ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരളം ഒരിക്കലും മറക്കില്ല: വി എസിനെ അനുസ്മരിച്ച് കെ കെ ശൈലജ

Wait 5 sec.

കേരളത്തിന്റെ ജനപ്രിയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സ്മരണാദിനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തെ അനുസ്മരിച്ച് മുൻ മന്ത്രി കെ.കെ. ശൈലജ. വി.എസ്സിന്റെ ജന്മനാടായ ആലപ്പുഴയിലും കേരളത്തിന്റെ ഇതര ഭാഗങ്ങളിലും വിപുലമായ പരിപാടികളിലൂടെ ജനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഓർമ്മിക്കുകയാണ് എന്ന് കെ.കെ. ശൈലജ പറഞ്ഞു.വളരെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച വി.എസ്സിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെ ചെറിയ പ്രായത്തിൽ തന്നെ തയ്യൽ കടയിലും കയർ തൊഴിലാളികൾക്കൊപ്പവും അദ്ദേഹം ജോലി ചെയ്തു. ഈ അനുഭവങ്ങളാണ് അദ്ദേഹത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട പുത്രനാക്കി മാറ്റിയത്. 1940-ൽ, വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1964-ൽ സി.പി.ഐ(എം) രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ്.ജന്മിത്വത്തിനെതിരെയും സർ സി.പി.യുടെ ഭരണത്തിനെതിരെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ ആവേശം നൽകുന്ന ഒന്നാണ്. പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി ഒളിവിൽ പോയ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ വെച്ച് അതിക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. ഈ പീഡനങ്ങളൊന്നും അദ്ദേഹത്തിന്റെ വിപ്ലവ വീര്യത്തെ തളർത്തിയില്ല.ALSO READ: വി.എസിന്റെ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും കരുത്ത്: ടി.പി. രാമകൃഷ്ണൻകേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ വി.എസ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ച് ഭൂമാഫിയയ്ക്കും കുടിവെള്ള മാഫിയയ്ക്കും എതിരെ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ കേരളം ഒരിക്കലും മറക്കില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം എപ്പോഴും ശക്തമായ നേതൃത്വമായി നിലകൊണ്ടു.ഭരണപരിഷ്കാര കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകരിക്കുന്നതിന് വി.എസ് മുൻകൈയെടുത്തു എന്ന് കെ.കെ. ശൈലജ ഓർമ്മിപ്പിച്ചു. ഉയർന്ന അക്കാദമിക് ബിരുദങ്ങളില്ലാതെ തന്നെ ഏത് വലിയ ഉത്തരവാദിത്തവും മികവോടെ നിർവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. സഖാവ് വി.എസ് ഉയർത്തിപ്പിടിച്ച വിപ്ലവ മൂല്യങ്ങളും അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി.The post ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരളം ഒരിക്കലും മറക്കില്ല: വി എസിനെ അനുസ്മരിച്ച് കെ കെ ശൈലജ appeared first on Kairali News | Kairali News Live.