സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ലീവ് സറണ്ടർ വെട്ടി യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2026 മെയ് 18-ന് അധികാരമേറ്റ യുഡിഎഫ് സർക്കാർ, ജൂൺ 11-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് കാലങ്ങളായി ജീവനക്കാർക്ക് ലഭിച്ചിരുന്ന ഈ ആനുകൂല്യം റദ്ദാക്കിയത്. പ്രതിവർഷം 30 ദിവസത്തെ ലീവ് സറണ്ടർ അനുവദിച്ചിരുന്ന രാജ്യത്തെ ഏക സംസ്ഥാനമായിരുന്നു കേരളം.ജീവനക്കാർക്ക് അവർ ജോലി ചെയ്ത ഓരോ വർഷത്തെയും സേവനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ദിവസങ്ങൾ ആർജിത അവധിയായി (EL) അക്കൗണ്ടിൽ ലഭ്യമാകും. ഈ അവധികൾ വർഷങ്ങളോളം സൂക്ഷിച്ചുവെക്കാനും, പിന്നീട് അത് സറണ്ടർ ചെയ്ത് പണമാക്കി മാറ്റാനും നിയമമുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 30 ദിവസത്തെ അവധി വരെ ഇത്തരത്തിൽ എൻക്യാഷ് ചെയ്ത് മാറ്റാം. വിരമിക്കൽ സമയത്ത് പരമാവധി 300 ദിവസത്തെ അവധി വരെ ഒരുമിച്ച് സറണ്ടർ ചെയ്യാനും സാധിക്കും.ALSO READ: ദേശാഭിമാനി വാരാന്തപ്പതിപ്പ്: നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ, കെ ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല: എം സ്വരാജ്എന്നാൽ യുഡിഎഫ് സർക്കാരിന്റെ പുതിയ നടപടി താഴ്ന്ന വരുമാനക്കാരായ ജീവനക്കാരെപ്പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലീവ് സറണ്ടർ ആനുകൂല്യത്തോടുള്ള യുഡിഎഫ് സർക്കാരുകളുടെ നിഷേധാത്മക സമീപനം മുൻപും ചർച്ചയായിട്ടുണ്ട്. 1992-ൽ ലീവ് സറണ്ടർ 15 ദിവസമായി വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ, 2002-ൽ അത് പൂർണ്ണമായും നിർത്തലാക്കിയിരുന്നു. പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരുകളാണ് ഈ ആനുകൂല്യം പുനസ്ഥാപിച്ചത്. ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് 45 ദിവസം വരെ ലീവ് സറണ്ടർ ചെയ്യാൻ അനുവാദമുണ്ടായിരുന്നു.ലീവ് സറണ്ടർ മരവിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ കേരളത്തിൽ മുൻപും രക്തരൂക്ഷിതമായ സമരങ്ങൾ നടന്നിട്ടുണ്ട്. 1983-ൽ യുഡിഎഫ് സർക്കാർ ഏകപക്ഷീയമായി ലീവ് സറണ്ടർ മരവിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച എൻജിഒ യൂണിയൻ പ്രവർത്തകർക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തിയിരുന്നു. അന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരുടെ തല അടിച്ചുതകർത്താണ് പോലീസ് ആ സമരത്തെ നേരിട്ടത്.2021 മെയ് മാസം വരെ കേരളത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ലീവ് സറണ്ടർ പിൻവലിക്കാമായിരുന്നു. