രാഷ്ട്രരഹിതരുടെ മരണസഞ്ചാരങ്ങള്‍

Wait 5 sec.

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അഭയം തേടി നടത്തുന്ന ദുരിത യാത്രകള്‍ കടലിലൊടുങ്ങുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ആവര്‍ത്തനം കൊണ്ട് അപ്രധാനമായിത്തീരുകയാണ്. എന്തൊരു ഭീകരാവസ്ഥയാണിത്. മനസ്സാക്ഷിയുള്ള മനുഷ്യരുടെ ഉറക്കം കെടുത്തുന്ന ഈ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളെയും ആഗോളസമൂഹമെന്നൊക്കെ വിളിക്കപ്പെടുന്ന വന്‍ശക്തി രാഷ്ട്ര കൂട്ടായ്മകളെയും അലോസരപ്പെടുത്തുന്നേയില്ല. ലോകത്താകെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഭൂതക്കണ്ണാടിവെച്ച് നോക്കി ഇനം തിരിച്ച് തങ്ങളുടെ രാഷ്ട്രീയ കുറ്റാരോപണങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമേരിക്കയും കൂട്ടാളികളും മ്യാന്മറിലെ റോഹിംഗ്യകള്‍ രാഷ്ട്രരഹിതരായി അലയുന്നതിനോട് ശരിയായി പ്രതികരിക്കാറില്ല. മേഖലയിലെ ധാതുസമ്പത്തില്‍ കണ്ണുവെക്കുന്ന ചൈനയും മ്യാന്മറിലെ പട്ടാളഭരണത്തോടൊപ്പമാണ്. ഇന്ത്യ പോലും ഈ മനുഷ്യരോട് അങ്ങേയറ്റം ദയാരഹിതമായാണ് പെരുമാറാറുള്ളത്.മ്യാന്മറിലെ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് ഇന്തോനേഷ്യയോ തായ്‌ലാന്‍ഡോ ലക്ഷ്യമാക്കി സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി 500 ലേറെ പേര്‍ മരിച്ചുവെന്നാണ് യു എന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐ ഒ എം)യും യു എന്‍ അഭയാര്‍ഥി ഏജന്‍സി (യു എന്‍ എച്ച് സി ആര്‍)യും പുറത്തുവിട്ട പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത് ജൂണ്‍ അവസാനമാണ് യാനങ്ങള്‍ പുറപ്പെട്ടതെന്നാണ്. വിവരങ്ങള്‍ പുറത്തുവരാന്‍ പിന്നെയും ദിവസങ്ങളെടുത്തു. എത്രപേര്‍ കടലിലൊടുങ്ങിയെന്നതിന് ഇപ്പോഴും കണക്കില്ല. സ്വന്തം മണ്ണില്‍ നിന്നും പൗരത്വത്തില്‍ നിന്നും ഭാഷയില്‍ നിന്നും മനുഷ്യനെന്ന പ്രതിനിധാനത്തില്‍ നിന്ന് പോലും തിരസ്‌കൃതരാക്കപ്പെട്ടവരെ കുറിച്ച് എന്ത് കണക്കുണ്ടാകാനാണ്? അവര്‍ ഒരു കണക്കിലുമില്ലല്ലോ.ലോകത്തെ ഏറ്റവും ക്രൂരമായ വംശഹത്യക്ക് വിധേയമാകുന്ന ജനതയേതെന്ന ചോദ്യത്തിന്റെ ഒറ്റയുത്തരമാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. മ്യാന്മറിലെ പട്ടാളഭരണവും ജനാധിപത്യ ധ്വംസനവും ആംഗ് സാന്‍ സൂകിയുടെ ജയില്‍വാസവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഈ ജനതയുടെ വേദനയും അലച്ചിലും അപമാനവും ഇത്തരിയെങ്കിലും ചര്‍ച്ചയാകണമെങ്കില്‍ കൂട്ടമരണങ്ങള്‍ വേണം. മ്യാന്മറിലെ റോഹിംഗ്യകളുടെ പ്രധാന വാസകേന്ദ്രമായ റാഖൈന്‍ പ്രവിശ്യയില്‍ ഭയാനകമായ നിശബ്ദതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അവിടെയുള്ള മുസ്‌ലിംകള്‍ നല്ലൊരു ശതമാനവും പലയിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. ഇപ്പോഴും പല നാടുകളിലായി അലഞ്ഞും അറസ്റ്റ് ചെയ്യപ്പെട്ടും അവര്‍ കഴിയുന്നുണ്ട്. 