നമ്മൾ സഞ്ചരിക്കുന്ന കപ്പലിന് നമുക്കേറ്റവും പ്രിയപ്പെട്ടവർ ദ്വാരമിട്ടാൽ എന്ത് സംഭവിക്കും? കപ്പൽ മുങ്ങും, അല്ലാതെന്ത്? ദ്വാരം അപകടമുണ്ടാക്കുമെന്നതിൽ പ്രിയപ്പെട്ടവരെന്നോ അപ്രിയരെന്നോ വ്യത്യാസമില്ല.പർവതത്തിന്റെ ഉച്ചിയിൽ നൂഹ് നബി (അ) കപ്പലുണ്ടാക്കി. ഹ.. ഇവിടെയെന്തിനു കപ്പൽ എന്ന് പരിഹസിച്ചവർ നോക്കി നിൽക്കെ പ്രളയമിരമ്പി ഗ്രാമങ്ങളെ മുക്കി ജലം പർവതത്തോളമുയർന്നു. കപ്പലിൽ കയറി രക്ഷപ്പെടുന്ന വേളയിൽ ഏറെ സ്നേഹിച്ച് വളർത്തിയ മകൻ പ്രളയത്തിൽ കുരുങ്ങിയത് കണ്ട വത്സനായ പിതാവ് ആത്മഗതം ചെയ്യുന്നുണ്ട് “പടച്ചവനേ, എന്റെ മകൻ എന്റെ രക്തത്തിലല്ലേ ? എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമെങ്കിൽ അവനെ കൂടി…’ അതിനോട് അല്ലാഹു പ്രതികരിച്ചതാണ് ഈ ആത്മായനത്തിന്റെ കാതൽ “അല്ല ! അവൻ അങ്ങയുടെ കുടുംബാംഗമല്ലന്നേ’വിശ്വാസത്തിന്റെ കപ്പലിന് ദ്വാരമുണ്ടാക്കി നിങ്ങളെ കൂടി പ്രളയത്തിൽപ്പെടുത്താനേ അവനെ കൊണ്ടാവൂ എന്ന് സാരംസ്‌നേഹിതരേ..നാം ഏറ്റവും സ്നേഹിക്കുന്ന, താലോലിക്കുന്ന, പ്രണയിക്കുന്ന, ജീവനായി കണക്കാക്കുന്ന ചിലരൊക്കെ നമ്മുടെ ശത്രുക്കളാകാറുണ്ട്. നമ്മുടെ വിശ്വാസത്തെയും ഇസ്്ലാമിക ചിട്ടകളെയും ശിഥിലമാക്കാൻ ശ്രമിക്കുന്ന ചിലർ. കലാലയങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ അകത്തു കയറിയ പിശാചുക്കളെ ഉറ്റവരിലേക്കും അവർ പരത്തും. മതത്തെ വികൃതമാക്കുന്ന നവീന വാദങ്ങൾ, ദൈവ നിഷേധങ്ങൾ, സർവമത സത്യ വാദങ്ങൾ, ലിബറൽ ചിന്താഗതികൾ തുടങ്ങി നവംനവങ്ങളായ വൈറസുകൾ നമ്മുടെ അകതളങ്ങളിലെത്തുന്നു.മനുഷ്യനെ നന്മയിൽ നിന്ന് ലെഫ്റ്റടിപ്പിച്ച് തിന്മയിൽ ജോയിൻ ചെയ്യിപ്പിക്കുന്ന പണിയാണല്ലോ പിശാചിനുള്ളത്. കാലാനുസൃതമായി ആ പ്രവൃത്തി അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. പുതുമകൾ പലതും അവൻ പരീക്ഷിക്കും. മനുഷ്യർക്കിടയിൽ ശത്രുതയും സ്പർധയുമുണ്ടാക്കുന്നതവനാണ്. നേർക്കുനേർ കടന്നുവരാൻ കഴിയാത്തിടത്ത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അനുകമ്പയുടെയും രൂപത്തിൽ അവൻ കാര്യം സാധിക്കും.കൂട്ടരേ..പ്രത്യക്ഷത്തിൽ ശത്രുവെന്ന് അറിയാവുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ സമ്പത്തും ശരീരവും നശിപ്പിക്കുന്നവർ, നമ്മുടെ അസ്‌തിത്വം ചോദ്യം ചെയ്യുന്നവർ, നമുക്കെതിരെ പട നീക്കം നടത്തുന്നവർ അങ്ങനെയങ്ങനെ പലരുമുണ്ട്. അത്തരം ആപത്തുകളെ നമ്മൾ മുന്നേ കാണുന്നു, പ്രതിരോധ നടപടികൾ നേരത്തെ തന്നെ ചെയ്യുന്നു. എന്നാൽ, ഇതേക്കാൾ അപകടകാരികൾ നമ്മുടെ അകത്തെ ശത്രുക്കളാണ്. നമ്മെ സ്‌നേഹിച്ച് വിധേയപ്പെട്ട്, നമ്മുടെ സംരക്ഷണം അനുഭവിച്ച് കഴിയുന്ന ചിലർ. ഇണകളാകാം സന്താനങ്ങളാകാം മാതാപിതാക്കളാകാം. അവരിലെ ശത്രുവിനെ കാണുക ക്ലേശകരമായ കാര്യമായിരിക്കും.