗതികവും സാമൂഹികവുമായ പ്രയോഗമെന്ന നിലയിൽ ഭാഷ അധികാര ബലാബലങ്ങൾ, ചരിത്രം, പൊതുബോധം എന്നിവകളെ രൂപപ്പെടുത്തുന്നതിലെ പ്രധാന ശക്തി എന്ന തിരിച്ചറിവും തദ്ദേശീയവും തനതുമായ ഭാഷാ ശൈലികളിൽ കാലദേശഭേദമെന്യേ ഉറച്ചു നിൽക്കാൻ വി എസിന് പ്രേരണ നൽകി.വി എസിന്റെ മലയാളവും അതിന്റെ പ്രയോഗ രീതികളും മലയാള ഭാഷാ ശാസ്ത്രത്തിന് അതിന്റെ വസ്തുനിഷ്ഠവും സമഗ്രവുമായ അപഗ്രഥനപഠനങ്ങൾക്ക് പുതിയ ദിശാബോധം പകരുന്നവയാണ്. ഭാഷാ പ്രയോഗത്തിൽ ശരീരം ഒരുപാധി എന്ന നിലയിൽ ചെലുത്തുന്ന പങ്ക് എന്നതിന്റെ ദൃശാവിഷ്ക്കാരം കൂടിയാണ് വി എസിന്റെ പ്രസംഗാവിഷ്ക്കരണങ്ങൾ. വാക്കുകളുടെ ഊക്കിൽ ശരീരം വില്ലുപോലെ വളയുകയോ വികാരവിക്ഷുബ്ധതകൾക്കനുസരണം സ്പ്രിങ്ങിനു സമാനം ചലിക്കുകയോ ചെയ്യുന്നു. എന്നാൽ ശരീരരൂപഘടനയിലേക്ക് വിവിധ അളവുകളിൽ പ്രവഹിക്കുന്ന വൈദ്യുതപ്രവാഹങ്ങൾ ഒരളവിലും വാക്കുകളുടെ കൃത്യത, വ്യക്തത എന്നിവകളെ ദുർബലപ്പെടുത്തുന്നില്ല എന്നത് വിഷയങ്ങൾക്കുമേലുള്ള ആഴമേറിയ അവഗാഹവും അറിവും പഠനവുമെല്ലാമല്ലാതെ മറ്റൊന്നല്ല. ഈ നിലയിൽ വിഭിന്നമായ പ്രകടനത്തിലൂടെ ഭാഷയുടെ വ്യവസ്ഥയിലും വി എസ് മാറ്റങ്ങൾ സൃഷ്ടിക്കുന്നു.പദതലം, അർത്ഥതലം, ഉച്ഛാരണം എന്നിവകളെ അടിസ്ഥാനപ്പെടുത്തുന്ന ഭാഷാവിശകലനങ്ങളിൽ മലയാളത്തിലെ വി എസിന്റെ മലയാളം തനതായൊരു ഭാഷാവഴി കണ്ടെത്തുന്നു. ശുദ്ധ ഭാഷാ – മാനക ഭാഷാ സങ്കൽപ്പനങ്ങളിൽ നിന്നും ബോധപൂർവ്വം വ്യതിചലിച്ച് തദ്ദേശീയമായ ഭാവുകത്വങ്ങളിൽ സർഗ്ഗാത്മകത സാധ്യമാക്കാൻ അത് പരിശീലനവും ധൈര്യവും പകർന്നു നൽകുന്നു. കലയിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം മാനക ഭാഷാ പ്രയോഗങ്ങളിൽ നിന്നും ബോധപൂർവ്വം വ്യതിചലിക്കുന്ന പരീക്ഷണങ്ങൾ അനവധി കാണാം.ഭാഷാ പ്രയോഗങ്ങളിലെ നീട്ടലുകൾ, താളബദ്ധമായ കുറുക്കലുകൾ, ഊന്നലുകൾ, ശബ്ദസംവിധാനങ്ങൾ, ഉപമകൾ, ഉൽപ്രേക്ഷകൾ, അനുപ്രാസങ്ങൾ തുടങ്ങിയവകളിലെല്ലാം വി എസ് തനതായ രീതിശാസ്ത്രം വെച്ചുപുലർത്തി.തിരുവിതാംകൂർ, വള്ളുവനാടൻ, മലബാർ മലയാള ശൈലികളുടെ വ്യത്യാനങ്ങൾ ഒന്നും തന്നെ അനുവാചകരെ സ്വാധീനിക്കുന്നതിൽ വി എസിന്റെ പ്രസംഗ ശൈലിക്ക് തടസമായതേ ഇല്ല. ആശയം ബഹുജനങ്ങളിലേക്കെത്തിക്കുന്നതിന് വി എസിൽ രൂപപ്പെട്ടത് സ്വാനുഭവങ്ങളിൽ നിന്നുമാർജ്ജിച്ച തികച്ചും നൈസർഗ്ഗികമായ നിലകളിലെ വിനിമയ ശൈലിയാണെന്നത് കക്ഷിരാഷ്ട്രീയത്തിനപ്പുറം ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സിദ്ധിവൈഭവങ്ങളുടെ പ്രകാശനമാണ്.