2017 ആഗസ്റ്റില്‍ ബുദ്ധ ഭീകരവാദികളും സൈന്യവും ചേര്‍ന്ന് നടത്തിയ വംശശുദ്ധീകരണത്തിന് ശേഷം റോഹിംഗ്യകള്‍ക്ക് അവിടെ സാധാരണ ജീവിതവും അസാധ്യമായി. ഉള്ളവര്‍ തന്നെ അഭയാര്‍ഥി ക്യാമ്പുകളിലാണ്. പുറത്തേക്ക് പോയവരില്‍ നല്ല പങ്കും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലും. ആ ചെറു രാജ്യത്തിന്റെ കാരുണ്യത്തെ വില മതിക്കുമ്പോഴും റോഹിംഗ്യന്‍ മുസ്‌ലിംകളെ കുറിച്ചുള്ള മനുഷ്യ സ്‌നേഹികളുടെ ആധി കുറയ്ക്കുന്നതിന് ഈ ക്യാമ്പുകള്‍ പര്യാപ്തമാകുന്നില്ല. അവ ജയിലുകള്‍ തന്നെയാണ്. യു എസ് അടക്കമുള്ള എല്ലാ ഫണ്ട് ദാതാക്കളും പിന്‍വാങ്ങിയതോടെ ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ നരകയാതനയിലാണ് ഒമ്പത് ലക്ഷത്തോളം വരുന്ന മനുഷ്യര്‍.ക്യാമ്പുകള്‍ ജയില്‍പലരും ദിവസങ്ങളോളം കാട്ടിലൂടെ നടന്നും ബംഗാള്‍ ഉള്‍ക്കടലിലൂടെ അപകടകരമായ കടല്‍ യാത്ര നടത്തിയുമാണ് ബംഗ്ലാദേശിലെത്തിയത്. മ്യാന്മറിനോട് ചേര്‍ന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ മേഖലയിലാണ് പ്രധാന ക്യാമ്പ്. മൊത്തം 1.2 ദശലക്ഷം പേരുണ്ട് ബംഗ്ലാദേശില്‍. ശരിയാണ് ഈ ക്യാമ്പില്‍ അവര്‍ “സുരക്ഷി’തരാണ്. പക്ഷേ, പരിതാപകരമാണ് അവിടുത്തെ അവസ്ഥ. വെള്ളമില്ല, ഭക്ഷണമില്ല, വൃത്തിയില്ല, ചികിത്സയില്ല. കുട്ടികള്‍ക്ക് പഠനവുമില്ല. ഇതെല്ലാം ഒരുക്കാന്‍ ബംഗ്ലാദേശിലെ സര്‍ക്കാര്‍ ആഗ്രഹിച്ചാലും അവരുടെ കൈയില്‍ പണമില്ല. അഭയാര്‍ഥി ക്യാമ്പുകളിലെ മനുഷ്യരുടെ നിരാശ പ്രകടമാണ്. തിരിച്ചു സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കൂ എന്നാണ് അവര്‍ മുറവിളി കൂട്ടുന്നത്. എങ്ങോട്ടാണ് പോകുക? അക്രമാസക്ത ബുദ്ധ തീവ്രവാദികളുടെ ഇടയിലേക്കോ? പട്ടാള ഭരണകൂടത്തിന്റെ ക്രൗര്യത്തിലേക്കോ?ബ്രിട്ടീഷ് കൊളോണിയലിസത്തിലൂടെയാണ് റോഹിംഗ്യകള്‍ മ്യാന്മറിലെത്തിയതെന്നും അതിനാല്‍ അവര്‍ മ്യാന്മറിലെ പൗരന്മാരല്ലെന്നുമുള്ള പ്രചാരണത്തില്‍ നിന്ന് അവിടെയുള്ള രാഷ്ട്രീയ നേതൃത്വം ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. ആംഗ് സാന്‍ സൂകി അധികാരം കൈയാളിയപ്പോഴും ഇപ്പോഴത്തെ ജുണ്ടാ ഭരണത്തിലും ഈ നുണ ആവര്‍ത്തിക്കപ്പെടുന്നു. രാഷ്ട്രരഹിതരായ മനുഷ്യരായി ഇവരെ മാറ്റുന്നത് ഈ നുണയാണ്. 1982ലെ പൗരത്വ നിയമം അവരെ സമ്പൂര്‍ണമായി അന്യരാക്കി.അഭയാര്‍ഥിയായിത്തീരുന്നത് ആഴത്തിലുള്ള വേദനയാണ്. സ്വന്തം മണ്ണില്‍ കാലൂന്നി നില്‍ക്കാനാകാതെ തകര്‍ന്നടിയുന്ന അവസ്ഥയാണ് അത്. യുദ്ധം, ആഭ്യന്തര സംഘര്‍ഷം തുടങ്ങിയവ ജീവിതം അസാധ്യമാക്കിത്തീര്‍ത്ത ഇടങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. വംശം, മതം, സംസ്‌കാരം തുടങ്ങിയ സ്വത്വബോധങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴാണ് അവര്‍ അഭയം തേടിയിറങ്ങുന്നത്. ജീവന്‍ നിലനിര്‍ത്തണമെന്നേ അഭയാര്‍ഥിക്കുള്ളൂ. നിയമവിരുദ്ധമായ അഭയാര്‍ഥി എന്നൊന്ന് ലോകത്തില്ലെന്നാണ് ഇതുസംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്‍ പറയുന്നത്. അഭയാര്‍ഥിയെ സൃഷ്ടിക്കുന്നത് ശാക്തിക ബലാബലത്തില്‍ മേല്‍ക്കൈ നേടിയവരാണ്. അവരുടെ ഇടപെടലുകളാണ് ജനപഥങ്ങളെ പാഴ്ഭൂമിയാക്കുന്നത്. മനുഷ്യനിര്‍മിതമായ പ്രതിസന്ധിയാണ് അത്.