സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് 2024-25 അധ്യയന വര്‍ഷത്തില്‍ 2,914 വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചതായി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സംസ്ഥാനത്ത് 2,914 വലിയൊരു സംഖ്യയല്ലെങ്കിലും കൊഴിഞ്ഞുപോയവരില്‍ 24 ശതമാനം (704 പേര്‍) പഠനത്തോട് താത്പര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ ഉപേക്ഷിച്ചതെന്ന വസ്തുത, ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവിടെ പ്രശ്‌നം സംഖ്യയുടെ വലിപ്പ, ചെറുപ്പമല്ല. പഠനത്തോടുള്ള കുട്ടികളുടെ മനോഭാവത്തില്‍ സംഭവിക്കുന്ന മാറ്റമാണ്.പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനു മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍ സജ്ജീകരിക്കുന്നതിലും സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം വര്‍ധിപ്പിക്കാനും സഹായകമായി. എന്നാല്‍ കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസ്സ് മുറികളും മാത്രം മികച്ച വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമാകുന്നില്ല. കുട്ടികള്‍ക്ക് പഠനത്തോട് ആത്മബന്ധം വളരുന്നുണ്ടോ, ക്ലാസ്സ് മുറികളും സ്‌കൂള്‍ അന്തരീക്ഷവും അവര്‍ക്ക് സന്തോഷം നല്‍കുന്ന ഇടമാണോ, അവരുടെ കഴിവുകളെ അംഗീകരിക്കുന്ന അന്തരീക്ഷമാണോ എന്നീ ചോദ്യങ്ങളും ഇവിടെ പ്രസക്തമാണ്.പഠനത്തിലെ താത്പര്യക്കുറവ് ഒരു വിദ്യാര്‍ഥിയുടെ വ്യക്തിപരമായ മടിയായി മാത്രം വിലയിരുത്തരുത്. പഠനം ജീവിതവുമായി ബന്ധപ്പെടാതിരിക്കുമ്പോഴും പഠനാനുഭവം നിരന്തര സമ്മര്‍ദമായി മാറുമ്പോഴും സ്വന്തം കഴിവുകള്‍ അംഗീകരിക്കപ്പെടാതെ വരുമ്പോഴുമാണ് പഠനത്തോടുള്ള അകല്‍ച്ച അനുഭവപ്പെടുന്നത്. ഇവിടെ ഒരു കുട്ടിയുടെ പഠന താത്പര്യമില്ലായ്മക്കു പിന്നില്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ പങ്കും കുടുംബത്തിന്റെ പങ്കും പരിശോധിക്കപ്പെടേണ്ടതുണ്ട്.പരീക്ഷകളെയും മാര്‍ക്കുകളെയും അവലംബിച്ചാണ് ഇന്നത്തെ വിദ്യാഭ്യാസം. സ്വാഭാവികമായും എല്ലാ കുട്ടികള്‍ക്കും ഒരു പോലെ മാര്‍ക്ക് നേടാനോ മികച്ച വിജയം നേടാനോ സാധിക്കില്ല. മാര്‍ക്ക് കുറയുന്ന കുട്ടികളെ മടിയന്മാരെന്നോ പഠിക്കാന്‍ കഴിവില്ലാത്തവരെന്നോ മുദ്രകുത്തുന്നത് അവരില്‍ വലിയ മാനസികാഘാതം സൃഷ്ടിക്കും. ഇത് ക്രമേണ സ്‌കൂളില്‍ നിന്ന് മാറിനില്‍ക്കാനുള്ള പ്രവണതയായി വളരുന്നു.കുടുംബാന്തരീക്ഷത്തിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ തൊഴില്‍പരമായ തിരക്കുകള്‍, കുട്ടികളുമായി ചെലവഴിക്കുന്ന സമയത്തിലെ കുറവ്, കുടുംബത്തിലെയും അയല്‍പക്കത്തെയും കുട്ടികളുമായുള്ള താരതമ്യം, മാതാപിതാക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ തുടങ്ങിയവ കുട്ടികളില്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കുട്ടികളുടെ കഴിവും താത്പര്യവും മനസ്സിലാക്കിയുള്ള സമീപനത്തേക്കാള്‍ ഉയര്‍ന്ന മാര്‍ക്കിനുള്ള സമ്മര്‍ദമാണ് പല കുടുംബങ്ങളിലും നിലനില്‍ക്കുന്നത്. ഇത്തരം അന്തരീക്ഷത്തില്‍ പഠനാസ്വാദന സാധ്യത കുറയുന്നു.