ന്യൂഡല്‍ഹി | വിദ്യാര്‍ഥി സമരത്തെ നേരിടാന്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗില്‍ ഈ നിര്‍ദ്ദേശം വച്ചതിനു പിന്നാലെയാണ് അഭിജീത് ദിപ്‌കെയുടെ പ്രതികരണം.ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം. യുവാക്കളെ സ്വാധീനിക്കാന്‍ ഇന്‍സ്റ്റഗ്രാമാണ് ഏറ്റവും നല്ലത്, എല്ലാ മന്ത്രിമാരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകണം, ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യണം, ട്വിറ്ററില്‍ മാത്രമായി ഒതുങ്ങരുത്- ഇതാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി കണ്ടെത്തിയ പ്രശ്‌നപരിഹാരം എന്ന് അഭിജീത് ദിപ്‌കെ പരിഹസിച്ചു.കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി എന്നും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 10 ലക്ഷത്തിന്റെ വര്‍ധന ഒറ്റയടിക്ക് ഉണ്ടായതായും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. യുവതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എക്‌സ് പ്ലാറ്റ്ഫോമിനേക്കാള്‍ ഇന്‍സ്റ്റഗ്രാം ആണ് കൂടുതല്‍ ഫലപ്രദമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടു പറഞ്ഞു. വിവരങ്ങള്‍ പങ്കുവെക്കാന്‍ റീലുകളും തത്സമയ സംവാദങ്ങളും ചെയ്ത് പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.പിന്നാലെ പ്രധാനമന്ത്രി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി എത്തി. പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ ‘നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവര്‍ക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും. നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ’- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയില്‍ പറഞ്ഞത്. Content Highlights:Cockroach Janata Party leader Abhijit Dipke mocked PM Narendra Modi for advising ministers to post Instagram reels to connect with students amid exam leak protests. PM Modi noted reaching 102 million followers after a video release, emphasizing Instagram over X for youth engagement.