ഇന്ത്യ ചെയ്യുന്നത്അഭയാര്‍ഥിയാകുകയെന്നത് ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഏത് ജനതക്കുമേലും പതിക്കാവുന്ന വിധിയാണ്. അത്തരം മനുഷ്യരോട് ഐക്യപ്പെടുകയും അവരുടെ സത്യം വിളിച്ചു പറയുകയും അവരെ സഹായിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് മാനവികതയുടെ അടയാളമാണ്. മനുഷ്യത്വവിരുദ്ധമായ ഏത് പ്രത്യയശാസ്ത്രവും അഭയാര്‍ഥിവിരുദ്ധമായിരിക്കും. നാസിസവും ഫാസിസവും അങ്ങനെയായിരുന്നു. നവനാസിസവും ട്രംപിസവും അങ്ങനെയാണ്. ഹിന്ദുത്വയും. റോഹിംഗ്യന്‍ അഭയാര്‍ഥികളോട് യാതൊരു കാരുണ്യവും സാധ്യമല്ലെന്നാണ് നരേന്ദ്ര മോദി അധികാരമേറ്റ ശേഷം യൂനിയന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. അഭയാര്‍ഥിത്വത്തില്‍ മതം കാണുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാഷ്ട്രത്തിന് ഒരു മതവിഭാഗത്തോട് മമതയോ വിദ്വേഷമോ പാടില്ലെന്ന മതേതര മൂല്യത്തെ ഈ സത്യവാങ്മൂലം വെല്ലുവിളിക്കുന്നു. ഇന്ത്യയില്‍ അനധികൃതമായാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എത്തുന്നതെന്നും അവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാന്‍ നിഷ്‌കര്‍ഷിക്കരുതെന്നും യൂനിയന്‍ സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ഇടുങ്ങിയ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്. ആര്‍ട്ടിക്കിള്‍ 14, 21 എന്നിവ മാത്രമെടുത്താല്‍ ഇത് മനസ്സിലാകും. ആര്‍ട്ടിക്കിള്‍ 14 നിയമത്തിന് മുന്നിലെ സമത്വം ഉറപ്പ് നല്‍കുന്നു. ഈ ഉറപ്പ് ഇന്ത്യന്‍ ഭൂവിഭാഗത്തില്‍ താമസിക്കുന്ന സര്‍വ മനുഷ്യര്‍ക്കും, വിദേശ പൗരന് പോലും അനുവദിച്ചു കൊടുക്കുന്നുണ്ട്. വൈദേശിക ആധിപത്യത്തിന്റെ വേദനയും അപമാനവും വിവേചനവും അനുഭവിച്ച ഒരു രാജ്യം സ്വതന്ത്രമാകുമ്പോള്‍ കൈക്കൊള്ളേണ്ട മഹത്തായ മൂല്യമാണ് ആര്‍ട്ടിക്കിള്‍ 14 ഉയര്‍ത്തിപ്പിടിക്കുന്നത്. സമാനമാണ് ആര്‍ട്ടിക്കിള്‍ 21ന്റെയും താത്പര്യം. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 14ഉം 21ഉം അനുസരിച്ചുള്ള പരിരക്ഷ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കാനാകില്ലെന്ന നിലപാടാണ് യൂനിയന്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അവര്‍ അനധികൃത കുടിയേറ്റക്കാരാണ്, അഭയാര്‍ഥികളല്ല എന്നതാണ് വിചിത്ര വാദം. അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷനില്‍ (യു എന്‍ എച്ച് സി ആര്‍) നിന്ന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കരസ്ഥമാക്കിയ അഭയാര്‍ഥി കാര്‍ഡ് ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 1951ലെ യു എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്ന ന്യായവും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നു.