കെസിഎല്ലിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്റെ താരങ്ങൾ

Wait 5 sec.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടു ഒരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്.ടൂർണമെന്റിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളിൽ ഒന്നായ ‘ട്രിവാൻഡ്രം റോയൽസ്’ വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയൽസ് ജേഴ്സിയിൽ അണിനിരക്കുന്നത്. കൃഷ്ണ പ്രസാദ്, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ, രാഹുൽ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ റൺവേട്ടയിൽ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റൺസുമായി കൃഷ്ണപ്രസാദും 437 റൺസുമായി അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും അഹ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസും നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തിൽ ലഭിച്ചത്.കൂടാതെ ഷോൺ റോജർ, അഭിഷേക് ജെ നായർ, മാനവ് കൃഷ്ണ, കൃഷ്ണദേവൻ തുടങ്ങി ബാറ്റർമാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയ അഭിഷേക് ജെ നായർ ഇക്കുറിയും കൊല്ലം സെയിലേഴ്സിനൊപ്പം തന്നെയാണ്. യുവതാരങ്ങളായ ഷോൺ റോജറും മാനവ് കൃഷ്ണയും തൃശൂരിനായും പാഡുകെട്ടും. ദേശീയ അണ്ടർ 19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ. അർജുനും ഏവരും ഉറ്റുനോക്കുന്ന താരങ്ങളാണ്. ബാറ്റിങ്ങിലെപ്പോലെ ബൗളിങ്ങിലും ഓൾറൗണ്ട് മികവിലും വിവിധ ടീമുകൾക്ക് കരുത്തായി തിരുവനന്തപുരത്തിന്റെ താരങ്ങൾ ഇത്തവണ രംഗത്തുണ്ട്.Also read: ഫിഫ ലോകകപ്പ് 2026: ജോർദാന്റെ പുതിയ പരിശീലകനായി ചുമതല ഏൽക്കാൻ ബദൗ സാഖികഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീൺ ബാറ്റിങ്ങിലും ചില മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ചിരുന്നു. ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് ഇത്തവണ അഭിജിത്തിനെ സ്വന്തമാക്കിയത്. അഭിജിത്തിന് പുറമെ വിജയ് വിശ്വനാഥ്, ബിജു നാരായണൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ താരങ്ങളും ഓൾറൗണ്ട് മികവുമായി മൂന്നാം സീസണിലേക്കായി തയ്യാറെടുക്കുകയാണ്. ബൗളിങ്ങിൽ ഏദൻ ആപ്പിൾ ടോം, രാഹുൽ ചന്ദ്രൻ തുടങ്ങിയ താരങ്ങളും ഇത്തവണ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് കെസിഎല്ലിലുണ്ട്. മുഹമ്മദ് ഷാനു, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ തുടങ്ങിയവരാണ് ജില്ലയിൽ നിന്നുള്ള മറ്റ് താരങ്ങൾThe post കെസിഎല്ലിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്റെ താരങ്ങൾ appeared first on Kairali News | Kairali News Live.