സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (X) തങ്ങളുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് (Redesigned Android App) പുറത്തിറക്കി. വേഗതയേറിയ പെർഫോമൻസ് (Performance) ഉറപ്പുനൽകുന്നതിനായി ഏകദേശം ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഐ ഒ എസ് (iOS) പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആൻഡ്രോയിഡിൽ ഉണ്ടായിരുന്ന പ്രവർത്തനക്ഷമതയിലെ കുറവുകൾ പരിഹരിക്കാനാണ് പുതിയ ആപ്പ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തത്.ലോഡിംഗ്, സ്ക്രോളിംഗ്, നോട്ടിഫിക്കേഷനുകൾ എന്നിവയിൽ വലിയ മെച്ചപ്പെടുത്തലുകൾ പുതിയ ആപ്പിൽ വരുത്തിയിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പ്രോജക്റ്റുകളിൽ ഒന്നാണിതെന്ന് എക്സിലെ പ്രൊഡക്റ്റ് തലവൻ നികിത ബിയർ (Nikita Bier) പ്രസ്താവിച്ചു. ഒക്ടോബറിൽ ആൻഡ്രോയിഡ് ഡൗൺലോഡുകളിൽ ഉണ്ടായ വൻ വർദ്ധനവാണ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്യാൻ കാരണമായത്.പുതിയ പതിപ്പ് കൂടുതൽ വേഗതയുള്ളതും സുഗമവും കാര്യക്ഷമവുമാണെന്ന് വ്യക്തമാക്കിയ നികിത ബിയർ, ഭാവിയിൽ പുതിയ ഫീച്ചറുകൾ പെട്ടെന്ന് ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. എക്സ് മണി (X Money), എക്സ് ചാറ്റ് (X Chat) എന്നീ സ്റ്റാൻഡ്എലോൺ ആപ്പുകൾ അടുത്തിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരുന്നു. ആൻഡ്രോയിഡ് തരംഗമുള്ള ആഗോള വിപണികളിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുകയാണ് ഈ പുതിയ അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ പോസ്റ്റുകൾ ലോഡ് ചെയ്യാതിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.എങ്കിലും, പഴയ ആൻഡ്രോയിഡ് ഡിവൈസുകളിലെ പെർഫോമൻസിലും ലൈവ് ഓഡിയോ ഫീച്ചറായ സ്പേസസിലും ഇനിയും ചില പ്രശ്നങ്ങൾ ബാക്കിയുണ്ടെന്നും അവ പരിഹരിച്ചു വരികയാണെന്നും കമ്പനി സമ്മതിക്കുന്നു. വീഡിയോ എഡിറ്റർ, റിയാക്റ്റ് വിത്ത് വീഡിയോ, ക്യാഷ്‌ടാഗുകൾ, കസ്റ്റം ടൈംലൈനുകൾ എന്നിവയും ആൻഡ്രോയിഡിൽ ഭാവിയിൽ അവതരിപ്പിക്കും. ഗൂഗിൾ പ്ലേ സ്റ്റോർ (Google Play Store) വഴി നിലവിലുള്ള ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കാം.Content HighlightsElon Musk’s X has officially launched a redesigned Android app built from scratch to fix performance gaps and deliver faster loading, smoother scrolling, and reliable notifications. The new foundation enables the team to deploy upcoming features like custom timelines and video editing much quicker. Users can access the updated experience directly from the Google Play Store.