ദാർശനികമായ ചിന്താപദ്ധതികൾ അവതരിപ്പിക്കുമ്പോഴും സ്വതസിദ്ധമായ ഭാഷാശൈലിയിൽ തുടരാനായതും അത് ആൾക്കൂട്ട/ കേഡർ ഭേദമന്യേ തുല്യപ്രാധാന്യത്തോടെ ഉൾക്കൊള്ളപ്പെട്ടതും സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിലെ ആശയവിനിമയങ്ങളിലെ ഭാഷാഭേദഭൂപടനിർമ്മാണത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്.മതവർഗ്ഗീയതയുടെആൾരൂപങ്ങളായ സംഘപരിവാർ കുയുക്തികളുടെ സന്ധി ബന്ധങ്ങളിൽ ജനഹിതത്തിൻ്റെ ചുറ്റിക പ്രഹരമായി വി എസിൻ്റെ വാക് ശരങ്ങൾ മാറി.‘പശു നിങ്ങള്‍ക്ക് അമ്മയാണെങ്കില്‍ കാള നിങ്ങളുടെ അച്ഛനാണോ’ എന്ന ആക്ഷേപ ഹാസ്യം തുളുമ്പുന്ന കുറിക്കു കൊണ്ട ചോദ്യം ആർ എസ് എസ് നിലനിൽക്കുന്നതിനു മപ്പുറം അവരെ പിന്തുടർന്നു കൊണ്ടേയിരിക്കും.‘കേരളത്തിലെ പല രൂപതകളും രൂപ…താ… രൂപ..താ’ എന്ന നിലയിലേക്ക് ഇപ്പോള്‍ മാറിയെന്ന ക്ലാസിക്കൽ പ്രയോഗം ബ്ലേഡ് മാഫിയാ സ്വഭാവമുള്ളസഭകൾക്കെതിരായചാട്ടുളിയായി.ഫിനാൻസ് മൂലധനതാത്പര്യങ്ങൾ വെച്ചുപുലർത്തുന്നമുഖ്യധാരാമാധ്യമങ്ങൾ വി എസിന്റെ മലയാളത്തെ നിലവാരം കുറഞ്ഞത് എന്ന നിലയിൽ വ്യാഖ്യാനിക്കുന്നതിനും അതിന്മേലൂന്നി ശരീരനിന്ദ നടത്തുന്നതിനും ചെലവഴിച്ച ഊർജ്ജവും അതേ വി എസിന്റെ ഭാഷയെ ഉദാത്തമെന്നു വിശേഷിപ്പിച്ച് വാനോളം പുകഴ്ത്തിയതും മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന ചരിത്ര സന്ദർഭങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് മാധ്യമങ്ങളുടെ വർഗ്ഗ സ്വഭാവത്തെ വിശകലനം ചെയ്യുന്നതിൽ വി എസ് ഉയർന്ന ജാഗ്രത പാലിച്ചുപോന്നു.Also Read: പാറ്റകൾക്കൊപ്പമല്ല; മാറി നിന്ന് പ്രതിഷേധിച്ച് കോൺ​ഗ്രസ്1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമായി ബന്ധപ്പെട്ട് ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാന കണ്ണി, നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി ജനകീയ സമര നേതൃത്വം തുടങ്ങിയ നിലകളിൽ എല്ലാം സ്വാധീനമാകുന്നതിൽ അദ്ദേഹം പിൻപറ്റിയ പ്രത്യയശാസ്ത്രവും അതിന്റെ പ്രചരണ ഉപാധിയായ ഭാഷ അതിന്റെ ശൈലി എന്നിവ തത്തുല്യമായ പങ്കു വഹിച്ചിട്ടുണ്ട്. വി എസിന്റെ ഭൗതികമായ അസാന്നിധ്യത്തിലും ഡിജിറ്റൽ മാധ്യമങ്ങളടക്കമുള്ള ആശയവിനിമയ സങ്കേതങ്ങളിൽ വി എസിന്റെ മലയാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് പ്രായ – ലിംഗഭേദമന്യേ തലമുറകൾക്കപ്പുറം വി എസിന്റെ മലയാളത്തിന് സംസ്കാരത്തിൽ തുടർച്ചകളുണ്ടാകുന്നത്; അത് ചരിത്ര ബോധത്തിൽ സ്വാധീനമാകുന്നത്.പുകസ തിരുവന്തപുരം ജില്ലാ പ്രസിഡ​ന്റാണ് ലേഖകൻThe post വി എസിന്റെ മലയാളം; സാംസ്കാരിക രാഷ്ട്രീയത്തിൽ appeared first on Kairali News | Kairali News Live.