അടുത്തായി ദക്ഷിണേഷ്യയില്‍ പ്രതിധ്വനിക്കുന്ന ഒരു വാക്കാണ് ജെന്‍സി. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന യുവരോഷത്തെ അടയാളപ്പെടുത്തുന്നത് ജെന്‍സി എന്നാണ്. ഈ കൂട്ടായ്മയിലെ മിക്കവരും ജനിച്ചത് 1997ന് ശേഷമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ അധികാരികള്‍ക്ക് ഭരണം വിട്ട് ഓടേണ്ടിവന്നത് ജെന്‍സി പ്രക്ഷോഭങ്ങല്‍ കാരണമായിരുന്നല്ലോ. ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളും നേരിട്ടതു പോലുള്ള സാഹചര്യം ഇന്ത്യയിലില്ലെങ്കിലും അയല്‍ രാജ്യങ്ങളിലെ പ്രക്ഷോഭത്തിന്റെ ചിത്രം മോദി സര്‍ക്കാറിന്റെ മനസ്സിലുണ്ടാകാതിരിക്കില്ല. അത്തരം അന്തരീക്ഷം ആഗോളതലത്തില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്കും ഇന്ത്യന്‍ സര്‍ക്കാറിനും മങ്ങലേല്‍പ്പിക്കും. അത് നിക്ഷേപങ്ങളെയും അതുവഴി രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.ജന്തര്‍ മന്തറിലെ സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ജെന്‍സി കൈയൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരുന്ന നരേന്ദ്രമോദിക്കും ബി ജെ പിക്കും കനത്ത വില നല്‍കേണ്ടിവന്നിരിക്കുകയാണ്. കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) എന്ന പേരില്‍ സംഘടിച്ച യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് മറ്റു രാജ്യങ്ങളിലെ ജെന്‍സി സമരത്തിലെന്ന പോലെ ഇന്ത്യയില്‍ ഭരണമാറ്റത്തിന്റെ സാധ്യത ഇല്ലെങ്കിലും നീറ്റ് പരീക്ഷയുടെ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം വിജയം കണ്ടു. ധര്‍മേന്ദ്ര പ്രധാന്റെ രാജി മോദി സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി പലതവണ നിഷേധിച്ച മോദി സര്‍ക്കാറിന് അവസാനം മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധങ്ങളുടെ അപ്രതീക്ഷിതമായ വ്യാപ്തി മാറിച്ചിന്തിക്കുവാന്‍ മോദി സര്‍ക്കാറിനെ പ്രേരിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച സി ജെ പി തരംഗം രാജ്യമെമ്പാടും വ്യാപിച്ചത് അതിവേഗത്തിലായിരുന്നു. യുവ തലമുറയെ സംഘടിപ്പിക്കാനും പ്രചോദിപ്പിക്കാനും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് സി ജെ പി തെളിയിച്ചു. ഡല്‍ഹിക്ക് പുറമെ മുംബൈ, പൂനെ, കൊല്‍ക്കത്ത, ലഖ്‌നവ്, ജയ്പൂര്‍, ബെംഗളൂരു, ഹൈദരാബാദ്, പാട്ന എന്നീ വന്‍ നഗരങ്ങളിലും ദര്‍ഭംഗ, സിവാന്‍, ചപ്ര, ഔറംഗബാദ്, ജെഹനാബാദ്, ഷെയ്ഖ്പുര, തിരുവനന്തപുരം എന്നീ ചെറു നഗരങ്ങളിലും വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങി. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്ല് നടന്നുകൊണ്ടിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പുറത്തുനടക്കുന്ന യുവാക്കളുടെ സമരം ബില്ല് അവതരണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ഭയവും ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നില്‍ ഉണ്ടെന്ന് സംശയിക്കുന്നു. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെയും സി ജെ പി സമരം സ്വാധീനിച്ചേക്കാം. തമിഴ്നാട്ടില്‍ വിജയ് ജോസഫിന്റെ പാര്‍ട്ടിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നില്‍ ജെന്‍സി വോട്ടുകളായിരുന്നു.