വഖഫ് ബോർഡിൽ അനുചിതമായി ഇടപെടാനുള്ള സംസ്ഥാന സർക്കാരിൻറെ ശ്രമത്തിൻറെ ഭാഗമായി ഹൈക്കോടതിയിൽ ഹർജിക്കാരുമായി ഒത്തുകളിച്ച് നേടിയെടുത്ത ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.വഖഫ് ബോർഡിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാൽ ആശങ്കാജനകമായ കാര്യം പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുമെന്ന ഹൈക്കോടതിയിൽ കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അതേപടി സുപ്രീംകോടതിയിലും ഇന്ന് ആവർത്തിക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. ഇതിൽ ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അവിടെ നിന്നുള്ള ഒരംഗത്തേയും ഇതിനോടകം വിവാദമായ അമുസ്ലീം അംഗങ്ങളെയും എൽഡിഎഫ് സർക്കാർ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ബോധിപ്പിച്ച ഇൻറർവെൻഷൻ ഹർജിയിൽ വഖഫ് ബോർഡിൽ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാൻ പാടുള്ളതല്ലെന്ന കൃത്യമായ നിലപാടും സ്വീകരിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഹർജിയിലെ പരാമർശവും അദ്ദേഹം പങ്കുവെച്ചു.“There is no rational behind inclusion of non-Muslim members in the Waqf Boards and there is strong legal contention that such inclusion of non-Muslims violates articles 14, 25 & 26 of the Constitution of India. As per the amended section 14 of the Act, members from Muslim Community will be a minority in the board. Except the 4 members under clause (c) of sub-section (1) of section 14 all the seven members can be non-Muslims and it is left to the State Government to nominate members of their choice in the Waqf Board”.ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന ശക്തമായ വാദമാണ് എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ കേസിൻറെ വാദം പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സെക്ഷൻ 14 പ്രകാരമുള്ള മുഴുവൻ അംഗങ്ങളെയും നിയമിക്കേണ്ട ഒരു അത്യാവശ്യഘട്ടവും സംസ്ഥാന സർക്കാരിന് മുമ്പിലില്ലാത്തതിനാൽ എൽഡിഎഫ് സർക്കാർ അമുസ്ലീങ്ങളായ അംഗങ്ങളെ വഖഫ് ബോർഡിൽ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ കൂടി നിയമിച്ചാൽ കേസ് തന്നെ ദുർബ്ബലപ്പെട്ടുപോകും. ഇതറിയാത്തവരല്ല നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുസ്ലീംലീഗ് അടക്കമുള്ളവരെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ഇപ്പോഴത്തെ ഈ നയം മാറ്റം സുപ്രീംകോടതിയിൽ നിലനിൽക്കുന്ന റിട്ട് ഹർജികൾ മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്നും ന്യൂനപക്ഷ താൽപ്പര്യങ്ങൾ ബലികഴിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.Also Read: സഹകരണ മേഖലയെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം നടക്കുന്നു: പിണറായി വിജയൻകേരളത്തിൽ അധികാരമാറ്റം നടന്ന ഉടൻ തന്നെ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിനെതിരായ എല്ലാ പ്രതിരോധവും അവസാനിച്ചുപോകുന്നത് ആശങ്കാജനകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുകയും അതേസമയം സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്യുകയാണ് യുഡിഎഫ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വഖഫ് ബോർഡ് അംഗങ്ങൾക്ക് എന്തോ ചില അയോഗ്യത ഉണ്ടെന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഫയൽ ചെയ്ത സ്റ്റേറ്റ്മെൻറിലും അത്തരത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വഖഫ് ബോർഡ് അംഗങ്ങൾക്ക് അയോഗ്യതയുണ്ടെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കുവാൻ സർക്കാരിന് അധികാരവും ബാധ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരത്തിൽ നിയമം അനുശാസിക്കുന്ന ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പകരം മാധ്യമങ്ങളിലൂടെയും കോടതിയടക്കമുള്ള ഫോറങ്ങളെ തെറ്റിദ്ധരിപ്പിച്ചും പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വഖഫ് നിയമത്തിനെ എതിർക്കുന്ന എല്ലാ വിഭാഗം ആൾക്കാരും സംഘടനകളും അമുസ്ലീങ്ങളുടെ നിയമനത്തെ തള്ളിക്കളയുകയാണ്. എന്നാൽ അതടക്കം നടപ്പിലാക്കുമെന്നാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അധികാരമാറ്റത്തിന് ശേഷം വഖഫ് ബോർഡ് പിടിച്ചടക്കാനുള്ള ഗൂഢനീക്കമാണ് ഇതിനെല്ലാം പിറകിലുള്ളത്. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അതിന് മുമ്പത്തെ യുഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡിനെ കാലാവധി കഴിയും വരെ (2019) തുടരാൻ അനുവദിക്കുകയുണ്ടായി. ഇത്തരം സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ രാഷ്ട്രീയ അട്ടിമറി നടത്തുവാനാണ് ഇപ്പോൾ യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിൻറെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന സംഘപരിവാർ സ്പോൺസേർഡ് നിയമത്തെ അതേടപടി സ്വീകരിക്കുന്ന നിലയിലേക്ക് യുഡിഎഫ് അധഃപ്പതിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കേരളം ഉയർത്തിയ നിയമപോരാട്ടങ്ങൾ ദുർബ്ബലപ്പെടാതിരിക്കാൻ ഇപ്പോഴത്തെ വഖഫ് ബോർഡിൻറെ പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു.The post വഖഫ് വിഷയം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ആശ്വാസകരമെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.