സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ 90 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. നിലവില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. ഇന്ത്യയുടെ പുതിയ ടി20 നായകനായി സ്ഥാനമേറ്റ ശേഷം ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു.രണ്ടാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്കോറുയര്‍ത്തി. സിംബാബ്വെയുടെ പോരാട്ടം വെറും 17.5 ഓവറില്‍ 129 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും ഉറപ്പിച്ചത്. ടോസ് നേടി സിംബാബ്വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.32 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നറ്റ്, 24 റണ്‍സെടുത്ത തദിവന്‍ഷെ മധേവരെ, 20 റണ്‍സെടുത്ത റിയാന്‍ ബുല്‍ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. വലറ്റത്ത് 11 പന്തില്‍ 19 റണ്‍സെടുത്ത് ബ്രാഡ് ഇവാന്‍സ് പൊരുതിയെങ്കിലും അധികം നീണ്ടില്ല.ഇന്ത്യന്‍ ബൗളര്‍മാരില്‍ അഭിഷേക് ശര്‍മ 3 വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരന്‍ യഷ് ഠാക്കൂറും തിളങ്ങി. താരം 2 വിക്കറ്റെടുത്തു. പ്രിന്‍സ് യാദവും 2 വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.നേരത്തെ ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച ലക്ഷ്യം മുന്നില്‍ വച്ചത്. ഓപ്പണര്‍ അഭിഷേക് ശര്‍മ വീണ്ടും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ കന്നി അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി നേടിയ വണ്ടര്‍ കിഡ് ഓപ്പണര്‍ വൈഭവ് സൂര്യവംശി 9 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 20 റണ്‍സെടുത്തു പുറത്തായി. അഭിഷേക് 8 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും പിന്നാലെ തിലക് വര്‍മയേയും കൂട്ടുപിടിച്ച് ഇഷാന്‍ പോരാട്ടം സിംബാബ്വെ ക്യാംപിലേക്ക് നയിക്കുകയായിരുന്നു.ഇഷാനാണ് ടോപ് സ്കോറര്‍. താരം 44 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 81 റണ്‍സെടുത്തു. തിലക് 29 പന്തില്‍ 5 ഫോറും 3 സിക്സും തൂക്കി 60 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് 25 റണ്‍സെടുത്തു. റിങ്കു സിങ് 12 റണ്‍സുമായി മടങ്ങി. ശിവം ദുബെ 6 റണ്‍സുമായി പുറത്താകാതെ നിന്നു.സിംബാബ്വെ നിരയില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഒഴികെയുള്ള ബൗളര്‍മാര്‍ വിക്കറ്റെടുത്തു. ബ്ലസിങ് മുസരബാനി, റിച്ചാര്‍ഡ് എന്‍ഗരവ, ബ്രാഡ് ഇവാന്‍സ്, ന്യൂമാന്‍ ന്യാംഹുരി, ബ്രിയാന്‍ ബെന്നറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.The post 90 റണ്സിന്റെ കൂറ്റന് വിജയം; സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ appeared first on ഇവാർത്ത | Evartha.