ഒന്നാമത്തെയും രണ്ടാമത്തെയും ഭരണത്തിനിടയില്‍ നരേന്ദ്ര മോദിക്ക് ഇതുപോലൊരു കീഴടങ്ങല്‍ നടത്തേണ്ടി വന്നിട്ടില്ല. ധര്‍മേന്ദ്രപ്രധാന്റെ രാജിയിലൂടെ ഉയരുന്ന ചോദ്യം, ജന്തര്‍ മന്തറില്‍ കണ്ടത് കേവലമൊരു യുവാക്കളുടെ കൂട്ടായ്മയാണോ അതല്ല രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണോ എന്നാണ്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരും അതില്‍ പങ്കെടുത്തവരും വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണെന്ന് അവരുടെ പ്രസംഗങ്ങളില്‍ നിന്നും സംസാരങ്ങളില്‍ നിന്നും വ്യക്തമാണ്. പെട്ടെന്ന് രാഷ്ട്രീയ ബദലിനുള്ള സാധ്യത ഇല്ലെങ്കിലും സി ജെ പി സമ്മര്‍ദ ഗ്രൂപ്പായി തുടര്‍ന്നേക്കാം.സി ജെ പി പരമ്പരാഗത രാഷ്ട്രീയത്തില്‍ നിന്നും ജാതി, മത വാദങ്ങളില്‍ നിന്നും അകലം പാലിച്ചും നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടാതെയുമാണ് വലിയ ദൗത്യവുമായി രാജ്യ തലസ്ഥാനത്ത് ഒത്തുകൂടിയത്. തുടക്കത്തില്‍ അകലം പാലിച്ച പ്രതിപക്ഷ നിരയിലെ ചില പാര്‍ട്ടികള്‍ക്ക് ഒടുവില്‍ സമരത്തില്‍ പങ്കെടുക്കേണ്ടി വന്നു. സി ജെ പി മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും മോദി സര്‍ക്കാര്‍ അംഗീകരിച്ചു എന്നതുകൊണ്ട് അഭിജിത്ദീപ്കെയു കൂട്ടരും സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കും എന്ന് കരുതാനാകില്ല. സി ജെ പിയുടെ സ്ഥാപക നേതാവ് അഭിജിത് ദീപ്കെ പറഞ്ഞത് ‘ഇതൊരു തുടക്കം മാത്രമാണ്, നമുക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്’ എന്നാണ്. ഇതിനു മുമ്പ് വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറിനും മന്ത്രിമാര്‍ക്കുമെതിരെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. കര്‍ഷക സമരം മാറ്റിവെച്ചാല്‍, മോദി സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ അത്തരം സമരങ്ങള്‍ കൊണ്ട് സാധിച്ചിരുന്നില്ല. നോട്ട് നിരോധനം, ജി എസ് ടി, തൊഴില്‍, നിയമന പരീക്ഷകള്‍, സി എ എ-എന്‍ ആര്‍ സി, എസ് ഐ ആര്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും യുവാക്കളും മോദി സര്‍ക്കാറിനെതിരെ തെരുവിലിറങ്ങുകയുണ്ടായി. ഈ സമരങ്ങളിലും പ്രധാനമന്ത്രിയോ മന്ത്രിമാരോ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഭീഷണിയായി കണ്ടില്ല. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍, ബി ജെ പി തിരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.മോദി സര്‍ക്കാറിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഏക മന്ത്രി എം ജെ അക്ബര്‍ മാത്രമാണ്. അക്ബറിന്റെ രാജി മോദി സര്‍ക്കാറിന്റെ നിലപാടുമായി ബന്ധപ്പെട്ടതായിരുന്നില്ല. അക്ബര്‍ രാജിവെച്ചത് ‘മീ ടൂ’ വിഷയത്തിലായിരുന്നു. ജൂണ്‍ 20ന് ജന്തര്‍ മന്തറില്‍ ആരംഭിച്ച സമരം രാജ്യത്ത് നടന്ന മുന്‍കാല പ്രതിഷേധ സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ജൂണ്‍ 20 മുതല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം പാര്‍ലിമെന്റ് മാര്‍ച്ചിലേക്ക് കടന്നതും പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടത്തിയതും പ്രക്ഷോഭത്തെ ശക്തിപ്പെടുത്തി. പോലീസിന്റെ കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജും പ്രക്ഷോഭകാരികളെ തളര്‍ത്തിയില്ല. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച ഗുണ്ടകള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉള്‍പ്പെട്ട ബഞ്ചിന്റെ പരിഗണനയിലാണ്. നാലാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും ഡല്‍ഹി പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെയും ഗുണ്ടകളുടെയും അക്രമങ്ങളെ ഭയക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം സമരം നടത്തിയാണ് ഇന്ദിരാ ഗാന്ധിയെ താഴെയിറക്കിയത്. എന്നാല്‍ ഇവിടെ, വെറും 36 ദിവസം കൊണ്ട് ലക്ഷ്യം നേടാന്‍ യുവാക്കളുടെ സമരങ്ങള്‍ക്ക് സാധിച്ചു.