മനാമ: രാജ്യത്തെ വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനും അടിച്ചമർത്തൽ നയങ്ങൾ തുടരാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ബഹ്റൈനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ എൽ.ഡി.എഫ് ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു. നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ ഗുരുതര ക്രമക്കേടുകളും ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകർക്കുന്നതെന്ന് എൽ.ഡി.എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.നീറ്റ് പരീക്ഷയിലെ അനീതിയും ക്രമക്കേടുകളും കാരണം പതിനാലോളം വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ ഡൽഹി ജന്തർമന്ദിറിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസിനെയും രാഷ്ട്രീയ ഗുണ്ടകളെയും ഉപയോഗിച്ച് ക്രൂരമായി വേട്ടയാടിയ സംഭവം അതീവ പ്രതിഷേധാർഹമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കേണ്ട ഭരണകൂടം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു.വിദ്യാർഥിനികളോടും വനിതാ പ്രവർത്തകരോടും മാന്യതയ്ക്ക് നിരക്കാത്ത രീതിയിലാണ് പോലീസ് പെരുമാറിയത്. സമരങ്ങൾക്ക് പിന്തുണ അറിയിച്ചെത്തിയ സാമൂഹിക പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ബലപ്രയോഗത്തിലൂടെ തടയുകയും അപമാനിക്കുകയും ചെയ്ത നടപടികൾ ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ പോലീസ് ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എൽ.ഡി.എഫ് ശക്തമായി അപലപിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ നടന്ന അമിത ബലപ്രയോഗത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും സ്വതന്ത്ര അന്വേഷണം വേണം.വിദ്യാർഥികളുടെ ന്യായമായ അവകാശ പോരാട്ടങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ പ്രകാശ് രാജ്, വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, വേടൻ, രഞ്ജിനി ഹരിദാസ്, ഹൃത്വിക് റോഷൻ, ടൊവിനോ തോമസ്, ജോജു ജോർജ് തുടങ്ങിയ കലാ-സാംസ്കാരിക പ്രമുഖരെ എൽ.ഡി.എഫ് അഭിനന്ദിച്ചു. വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ പോരാട്ടങ്ങൾക്കും ഇന്ത്യയിലെ പൊരുതുന്ന യുവതയ്ക്കും ബഹ്റൈൻ എൽ.ഡി.എഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.The post വിദ്യാർഥി പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.