യുഡിഎഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രിയദർശിനി ബസ് സർവീസിൽ ക്രമക്കേട് കണ്ടെത്തിയതായി കെഎസ്ആർടിസി. പുരുഷ യാത്രക്കാർക്ക് വനിതാ യാത്രക്കാർക്കുള്ള ടിക്കറ്റുകൾ നൽകി പണം കൈപ്പറ്റിയെന്ന പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിവിധ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി കെഎസ്ആർടിസി പരിശോധന വിഭാഗം അറിയിച്ചു. പത്തനാപുരം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ ബസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നേരിട്ട് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.സംഭവത്തെ തുടർന്ന് വിവിധ ഡിപ്പോകളിലെ മൂന്ന് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്. പ്രിയദർശിനി ബസുകളിൽ ഇത്തരം ക്രമക്കേടുകൾ വ്യാപകമാണെന്നും ഇത് കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും പരിശോധന വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, തിരക്കേറിയ സർവീസുകളിൽ അബദ്ധത്തിൽ ടിക്കറ്റുകൾ മാറി നൽകുന്ന സംഭവങ്ങളെയാണ് തട്ടിപ്പായി വ്യാഖ്യാനിക്കുന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം. ചില സന്ദർഭങ്ങളിൽ വനിതാ യാത്രക്കാർ ഉപേക്ഷിക്കുന്ന ടിക്കറ്റുകൾ പുരുഷ യാത്രക്കാർ ഉപയോഗിക്കുന്നതും ഇത്തരം സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നിയമലംഘനം സ്ഥിരീകരിക്കുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.The post പ്രിയദർശിനി ബസുകളിൽ ക്രമക്കേട് ആരോപണം; മൂന്ന് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ് appeared first on ഇവാർത്ത | Evartha.