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതോടെയാണ് ലീവ് സറണ്ടർ അടക്കമുള്ള ചില ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതിൽ ആ സർക്കാരിന് പ്രയാസം വന്നത്. എങ്കിലും എന്ത് പ്രതിസന്ധിയുണ്ടായാലും ലീവ് സറണ്ടർ അടക്കമുള്ള ഒരു ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്നും അത് നൽകുമെന്നും എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നാളിതുവരെ ക്ലാസ് ഫോർ വിഭാഗം ജീവനക്കാർക്ക് പണമായും മറ്റുള്ളവർക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് അവരവരുടെ അക്കൗണ്ടിലും ലീവ് സറണ്ടർ ലഭ്യമായിരുന്നു. ഇക്കാലമത്രയും ലീവ് സറണ്ടർ എന്ന ആനുകൂല്യം സംരക്ഷിക്കപ്പെട്ടിരുന്നു. അതിനാണ് യു ഡി എഫ് സർക്കാർ ഇപ്പോൾ വിള്ളലേൽപ്പിച്ചിരിക്കുന്നത്.ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ തന്നെ പലതിനും തടയിടുന്ന സാഹചര്യം തന്നെയാണ് ഇത്. മുൻപും ഇതേ പോലെ ആയിരുന്നു ഇവരുടെ നിലപാട്. 1988-ൽ എൽഡിഎഫ് സർക്കാർ 45 ദിവസത്തെ സറണ്ടർ നൽകിയത് 1992- ൽ യു ഡി എഫ് സർക്കാർ 15 ദിവസമായി വെട്ടിക്കുറച്ചു. 1998 ൽ എൽഡിഎഫ് സർക്കാർ വീണ്ടും വർദ്ധിപ്പിച്ചെങ്കിലും 2002-ൽ യു ഡി എഫ് സർക്കാർ പൂർണമായും ഇല്ലാതാക്കി ഉത്തരവിറക്കി. സർക്കാർ ജീവനക്കാർ 12 മാസം ജോലി ചെയ്ത് 13 മാസത്തെ ശമ്പളം വാങ്ങണ്ട എന്നാണ് ലീവ് സറണ്ടർ നിർത്തലാക്കിയ അന്നത്തെ യു ഡി എഫ് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞത്. ഇതിനെതിരെ 32 ദിവസം തുടർച്ചയായിട്ടാണ് സർക്കാർ ജീവനക്കാർ സമരം ചെയ്തത്. ഭരണാധികാരികളുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്ന് കേരളത്തിലെ സർക്കാർ ജീവനക്കാർ തെളിയിച്ച പ്രക്ഷോഭം തന്നെ ആയിരുന്നു അത്.യുഡിഎഫിന്റെയും അവർക്ക് പിന്നിൽ ചരടുവലി നടത്തിയ അന്താരാഷ്ട്രമൂലധനശക്തികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ചരിത്രം സൃഷ്ടിച്ച് മുന്നേറിയത്. കേരളം ഒന്നടങ്കം ഈ പണിമുടക്കിനു പിന്നിൽ അണിനിരന്നു. ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും മറ്റാനുകൂല്യങ്ങളിലും കുറവുവരുത്തിയാൽ അത് മറ്റു തൊഴിലാളിവിഭാഗങ്ങളുടെ കൂലിയിലും ആനുകൂല്യങ്ങളിലും പ്രതിഫലിക്കുമെന്ന ബോധമായിരുന്നു ഇതിന് കാരണം. 32 ദിവസം നീണ്ടു നിന്ന പണിമുടക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഒത്തു തീർന്നെങ്കിലും സർക്കാർ ജോലിക്കാരുടെ ഇടയിൽ അതുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. പിന്നീട് അഞ്ചു വർഷത്തെ ഭരണത്തിനു ശേഷം യു.ഡി.എഫ് കളം ഒഴിഞ്ഞു, ഇടതു മുന്നണി അധികാരത്തിലേറി. ആദ്യമായി ചെയ്തത് സമരത്തിനോട് അനുബന്ധിച്ച് എടുത്ത എല്ലാ സർക്കാർ ശിക്ഷണ നടപടികളും റദ്ദ് ചെയ്യുക എന്നതായിരുന്നു. ഇപ്പോൾ വീണ്ടും യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ലീവ് സറണ്ടർ വെട്ടുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ഇത് താഴ്ന്ന വരുമാനക്കാരായ ജീവനക്കാരെപ്പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് തീർച്ചയാണ്.The post ‘വിസ്മയം’ സർക്കാർ ജീവനക്കാർക്കും; ലീവ് സറണ്ടറിൽ കത്രിക വെച്ച് യു.ഡി.എഫ് സർക്കാർ appeared first on Kairali News | Kairali News Live.