സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കാണാതായ ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.സമർദുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന ഹെഡ് റേസ് ടണലിനുള്ളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. സ്ഫോടനത്തെത്തുടർന്ന് തുരങ്കത്തിനുള്ളിൽ വിഷവാതകവും കനത്ത പുകയും നിറഞ്ഞത് സ്ഥിതി സങ്കീർണ്ണമാക്കി. അപകടസമയത്ത് 27 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേർ കരാർ കമ്പനിയായ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും ആറ് പേർ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമാണ്.നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF), എസ്.ഡി.ആർ.എഫ് (SDRF), ജില്ലാ പോലീസ്, ഫയർ സർവീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക സംഘവും അസൻസോളിൽ നിന്നുള്ള ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (ECL) സംഘവും തെരച്ചിലിൽ പങ്കുചേരുന്നുണ്ട്.ALSO READ: തിരിഞ്ഞു നോക്കിയില്ല; പ്രതിഷേധങ്ങളെ പാടെ അവഗണിച്ച് ധർമേന്ദ്ര പ്രധാനുമായി കൂടിക്കാ‍ഴ്ച; വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തി മന്ത്രി എൻ ഷംസുദ്ദീൻതുരങ്കത്തിനുള്ളിലെ ചെളിയും വെള്ളവും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്. കൂടാതെ, വിഷവാതകം ശ്വസിച്ച് ചില രക്ഷാപ്രവർത്തകർക്ക് ബോധക്ഷയവും തലകറക്കവും അനുഭവപ്പെട്ടത് തുടക്കത്തിൽ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. നിലവിൽ പ്രത്യേക ഗ്യാസ് പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് അറിയിച്ചു. നിർമ്മാണത്തിൽ എന്തെങ്കിലും തരത്തിലുള്ള അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്The post സിക്കിം നാംചി തുരങ്കം തകർന്നുണ്ടായ ദുരന്തം; മരണം 22, കാണാതായവരിൽ മലയാളിയും appeared first on Kairali News | Kairali News Live.