തൊഴിൽ വകുപ്പിന്റെ മുഖമായി മാറാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

Wait 5 sec.

തൊഴിൽ വകുപ്പിന്റെ മുഖമായി മാറാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.        കർമ മേഖലയിൽ മുൻവിധികളില്ലാതെ ഇടപെടാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. തൊഴിലാളികളുടെയോ തൊഴിൽ ദാതാക്കളുടെയോ താൽപര്യമല്ല മറിച്ച് പ്രശ്നത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി ഇടപെടുകയാണ് വേണ്ടത്. പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ അന്തിമ സംസ്ഥാന ലേബർ നിയമങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമോ എന്ന ഭയം നിലനിൽക്കുന്നുണ്ട്. പണ്ട് കംപ്യൂട്ടർ വന്നപ്പോഴും ഇതായിരുന്നു സാഹചര്യം. എന്നാൽ സാങ്കേതിക വിദ്യകൾ തുറന്നിട്ട വാതായനങ്ങളിലൂടെ നടക്കാൻ നമുക്ക് സാധിക്കണം.കേരള ഷോപ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം മുഴുവൻ സ്ഥാപനങ്ങളുടെയും രജിസ്ട്രഷൻ പുതുക്കൽ നടപടികൾക്ക് വേഗം കൂട്ടണം. സെപ്റ്റംബർ 15ന് വൈകിട്ട് 5ന് മുമ്പ് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും സെസ് കൃത്യമായി പിരിച്ചെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.അതിഥി തൊഴിലാളികളുടെ സ്ഥിതിവിവര കണക്കുകൾ കൃത്യമായി ശേഖരിക്കണം. അതിനായി പ്രത്യേക ഇടപെടൽ നടത്തണം. മറ്റു വകുപ്പുകളുടെ സഹായവും ഇക്കാര്യത്തിൽ തേടാം. തൊഴിലിട പരിശോധനകൾ മറ്റുള്ളവർക്ക് ഉപദ്രവം ആവുന്ന തരത്തിലാവരുത്. പരാതികളിൽ മുൻഗണന ക്രമം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.മാസ്‌കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ  ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, അഡീഷണൽ ലേബർ കമ്മീഷണർമാരായ ബിച്ചു ബാലൻ, എം.കെ. സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടു മുതൽ അഡീഷണൽ ലേബർ ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.