നമ്മുടെ കൂട്ടത്തിൽ ഉറ്റവരുടെ തൃപ്‌തിക്കു വേണ്ടി ആദർശം മാറുന്നവരും മതത്തിന്റെ നിർദേശങ്ങളെ മാറ്റി നിർത്തുന്നവരുമുണ്ട്. ബിസിനസ്സും സമ്പാദ്യവും കുലമഹിമയും മാത്രം മാനദണ്ഡമാക്കി വിവാഹ ബന്ധങ്ങളുണ്ടാക്കുന്നവരുണ്ട്. മതവും വിശ്വാസവും അവർക്ക് രണ്ടാം കിടയാണ്. ശത്രുക്കളെ വിലയ്ക്കു വാങ്ങുന്നതിന് സമാനമാണിതെല്ലാം. ജീവിതാസ്വാദനവും ഭൗതിക മോഹവും മുൻഗണനയായി വരുന്നു എന്നതാണിതിന് കാരണം. പക്ഷേ, ജീവിതത്തിന്റെ സമാധാനവും സ്വസ്ഥതയും നഷ്‌ടപ്പെടുത്തുകയാണ് യഥാർഥത്തിലിവർ. എല്ലാറ്റിനെക്കാളും അല്ലാഹുവും റസൂലും വലുതാകുമ്പോഴാണല്ലോ വിശ്വാസം പൂർണമാകുന്നത്. ഈ അച്ചുതണ്ടിലല്ലാത്ത ഒരു ചലനവുമവനില്ല.ശിഥില ചിന്താഗതികൾ രക്തബന്ധുക്കളിൽ നിന്നും ഉറ്റ സുഹൃത്തുക്കളിൽ നിന്നും പിഴുതുമാറ്റണം. സാധ്യമല്ലെങ്കിൽ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തണം. ആശയപ്പൊരുത്തമില്ലാത്ത ഭർത്താവിനെ തിരുത്താൻ ആസിയ ബീവി(റ) ഏറെ ശ്രമിച്ചതാണ്. ആഢ്യത്വം കൊണ്ട് തന്റെ ഭാര്യയെ മെരുക്കാമെന്ന് വ്യാമോഹിച്ച ഫറോവയ്ക്ക് മുന്നിൽ മഹതി മുട്ടുമടക്കിയില്ല. ഭർത്താവിന്റെയോ അധികാരത്തിന്റെയോ പ്രലോഭനങ്ങൾ അവരെ ബാധിച്ചതേയില്ല. മർദനവും പീഡനങ്ങളും അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ സ്വർഗീയാരാമത്തിൽ സ്ത്രീ ജനങ്ങളുടെ മാതൃകാ നേതൃത്വമായി വിശുദ്ധയായ ആസിയ (റ) ഉണ്ടാകും.വിശുദ്ധ ഖുർആൻ നമ്മെ ഈ കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്.“സത്യവിശ്വാസികളേ, നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്. അവരെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ മാപ്പ് നൽകുകയും വിട്ടു വീഴ്ച ചെയ്യുകയും പൊറുക്കുകയും ചെയ്യുന്നെങ്കിൽ നിശ്ചയം, അല്ലാഹു കൃപാലുവും പൊറുക്കുന്നവനുമാണ്. നിശ്ചയം, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണമാണ്. അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലമുണ്ട് ‘. (സൂറ: തഗാബുൻ 14, 15)ഇണകളിലും സന്താനങ്ങളിലുമുള്ള ഇത്തരം പുഴുക്കുത്തുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. കുടുംബത്തെ കലഹത്തിലേക്ക് നയിക്കണമെന്നല്ല. കൂടുതൽ അപകടകാരിയാവുന്ന ആശയ വ്യതിയാനങ്ങളും മറ്റു പൈശാചിക ബോധനങ്ങളും പരിഹരിച്ചാലേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാവൂ. വികല ചിന്താഗതിക്കാരോടൊപ്പമുള്ള സഹവാസവും തൊഴിലും പഠനവും ഇത്തരമൊരു അപകടത്തിലേക്കുള്ളപാലം പണിയലാണ്. കണ്ണു വേണം ഇരുപുറമെപ്പഴും.Content Highlights:This article discusses the importance of safeguarding faith and moral values within families from modern corrupting influences. Drawing from Quranic stories like Prophet Nuh and Aasiya, it highlights vigilance against ideological deviations while maintaining compassion, patience, and strong spiritual boundaries.