പരിശോധനയുടെ പേരില്‍ പ്രവാസികളെ അപമാനിക്കരുത്

Wait 5 sec.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും വിയര്‍പ്പൊഴുക്കി അധ്വാനിച്ച് തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികളാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും നേരിടേണ്ടി വരുന്നത് കുറ്റവാളികളോടെന്ന മട്ടിലുള്ള പെരുമാറ്റമാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്ത ദിവസം ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയായ ഐ ടി ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തുകയും കടുത്ത മാനസിക പീഡനത്തിനിരയാക്കുകയും ചെയ്തതായി മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും നല്‍കിയ പരാതിയില്‍ ഈ പ്രവാസി സുഹൃത്ത് പറയുന്നു.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും സുരക്ഷാ പരിശോധനയുടെ പേരിലുള്ള പീഡനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംശയത്തില്‍ ഉദ്യോഗസ്ഥര്‍ അതിരുവിട്ട പരിശോധനയും സ്വര്‍ണം ലഭിക്കാതെ വരുമ്പോള്‍ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലും നടത്തുന്നതായി പ്രവാസി സംഘടനകള്‍ വ്യോമയാന കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. 2017ല്‍ കൊച്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യുവതിയോട് സുരക്ഷാ പരിശോധനയുടെ പേരില്‍ വസ്ത്രങ്ങളും സാനിറ്ററി പാഡുമടക്കം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത് വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമാണ്. ആര്‍ത്തവ വേളയിലായിരുന്ന യുവതി ശക്തമായി എതിര്‍ത്തെങ്കിലും ഒടുവില്‍ അപമാനകരമായ രീതിയില്‍ പരിശോധന നേരിടേണ്ടി വന്നു.സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, വിദേശനാണയ വിനിമയ ലംഘനം, ഭീകര പ്രവര്‍ത്തനം തുടങ്ങിയവ പ്രതിരോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധനക്ക് കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമം അനുവാദം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഇത്തരം പരിശോധനകള്‍ ആവശ്യവുമാണ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഗേജും യാത്രക്കാരനെയും പരിശോധിക്കേണ്ടി വരും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും മയക്കുമരുന്നും പിടികൂടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ അധികാരം പക്ഷേ പൗരന്റെ സ്വകാര്യത, അന്തസ്സ് തുടങ്ങി ഭരണഘടന ഉറപ്പ് നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം. ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം മാത്രമല്ല, വ്യക്തിയുടെ അന്തസ്സും ഉറപ്പ് നല്‍കുന്നുണ്ട്. സ്വകാര്യത സുപ്രീം കോടതി മൗലികാവകാശമായി അംഗീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ഘട്ടത്തില്‍ യുക്തിസഹമായി മാത്രമേ ഒരു വ്യക്തിയുടെ ശരീരത്തില്‍ പരിശോധന നടത്താവൂ. പരിശോധനക്ക് അധികാരമുള്ള ഉദ്യോഗസ്ഥനെന്നതു കൊണ്ട് ആരെയും അപമാനിക്കാനുള്ള അവകാശം നിയമം നല്‍കുന്നില്ല.കുറ്റവാളിയെ കണ്ടെത്തലാണ് പരിശോധനയുടെ ലക്ഷ്യം; നിരപരാധിയെ അപമാനിക്കലല്ല. സംശയത്തിന്റെ പേരില്‍ ഒരാളെ നഗ്‌നനാക്കുകയോ പരിഹസിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ അനാവശ്യമായി മണിക്കൂറുകളോളം തടഞ്ഞുവെക്കുകയോ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനവും ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതുമാണ്. യാത്രക്കാരന്റെ മാന്യത സംരക്ഷിച്ചായിരിക്കണം ഏത് പരിശോധനയും. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയും (പഴയ സി ആര്‍ പി സി) കസ്റ്റംസ് ആക്ടും അനുസരിച്ച് ഒരു വ്യക്തിയെ വിശദമായ പരിശോധനക്ക് വിധേയനാക്കുമ്പോള്‍ വ്യക്തമായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പരിശോധന മറ്റുള്ളവരുടെ കണ്ണില്‍പ്പെടാത്ത സ്വകാര്യ മുറിയില്‍ വെച്ച് മാത്രമായിരിക്കണം. സ്ത്രീകളെ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമേ പരിശോധിക്കാവൂ. വ്യക്തിപരമായ സംശയത്തിന്റെ പേരില്‍ വസ്ത്രങ്ങള്‍ അഴിപ്പിച്ച് പരിശോധിക്കരുത്. അതിന് തക്കകാരണം വേണം. വിമാനത്താവളങ്ങളില്‍ പലപ്പോഴും ചില ഉദ്യോഗസ്ഥര്‍ നിയമപരമായ ഈ നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ല. ആധുനിക സാങ്കേതികവിദ്യ വളരെയേറെ വളര്‍ന്ന ഇന്നത്തെ സാഹചര്യത്തിലും വസ്ത്രം അഴിച്ചുമാറ്റി പരിശോധന തുടരുന്നത് കസ്റ്റംസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും സര്‍ക്കാറിന്റെയും കഴിവുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകത്തെ മുന്‍നിര വിമാനത്താവളങ്ങളിലെല്ലാം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഹോള്‍ബോഡി സ്‌കാനറുകളുടെയും മില്ലിമീറ്റര്‍ വേവ് ടെക്നോളജിയുടെയും സഹായത്തോടെയാണ് ദേഹപരിശോധനകള്‍ നടത്തുന്നത്. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊച്ചി തുടങ്ങിയ ചില പ്രമുഖ വിമാനത്താവളങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനമുള്ളത്. അതും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.പരിശോധനയുടെ പേരിലുള്ള പീഡനങ്ങളും പ്രാകൃത പരിശോധനാ രീതിയും ഇനിയും ആവര്‍ത്തിക്കാനിടവരരുത്. യാത്രാക്ഷീണത്തോടെ കുടുംബത്തെ കാണാനുള്ള ആകാംക്ഷയുമായി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസി, ഉദ്യോഗസ്ഥരുടെ അപമാനകരമായ പെരുമാറ്റവും കൂടിയാകുമ്പോള്‍ മാനസികമായി പാടേ തളര്‍ന്നു പോകും. കണ്ണൂര്‍ വിമാനത്താവള സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങളുടെയും ഡ്യൂട്ടിരേഖകളുടെയും പരാതിക്കാരന്റെയും ഉദ്യോഗസ്ഥരുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി വസ്തുത കണ്ടെത്തേണ്ടതുണ്ട്. ഒരു സ്വതന്ത്ര സമിതിയായിരിക്കണം അന്വേഷണം നടത്തേണ്ടത്. പരാതി ശരിയെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പ്രവാസികള്‍ രാജ്യത്തിനു നല്‍കുന്ന സാമ്പത്തിക സംഭാവനകളെക്കുറിച്ച് വാചാലരാകുന്ന ഭരണകൂടം അവരെ സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന സമീപനം തിരുത്തുകയും വേണം.