അധ്യാപകര്‍ക്കുമുണ്ട് കൊഴിഞ്ഞുപോക്കില്‍ പങ്ക്. കുട്ടികളെ ക്ലാസ്സ് മുറികളിലേക്കും പഠനത്തിലേക്കും ആകര്‍ഷിക്കുന്ന വിധം മനശ്ശാസ്ത്രപരമായി ക്ലാസ്സെടുക്കാന്‍ പ്രാപ്തരല്ല അധ്യാപകരില്‍ നല്ലൊരു പങ്കും. പുതിയ തലമുറയുടെ പഠനരീതിയും താത്പര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കെ, ഏകപക്ഷീയമായ പ്രഭാഷണ ശൈലിയിലുള്ള ക്ലാസ്സുകള്‍ അവരില്‍ വിരസത സൃഷ്ടിക്കുകയും പഠനത്തില്‍ നിന്ന് അകറ്റുകയും ചെയ്യും. അറിവ് പകര്‍ന്നു കൊടുക്കുന്ന വ്യക്തി മാത്രമല്ല, വിദ്യാര്‍ഥികളുടെ വഴികാട്ടിയും പ്രചോദകനും സുഹൃത്തുമായിരിക്കണം അധ്യാപകന്‍. ഓരോ കുട്ടിയുടെയും മനസ്സറിയുകയും പഠനത്തില്‍ നിന്ന് അകന്നുപോകുന്നവരെ തിരികെ കൊണ്ടുവരികയും ചെയ്യേണ്ട സാമൂഹിക ഉത്തരവാദിത്വം അധ്യാപകനുണ്ട്.എല്ലാ കുട്ടികളുടെയും മാനസികാവസ്ഥയും പഠനശേഷിയും ഒരേ പോലെയല്ല; വ്യത്യസ്തമാണ്. കൗമാരപ്രായത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, കുടുംബ പ്രശ്‌നങ്ങള്‍, അപകര്‍ഷത എന്നിവയെല്ലാം തിരിച്ചറിഞ്ഞ് അവരെ ചേര്‍ത്തുപിടിക്കാന്‍ അധ്യാപകര്‍ക്കാകണം. അതിനാവശ്യമായ മനശ്ശാസ്ത്രപരമായ പരിശീലനം, ആശയവിനിമയ നൈപുണ്യം, വിദ്യാര്‍ഥി കേന്ദ്രീകൃത അധ്യാപന രീതികള്‍ എന്നിവയില്‍ അധ്യാപകര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കേണ്ടത് സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. അതേസമയം എല്ലാ അധ്യാപകരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നത് നീതിയാകില്ല. മനശ്ശാസ്ത്രപരമായി ക്ലാസ്സെടുക്കാനറിയാവുന്ന, വിദ്യാര്‍ഥികളെ ക്ലാസ്സ് റൂമിലേക്ക് ആകര്‍ഷിപ്പിക്കുന്ന കഴിവുറ്റ അധ്യാപകരും നിരവധിയുണ്ട് വിദ്യാഭ്യാസ മേഖലയില്‍.കുട്ടികള്‍ ക്ലാസ്സില്‍ എത്തുന്നുണ്ടോ എന്നന്വേഷിക്കുന്നതിനൊപ്പം, അവര്‍ പഠന തത്പരരാണോ എന്ന ചോദ്യത്തിനും ഉത്തരം തേടേണ്ടതുണ്ട് രക്ഷിതാക്കള്‍. പഠനത്തില്‍ താത്പര്യം കാണിക്കാത്ത കുട്ടികളെ കുറ്റപ്പെടുത്തി മാനസികമായി കൂടുതല്‍ ക്ഷീണിപ്പിക്കാതെ അവരുടെ പഠനതാത്പര്യം നഷ്ടപ്പെടാന്‍ ഇടയാക്കിയ കാരണങ്ങളും സാമൂഹിക പരിസരങ്ങളും കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ജോലി നേടാനുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമാകരുത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.കുടുംബത്തിനും സമൂഹത്തിനും നാടിനും ഉപകാരപ്രദമായ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുക കൂടിയാകണം. ഇത് സാധ്യമാകണമെങ്കില്‍ സ്‌കൂള്‍ അന്തരീക്ഷം കുട്ടികള്‍ക്ക് സന്തോഷവും സന്തുഷ്ടിയും നല്‍കുന്ന ഇടമാകണം. വിദ്യാഭ്യാസത്തിന്റെ വിജയം പരീക്ഷകളിലെ എ പ്ലസുകാരുടെ എണ്ണത്തിലെ വര്‍ധനയിലല്ല, പഠനത്തില്‍ നിന്ന് ഒരു കുട്ടി പോലും അകന്നു പോകാത്ത സ്‌കൂള്‍ പരിസരം സൃഷ്ടിക്കുന്നതിലാണ്. ഇന്നത്തെ 704 നാളെ ആയിരങ്ങളായി വര്‍ധിക്കാതിരിക്കണമെങ്കില്‍ ബന്ധപ്പെട്ടവരുടെ സജീവ ഇടപെടല്‍ ആവശ്യമാണ്.