സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയത് മൂലമാണെന്ന് ആവർത്തിച്ച് പറയുകയാണ് യുഡിഎഫ് സർക്കാർ. ഉമ്മൻചാണ്ടി സർക്കാർ 25 വർഷത്തേക്ക് നാലുരൂപ ഇരുപത്തിയൊമ്പത് പൈസയുടെ കരാർ വെച്ചിരുന്നുവെന്നും അത് പിണറായി സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറയുകയുണ്ടായി. ഇതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അന്ന് തന്നെ മറുപടിയും നൽകിയിരുന്നു. എന്നാൽ ഇതേ കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വീണ്ടും ആവർത്തിച്ചു.യൂണിറ്റിന് 4.29 രൂപ പരമാവധി നൽകി 25 വർഷത്തേക്ക് 500 മെഗാവാട്ടിന്റെ കരാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയതാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ. ഈ കരാർ പ്രകാരം സംസ്ഥാനത്ത് 7 വർഷത്തോളം കേരളം വൈദ്യുതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കരാറിനോട് എതിർപ്പുണ്ടെങ്കിലും അത് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് കണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് എൽഡിഎഫ് സർക്കാർ 2016 ൽ തന്നെ വ്യക്തമാക്കിയിരുന്നു.പ്രധാനമായും മൂന്ന് കമ്പനികളുമായിട്ടായിരുന്നു ഈ ദീർഘകാല കരാർ. 115 മെഗാവാട്ട് 4.11 രൂപയ്ക്കും 350 മെഗാവാട്ട് വൈദ്യുതി 4.29 രൂപയ്ക്കും നൽകാമെന്നായിരുന്നു കരാറെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങാതെയാണ് മന്ത്രി ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ചിരുന്നത്. മാത്രവുമല്ല ടെൻഡർ അംഗീകരിക്കുന്ന പ്രക്രിയയിൽ കേന്ദ്ര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി കണ്ടെത്തി. ടെൻഡർ വിളിച്ചാൽ ആ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്കാണ് കരാർ നൽകേണ്ടത്. ഈ വ്യവസ്ഥ ഉമ്മൻചാണ്ടി സർക്കാർ ലംഘിക്കുകയായിരുന്നു. ഈ പ്രശ്നം റെഗുലേറ്ററി കമ്മീഷനും, അക്കൗണ്ടന്റ് ജനറലും സംസ്ഥാന ഊർജ്ജ വകുപ്പും എൽഡിഎഫ് സർക്കാരിനെ അറിയിക്കുകയായിരുന്നു. റഗുലേറ്ററി കമ്മീഷന്റെ കൂടി ആവശ്യാർത്ഥമാണ് എൽഡിഎഫ് സർക്കാർ സവിശേഷ അധികാരം പ്രയോഗിച്ച് കരാർ റദ്ദാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പിലാക്കിയ കരാറായതിനാൽ അതുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം അന്നത്തെ എൽഡിഎഫ് സർക്കാർ അഭിമുഖീകരിക്കുകയായിരുന്നു.ALSO READ: ‘വിസ്മയം’ സർക്കാർ ജീവനക്കാർക്കും; ലീവ് സറണ്ടറിൽ കത്രിക വെച്ച് യു.ഡി.എഫ് സർക്കാർ2022 ലാണ് കരാർ റദ്ദാക്കുന്നത്. അതിനുശേഷം 2023-2024 വർഷം എൽനിനോ പ്രതിസന്ധി ഏറ്റവും വലിയ തീവ്രതയിൽ അനുഭവപ്പെട്ടു. 2025 ലും കടുത്ത വേനൽ ഉണ്ടായി. ഈ കാലയളവിലൊന്നും എൽഡിഎഫ് സർക്കാർ കേരളത്തിൽ പവർക്കട്ട് നടപ്പിലാക്കിയിട്ടില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ ക്രിയാത്മകമായി ഇടപെട്ടതുകൊണ്ടാണ് കേരളത്തിൽ പവർക്കട്ട് ഉണ്ടാകാതിരുന്നത്.എന്നാൽ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് “പോവുന്ന പോക്കിൽ ഉമ്മൻചാണ്ടി കാലത്തെ വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി” എന്നാണ്. അതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ വൈദ്യുതി കരാർ റദ്ദാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചിട്ടും ഒരു കൂസലുമില്ലാതെ നുണ പറയുകയാണ് മുഖ്യമന്ത്രി ഇന്ന് ചെയ്തത്. മാത്രമല്ല, 2022 മുതൽ ഉമ്മൻചാണ്ടി കാലത്തെ കരാർ നിലവിലില്ലെന്ന വസ്തുതയും ബോധപൂർവ്വം മറച്ചുപിടിക്കുകയാണ് മുഖ്യമന്ത്രി.The post ആവർത്തിക്കുന്ന നുണ; പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടും കൂസലില്ലാതെ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.