ചെറു വെളിച്ചംറോഹിംഗ്യന്‍ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി ജെ)യില്‍ ഗാംബിയ നല്‍കിയ കേസില്‍ വിചാരണ തുടങ്ങിയിരിക്കുന്നുവെന്നത് വലിയ ആശ്വാസം നല്‍കുന്നതാണ്. അതിനര്‍ഥം ഐ സി ജെയില്‍ എന്തെങ്കിലും അത്ഭുതം നടക്കുമെന്നോ മ്യാന്മറിലെ നരമേധത്തിന് നേതൃത്വം കൊടുത്തവര്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നുവെന്നോ അല്ല. മറിച്ച് ഈ മനുഷ്യരെ ലോകം കണ്‍തുറന്ന് കാണുന്നുവെന്നതാണ് ഗാംബിയ നടത്തിയ ഈ നീക്കത്തിന്റെ പ്രാധാന്യം. വംശഹത്യയുടെ സ്വഭാവവും വ്യാപ്തിയും ആഴത്തില്‍ പഠിച്ച ഡാനിയല്‍ ഫിയര്‍സ്റ്റീന്‍ അടക്കമുള്ളവര്‍ മ്യാന്മറില്‍ നടന്നത് വംശഹത്യയുടെ ഏറ്റവും ഭീകരമായ അധ്യായമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഭയം തേടിയുള്ള അപകടകരമായ യാത്രകളും ഒരു തീരവും അവരെ സ്വീകരിക്കില്ലെന്ന ഭീകരസത്യവും ചേരുമ്പോള്‍ തോണി മനുഷ്യര്‍ എന്ന വിശേഷണം റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അന്വര്‍ഥമാകുന്നു.ഏഴര ലക്ഷത്തോളം റോഹിംഗ്യകളെ സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞ വംശഹത്യാ ആക്രമണം നടന്ന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഐ സി ജെ ഈ വിഷയം വിചാരണക്കെടുക്കുന്നത്. ഗാംബിയയുടെ അറ്റോര്‍ണി ജനറലും നീതിന്യായ മന്ത്രിയുമായ ദവ്ദ എ ജാലോ ഐ സി ജെ ജഡ്ജിമാര്‍ക്ക് മുമ്പില്‍ വെച്ച വസ്തുതകള്‍ ഭയപ്പെടുത്തലിന്റെയും ആട്ടിയോടിക്കലിന്റെയും കൂട്ടക്കൊലയുടെയും ബലാത്സംഗം, തീവെപ്പ് തുടങ്ങിയവയുടെയും നേര്‍സാക്ഷ്യങ്ങളാണ്. അഷിന്‍ വിരാതുവെന്ന ബുദ്ധ ഭീകരവാദി സന്യാസിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ നിന്ന് ജീവനും കൊണ്ടോടിയ റോഹിംഗ്യകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഈ കേസിന് ബലം നല്‍കുന്നു. റോഹിംഗ്യന്‍ വംശഹത്യ സംബന്ധിച്ച കേസ് അന്താരാഷ്ട്ര കോടതിയില്‍ കേള്‍ക്കുന്നത് ഇതാദ്യമാണ്. 1948ലെ ജെനോസൈഡ് കണ്‍വെന്‍ഷന്റെ ലംഘനമാണ് മ്യാന്മറില്‍ നടന്നതെന്നാണ് ഗാംബിയ പ്രധാനമായും വാദിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ അംഗമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ. ഇസ്‌റാഈലിന്റെ ഫലസ്തീന്‍ വംശഹത്യയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലെന്ന പോലെ, വിസ്മൃതിയിലാണ്ടുപോയ റോഹിംഗ്യന്‍ വംശഹത്യ ഒരിക്കല്‍ കൂടി ലോകത്തിന്റെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ ഐ സി ജെയിലെ നടപടികള്‍ സഹായിക്കും.