കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. 2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍. ചോദ്യം ചെയ്യാനായി പ്രശാന്തിനെ മെഡിക്കല്‍ പരിശോധനക്കു ശേഷം കൊല്ലം പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്നു.പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ് ഐ ടി റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് എസ് ഐ ടി കണ്ടെത്തല്‍.ഇവരുടെ പ്രവൃത്തികള്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് പിഎസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പി എസ് പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്ത് തെറ്റെന്ന് പിഎസ് പ്രശാന്ത് ചോദിച്ചു.അന്വേഷണം ഇഴഞ്ഞുപോകുന്നതില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ടെന്നു ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. കസ്റ്റഡി രാഷ്ട്രീയ പ്രേരിതം എന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. അന്വേഷണ പുരോഗതിയില്‍ കോടതിയില്‍ തൃപ്തി രേഖപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഈ മാസവും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സര്‍ക്കാറിന്റെ അസംതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. Content Highlights: SIT took former TDB president PS Prashanth into custody in the Sabarimala gold theft case. The team found evidence of criminal conspiracy, breach of trust, and forgery. Devaswom Minister K Muraleedharan stated the government expects a speedy filing of the charge sheet.