അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റ് നടപടികളില്‍ വീഴ്ച വരുത്തി ജാമ്യത്തിന് വഴിയൊരുക്കിയ പോലീസ് നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ‘ആഭ്യന്തര വകുപ്പിനോട് വല്ല വൈരാഗ്യവുമുണ്ടോ? ആഭ്യന്തര വകുപ്പ് ഓപറേഷന്‍ തൂഫാന്‍ ഉള്‍പ്പെടെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഘട്ടത്തില്‍ അതിന്റെ ശോഭ കെടുത്താനാണോ ഇങ്ങനെ ചെയ്തത്? പോലീസ് വിചാരിച്ചാല്‍ ആരെയും ഉപദ്രവിക്കാമെന്ന ചിന്ത വേണ്ട’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ ഡിവൈ എസ് പി സുധീര്‍ കല്ലനോടിനെ കോടതി നിറുത്തി പൊരിച്ചു. അത്യപൂര്‍വമാണ് കോടതിയുടെ ഇത്തരമൊരു ഇടപെടല്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മുമ്പൊന്നും ഇത്ര കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചിട്ടില്ല.കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമായി മാറിയിരിക്കുകയാണ് ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത രീതി. സമൂഹത്തെ നടുക്കിയ സംഭവമായിരുന്നു നിതിന്‍രാജിന്റെ ആത്മഹത്യ. തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശിയായ നിതിന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അധ്യാപക അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണയും ജാതി അധിക്ഷേപ നിരോധ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി ഡോ. റാമിനെതിരെ കേസെടുത്തത്. മാത്രമല്ല, ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വേളയില്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രതിക്ക് അന്നു തന്നെ സുഗമമായി പുറത്തിറങ്ങാനായി.ഒരു കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍, അറസ്റ്റിനുള്ള കാരണം രേഖാമൂലം കൈമാറണമെന്നത് സുപ്രീം കോടതി നിര്‍ദേശമാണ്. ഡി കെ ബസു കേസ്, അര്‍ണേഷ് കുമാര്‍ കേസ് തുടങ്ങി പല വിധികളിലും പരമോന്നത കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാങ്കേതിക നടപടിയല്ല ഇത്, ഭരണഘടനാ അനുഛേദം 22 ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. വര്‍ഷങ്ങളായി സര്‍വീസിലിരിക്കുന്ന ഒരു പോലീസുദ്യോഗസ്ഥന് ഈ പ്രാഥമിക നിയമം അറിയാതിരിക്കാന്‍ സാധ്യതയില്ല. ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് തടഞ്ഞത്. പോലീസിന്റെ ഈ ‘വീഴ്ച’ പ്രതിക്ക് പെട്ടെന്ന് പുറത്തിറങ്ങാനുള്ള സഹായഹസ്തമാണോ എന്ന് കോടതി സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഇതു കൊണ്ടൊന്നും നിങ്ങള്‍ക്ക് ഒരു പ്രതിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല. പ്രതി രക്ഷപ്പെടണോ എന്ന് തീരുമാനിക്കുന്നത് കോടതികളാണ്. പോലീസ് അനാവശ്യ ഇടപെടലുകള്‍ നടത്തരുത്. നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക’ എന്നാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ ഡിവൈ എസ് പി സുധീറിനോട് പറഞ്ഞത്.കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാറിന് അന്വേഷണ സംഘത്തെ മാറ്റേണ്ടി വന്നു. കണ്ണൂര്‍ എസ് പിയെയും ഡിവൈ എസ് പിയെയും ചുമതലയില്‍ നിന്ന് ഒഴിവാക്കി മലപ്പുറം ക്രൈം ബ്രാഞ്ച് സംഘത്തിന് ചുമതല നല്‍കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. പുതിയ അന്വേഷണ സംഘം സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളിലേക്ക് കടന്നതോടെയാണ് മൂന്ന് മാസത്തോളം ഒളിവിലായിരുന്ന പ്രതിക്ക് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങേണ്ടി വന്നതും 14 ദിവസത്തേക്ക് റിമാന്‍ഡിലായതും. അതേസമയം അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ മാത്രം ഒതുങ്ങരുത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി. അറസ്റ്റില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. ബോധപൂര്‍വമായ നിയമലംഘനം തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഇല്ലെങ്കില്‍ ഭാവിയില്‍ ഇത്തരം ‘വീഴ്ച’കള്‍ ആവര്‍ത്തിക്കപ്പെടും.ജനാധിപത്യ സംവിധാനത്തില്‍ നിയമവാഴ്ചയുടെ സംരക്ഷകരായി പ്രവര്‍ത്തിക്കേണ്ട പോലീസും ഭരണകൂടവും അധികാര ദുര്‍വിനിയോഗത്തിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഡോ. റാമിന്റെ അറസ്റ്റ് വിഷയത്തില്‍ കോടതിക്ക് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കും പോലീസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ താക്കീതാണിത്. പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തന രീതിയില്‍ വ്യക്തമായ മാനദണ്ഡങ്ങളും നിയന്ത്രണവും അനിവാര്യമാണെന്ന വസ്തുതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ തത്ത്വം രാജ്യത്തെ നീതിവ്യവസ്ഥയുടെ അടിസ്ഥാനശിലയാണെന്ന് പറയാറുണ്ടെങ്കിലും പോലീസിലും ഭരണതലത്തിലും പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും സ്വാധീനമുള്ളവനും ഇല്ലാത്തവനും രണ്ട് നീതി എന്ന പരാതി വ്യാപകമാണ്. ഇതിനെ സാധൂകരിക്കുന്നതാണ് ഡോ. റാമിന്റെ അറസ്റ്റിലെ കളികള്‍. സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഒരു പ്രതിക്ക് അന്വേഷണോദ്യോഗസ്ഥരുടെ ‘വീഴ്ച’ കാരണം അറസ്റ്റിനു തൊട്ടുപിന്നാലെ തന്നെ മോചനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചത് യാദൃച്ഛികമായി വിലയിരുത്താനാകില്ല. നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിത്. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമത്തെ ദുര്‍ബലമാക്കുമ്പോള്‍, സാധാരണ പൗരന്‍ ആരില്‍ വിശ്വാസമര്‍പ്പിക്കുമെന്ന കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. പോലീസ് സേന വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ പാവപ്പെട്ടവനും പണക്കാരനും സ്വാധീനമുള്ളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവില്ലാതെ നിയമത്തെ മാനിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകേണ്ടതുണ്ട്.